Connect with us

Sports

മോയസിന്റെ യുനൈറ്റഡിന് ആദ്യ ജയം

Published

|

Last Updated

സിഡ്‌നി: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കോച്ച് ഡേവിഡ് മോയസിന് ആദ്യ ജയം. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന പരിശീലന മത്സരത്തില്‍ എ ലീഗ് ആള്‍ സ്റ്റാര്‍ ടീമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍ത്തു. കഴിഞ്ഞാഴ്ച തായ്‌ലന്‍ഡ് ടീമിനോട് തോറ്റു കൊണ്ടായിരുന്നു യുനൈറ്റഡില്‍ മോയസിന്റെ അരങ്ങേറ്റം. ഡാനി വെര്‍ബെക്കും ജെസി ലിന്‍ഗാര്‍ഡും ഇരട്ടഗോളുകളോടെ തിളങ്ങിയപ്പോള്‍ ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍ പഴ്‌സി യുനൈറ്റഡിന്റെ ഗോളടി പൂര്‍ത്തിയാക്കി.
രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിലായിരുന്നു വാന്‍ പഴ്‌സിയെ മോയസ് കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ഡച്ച് താരം ഇറങ്ങിയിരുന്നില്ല. വിംഗില്‍ ആക്രമിച്ചു കളിച്ച വില്‍ഫ്രഡ് സാഹയുടെ പ്രകടനം മോയസിന് ഏറെ സംതൃപ്തി നല്‍കി. വെയിന്‍ റൂണിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നിരിക്കെ സാഹയെ പോലുള്ളവര്‍ യുനൈറ്റഡിന് പുതിയ ചോയ്‌സാണ്. പരുക്ക് കാരണം പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായ റൂണിക്ക് സീസണിന്റെ തുടക്കവും നഷ്ടമായേക്കും. സാഹക്ക് ആദ്യലൈനപ്പില്‍ സ്ഥാനം ലഭിക്കാനുള്ള സാഹചര്യം ഇപ്പോള്‍ യുനൈറ്റഡിലുണ്ട്.പതിനൊന്നാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍, വെല്‍ബെക്കിന്റെ പാസില്‍ ലിന്‍ഗാര്‍ഡിന്റെ സ്‌കോറിംഗ്. ഇരുപതുകാരന്റെ ആദ്യ യുനൈറ്റഡ് ഗോള്‍. മുപ്പത്തിനാലാം മിനുട്ടില്‍ വെല്‍ബെക്കിലൂടെ ലീഡ് ഇരട്ടിയാക്കി. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനായി രണ്ട് ഗോളുകള്‍ മാത്രമാണ് വെല്‍ബെക്ക് നേടിയത്. അമ്പത്തിരണ്ടാം മിനുട്ടില്‍ ബെറിഷയിലൂടെ ഹോം ടീം ഒരു ഗോള്‍ മടക്കി. ലിന്‍ഗാര്‍ഡിന്റെ രണ്ടാം ഗോള്‍ തകര്‍പ്പനായിരുന്നു. പന്ത് ഡ്രാഗ് ചെയ്ത ലിന്‍ഗാര്‍ഡ് വലങ്കാലനടിയില്‍ വലകുലുക്കി. ഹെഡറിലൂടെയാണ് വെല്‍ബെക്കിന്റെ രണ്ടാം ഗോള്‍. റിയാന്‍ ഗിഗ്‌സിന് പകരമെത്തിയ വാന്‍ പഴ്‌സി എണ്‍പത്തേഴാം മിനുട്ടില്‍ പട്ടിക തികച്ചു.