റഷ്യന്‍ പ്രതിപക്ഷ നേതാവിനെ വിട്ടയച്ചു

Posted on: July 20, 2013 12:54 am | Last updated: July 20, 2013 at 12:54 am

Alexei Navalnyകിറോവ്: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയെ റഷ്യ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് മോഷണ കുറ്റം ചുമത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കോടതി അദ്ദേഹത്തിന് അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം കിറോവിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. നവാല്‍നിക്കെതിരെയുള്ള ശിക്ഷ രാഷ്ട്രീയപ്രേരിതമാണെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനിടെയാണ് റഷ്യ അദ്ദേഹത്തെ വിട്ടയച്ചത്. 2000 ല്‍ പുടിന്‍ സ്ഥാനമേറ്റത് മുതല്‍ അദ്ദേഹത്തിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് നവാല്‍നിയാണ്. അഞ്ച് വര്‍ഷത്തേക്ക് തടവ് വിധിക്കപ്പെട്ടത് 2018 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള നവല്‍നിയുടെ നീക്കത്തിന് തിരിച്ചടിയായിരുന്നു. പ്രതിപക്ഷനേതാവിനെ മോഷണ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ ലോക രാജ്യങ്ങളും വിമര്‍ശിച്ചതോടെയാണ് റഷ്യ നവല്‍നിയെ മോചിപ്പിച്ചത്. നവല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത കൂറ്റന്‍ റാലിയും നടന്നിരുന്നു.
പുടിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നവല്‍നിയുടെ ജനസമ്മിതി വര്‍ധിച്ചതോടെയാണ് ഇദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്നാണ് പ്രതിഷേധക്കാരുടെ വാദം. വ്യാഴാഴ്ച രാത്രി മുതല്‍ മോസ്‌കോയിലടക്കം തെരുവുകളില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമാണ് അരങ്ങേറിയത്. ജനങ്ങളാണ് അവരുടെ വിധി എഴുതുന്നതെന്ന് അലക്‌സി നവാല്‍നി പറഞ്ഞു. തനിക്കെതിരെയുള്ള വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.