ടി പി കൊല്ലപ്പെട്ട സ്ഥലത്ത് ബോംബ് നിര്‍മിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയെന്ന് അന്വേഷണോദ്യോഗസ്ഥന്‍

Posted on: July 17, 2013 12:56 am | Last updated: July 17, 2013 at 12:56 am

കോഴിക്കോട്:ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന മാരക രാസവസ്തുക്കള്‍ അടങ്ങിയതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘാംഗം ഡി വൈ എസ് പി. കെ വി സന്തോഷ്. ടി പി കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് ഫോറന്‍സിക് അസിസ്റ്റന്‍ഡ് രമ്യയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചത്. ഇവിടെ നിന്ന് കണ്ടെടുത്ത കടലാസ് തുണ്ടുകള്‍, കരിങ്കല്‍ ചീളുകള്‍, ചാരം എന്നിവയില്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം, സള്‍ഫര്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയതായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. എം കെ അജിത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ഡി വൈ എസ് പി. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ മൊഴി നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറാം പ്രതി അണ്ണന്‍ സിജിത്തിന് കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയ വാഹനം ഓടിച്ചതിനാണ് 76-ാം പ്രതി ധനീഷിനെ അസ്റ്റ് ചെയ്തത്.
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 26-ാം പ്രതിയുമായ കാരായി രാജന്റെ വാഹനത്തിലാണ് ധനീഷ,് സിജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇത് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാരായി രാജനെ കൂത്തുപറമ്പ് ആശുപത്രിയില്‍ കണ്ടതായി പ്രോസിക്യൂഷന്‍ 157-ാം സാക്ഷി ഷിനോജ് താട്ടിയോട്ടില്‍ മൊഴി നല്‍കിയിരുന്നു.
കാരായി രാജന്‍ സഞ്ചരിച്ച കാറില്‍ െ്രെഡവറെ കൂടാതെ വലത് കൈയില്‍ ടവ്വല്‍ പൊതിഞ്ഞ, തടിച്ച ഒരാളും ഉണ്ടായിരുന്നുവെന്നും അന്ന് ആശുപത്രിയില്‍ കണ്ട ആള്‍ കേസിലെ ആറാം പ്രതി അണ്ണന്‍ സിജിത്തായിരുന്നുവെന്നുമായിരുന്നു ഷിനോജിന്റെ മൊഴി. എന്നാല്‍ വിചാരണ കോടതിയില്‍ ഇയാള്‍ കൂറുമാറിയതായും ഡി വൈ എസ് പി പറഞ്ഞു.
കൊലപാതക സംഘാംഗങ്ങളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ കൂത്തുപറമ്പ് സി പി എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് 70-ാം പ്രതി കെ ധനഞ്ജയനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 18ന് ഉച്ചക്ക് 12ന് വടകര എസ് ഐ ടി ഓഫീസില്‍ വെച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടി പി യുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കുമ്പോള്‍ എടുത്ത ഫോട്ടോയും ദൃശ്യങ്ങളടങ്ങിയ സി ഡിയും പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ എടുത്ത വീഡിയോഗ്രാഫും ഡോ. സുജിത് നാരായണനില്‍ നിന്ന് കഴിഞ്ഞ ആഗസ്റ്റ് ഏഴിന് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.