‘പറക്കമുറ്റാത്ത മക്കളെയും കൊണ്ട് ഞാന്‍ ഇനി എങ്ങോട്ട് പോവും’

Posted on: July 17, 2013 8:30 pm | Last updated: July 17, 2013 at 9:10 pm

ദുബൈ:’ഞങ്ങള്‍ക്ക് വീടില്ല, കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ പണമില്ല, തലചായ്ക്കാന്‍ വീടുപോലുമില്ലാത്ത ഞാന്‍ ഈ പറക്കമുറ്റാത്ത മക്കളെയും കൊണ്ട് എങ്ങോട്ടാണ് പോവുക. ജോര്‍ദാനിയായ പിതാവ് പീഡിപ്പിച്ച അഞ്ച് പെണ്‍കുട്ടികളുടെ മാതാവിന്റെ വാക്കുകളാണിത്.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ ദിനപത്രത്തിന്റെ ലേഖികക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പാവപ്പെട്ട കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ കഴിഞ്ഞ 18 വര്‍ഷക്കാലം പീഡനങ്ങള്‍ സഹിച്ച് കഴിഞ്ഞ് കൂടി. പോകാന്‍ മറ്റൊരിടം ഇല്ലാതിരുന്നതാണ് ഇക്കാലമത്രയും നിശബ്ദം എല്ലാം സഹിച്ചത്. ആണ്‍കുട്ടിയെ പ്രസവിച്ചില്ലെന്ന കാരണത്താലായിരുന്നു എന്നെയും മക്കളെയും ഭര്‍ത്താവ് പീഡിപ്പിച്ചത്. ഒടുവില്‍ സഹികെട്ട് വിവാഹമോചനം നേടുകയായിരുന്നു. പിന്നീട് കുട്ടികളുമായി സ്വദേശമായ ജോര്‍ദാനിലേക്ക് മടങ്ങി. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും നല്‍കാന്‍ കഴിവില്ലാത്തതിനാലായിരുന്നു വീണ്ടും പിതാവിനരുകിലേക്ക് അവരെ അയച്ചത്. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുമെന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിതാവും സഹോദരിമാരും നിരന്തരം നടത്തുന്ന പീഡനങ്ങളെക്കുറിച്ച് കുട്ടികള്‍ കണ്ണീരോടെ വെളിപ്പെടുത്തിയപ്പോള്‍ കുട്ടികളെ അയച്ചത് വലിയ അബദ്ധമായെന്ന് ബോധ്യമായി. പേര് വെളിപ്പെടുത്താനും ക്യാമറക്ക് മുന്നില്‍ വരാനും താല്‍പര്യമില്ലാത്ത 33 കാരിയായ ഹതഭാഗ്യയായ ആ മാതാവ് ഗദ്ഗദങ്ങള്‍ക്കിടയില്‍ വ്യക്തമാക്കി.
10, 11, 14, 15, 16 വസയുള്ള കുട്ടികളെയാണ് ജയില്‍ വാര്‍ഡനായ പിതാവ് പീഡിപ്പിച്ചത്. പരിഷ്‌കൃത സമൂഹം ലജ്ജിക്കുന്ന രീതിയിലുള്ള പീഡനമുറകളാണ് സ്വന്തം മക്കളോട് ചെയ്തതെന്നും ഇവര്‍ കണ്ണീരിനിടയില്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ കൈകളിലും കാലുകളിലുമെല്ലാം ക്രൂരമായ പീഡനത്തിന്റെ ബാക്കിപത്രമായി വൃണങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
മാതാവിനെ വിളിക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയാനായി ഉടുവസ്ത്രം അഴിച്ച് നഗ്നരാക്കി നിര്‍ത്തി അടിക്കടി പരിശോധന നടത്തിയിരുന്നതായി അഞ്ച് കുട്ടികളും വെളിപ്പെടുത്തി. പെണ്‍കുട്ടികളുടെ തല മതിലിലും തറയിലും ഇടിച്ച് മുറിവേല്‍പ്പിക്കുക, സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊള്ളിക്കുക, മൂക്കിന് ഇടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുക തുടങ്ങിയ പീഡനമുറകളാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് കുട്ടികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പിതാവിന്റെ സഹോദരിമാരായിരുന്നു ഇത്തരം പീഡനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. വീട്ടില്‍ തടവ് പുള്ളികളോടെന്ന പോലെയാണ് മക്കളോടും തന്നോടും പെരുമാറിയതെന്നും അന്വേഷണ സംഘത്തിന് മാതാവ് മൊഴി നല്‍കിയിരുന്നു. മനുഷ്യന്റേതായ യാതൊരു ഗുണവും ഭര്‍ത്താവില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
അജ്മാന്‍ പോലീസിന്റെ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനകളില്‍ കുട്ടികളുടെ ദേഹത്ത് വിവിധ തരത്തിലുള്ള പീഡനത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. വിശുദ്ധ റമസാനിന്റെ പുണ്യം കരസ്ഥമാക്കാന്‍ നിരവധി സഹായ ഹസ്തങ്ങളുമായി നീങ്ങുന്നവരില്‍ ആരെങ്കിലും തന്റെയും മക്കളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഈ സ്ത്രീ.