Connect with us

Wayanad

ജില്ലാ ആശുപത്രി പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ വീണ്ടും അവതാളത്തിലായി. ആശുപത്രിയില്‍ അത്യാന്താപേക്ഷിതമായ ജീവന്‍ രക്ഷാ ഉപകരണമായ വെന്റിലേറ്ററുകളില്‍ ആകെയുള്ള മൂന്നെണ്ണവും പ്രവര്‍ത്തനരഹിതമായി.
ശ്വാസ കോശ സംബന്ധമായ രോഗികള്‍ക്ക് കൃത്രിമ ശ്വാസം നല്‍കുവാനും ശ്വാസ തടസ്സം നേരിടുന്ന രോഗികള്‍ക്ക് ശരിയായ വിധം ശ്വസിക്കാനും ശസ്ത്രക്രിയകളുടെ സമയത്ത് അനസ്‌തേഷ്യ പോലുള്ള മരുന്നുകളുടെ പ്രവര്‍ത്തനത്താല്‍ അപകടനിലകളിലേക്ക് പോകുമ്പോള്‍ രോഗികളെ സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്താക്കുന്നതിനുള്‍പ്പെടെ വിവിധ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട വെന്റിലേറ്ററുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.
ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ മൂര്‍ഛിച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ മരണത്തിന് കീഴ്‌പ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നവരുടെ ജീവനും ഇതോടെ അനിശ്ചിതത്വത്തിലാണ്. മെഡിക്കല്‍ കോളജോ മറ്റ് യാതൊരു വിധ ആധുനിക സംവിധാനങ്ങളോ ഇല്ലാത്ത ജില്ലാ ആശുപത്രിയില്‍ നിന്ന് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കാന്‍ ആകെയുള്ളത് രണ്ട് ആംബുലന്‍ന്‍സുകള്‍ മാത്രം. ഇതില്‍ ഒന്നു മാത്രമാണ് ചുരമിറങ്ങാന്‍ പര്യാപ്തമായിട്ടുള്ളത്. ആകെ അഞ്ച് ആംബുലന്‍സുകളാണ് ആശുപത്രിയിലുള്ളത്. പ്രവര്‍ത്തന രഹിതമായി കട്ടപ്പുറത്ത് ഇരിക്കുന്ന ആംബുലന്‍സുകളുടെ റിപ്പയറിംഗ് ജോലികള്‍ക്കായി 4,26112 രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത്. ഇത് സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
ജീവന്‍ രക്ഷാ മരുന്നുകളും ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ല. ശസ്ത്രകിയയുമായി ബന്ധപ്പെട്ട് മുറിവുകള്‍ തുന്നിക്കെട്ടുന്നതിനാവശ്യമായ ഒന്നും തന്നെ ലഭ്യമല്ല. നാലായിരത്തിലേറെ പേര്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ പേ വാര്‍ഡുകളില്‍ ഒഴികെ മറ്റൊരു വാര്‍ഡിലോ ബ്ലോക്കിലോ ബാത്ത് റൂമുകള്‍ ഇല്ല. ആകെ 81 ചവറ്റ് കൊട്ടകള്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും 10 കുട്ടകള്‍ പോലും ലഭ്യമല്ല. മുന്‍ കെ എസ് യു പ്രവര്‍ത്തകന്‍ അഡ്വ പി ആര്‍ ശ്രീജിത്ത് നല്‍കിയ വിവരാവകാശത്തിനുള്ള മറുപടിയിലാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന രീതിയില്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്.

Latest