ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചേക്കും

Posted on: July 21, 2013 2:32 am | Last updated: July 21, 2013 at 2:32 am

_68855277_017782572-1ജറൂസലം: ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നു. ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് തടവുകാരെ മോചിപ്പിക്കുന്നത്. ശക്തമായ കുറ്റങ്ങള്‍ ചുമത്തി ദശാബ്ദങ്ങളോളം തടവില്‍ കഴിയുന്നവരും മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുമെന്ന് അന്താരാഷ്ട്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി യുവാല്‍ സ്റ്റെയ്ന്റ്‌സ് പറഞ്ഞു.
അടുത്ത ആഴ്ചയോടെ സമാധാന ചര്‍ച്ചകള്‍ക്ക് വാഷിംഗ്ടണില്‍ തുടക്കമാകുമെന്നാണ് ജോണ്‍ കെറി അറിയിച്ചത്. നാല് മാസങ്ങള്‍ക്ക് മുമ്പ് കെറി നടത്തിയ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നതിനുള്ള ധാരണയിലെത്തിയത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ചകള്‍ക്കായുള്ള ഉടമ്പടി അംഗീകരിച്ചതായി ദേശീയ റേഡിയോയില്‍ സ്റ്റെയ്ന്റ്‌സ് പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും തടവുകാരെ മോചിപ്പിക്കുന്നത്.
എന്നാല്‍, എത്ര തടവുകാരെയാണ് മോചിപ്പിക്കുക എന്നത് വ്യക്തമല്ല. മാസങ്ങളായി തടവില്‍ കഴിയുന്ന 350 ഫലസ്തീന്‍ പൗരന്മാരെ മോചിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതില്‍ 1993ന് മുമ്പ് തടവിലായ നൂറ് പേരും ഉള്‍പ്പെടും. 4,817 ഫലസ്തീന്‍ പൗരന്മാര്‍ ഇസ്‌റാഈല്‍ ജയിലിലുണ്ടെന്നാണ് ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടന പറയുന്നത്.
ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ നിരവധി ഉപാധികള്‍ ഫലസ്തീന്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കൈയേറിയ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറൂസലമിലും കുടിയേറ്റം നിര്‍ത്തിവെക്കണമെന്ന ഉപാധി അംഗീകരിക്കാന്‍ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. 2010ലാണ് നേരത്തെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയത്. ഇസ്‌റാഈല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമവിരുദ്ധമാണ്. എന്നാല്‍, ഇതിനെ ന്യായീകരിക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്.
അതിര്‍ത്തി വിഷയവും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ സുപ്രധാന വിഷയമാകും. 1967ലെ വെടിനിര്‍ത്തലിന് മുമ്പുള്ള അതിര്‍ത്തി ഇസ്‌റാഈല്‍ പരിഗണിക്കണമെന്നാണ് ഫലസ്തീനിന്റെ ആവശ്യം. എന്നാല്‍, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാറിലെ വലത് വിഭാഗം നേതാക്കള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.