റഹീം നബിക്ക് നോമ്പ് കളിക്കളത്തില്‍ കരുത്തേകുന്നു

Posted on: July 15, 2013 7:46 am | Last updated: July 15, 2013 at 7:46 am

raheem nabiറമസാനില്‍ ഹുസൈനിയ്യ മസ്ജിദിലെ സ്ഥിരം സാന്നിധ്യമാണ് റഹീം നബി. പതിനൊന്ന് മാസങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് റഹീം നബിക്ക് റമസാന്‍. അതിന് പ്രത്യേക മുന്നൊരുക്കങ്ങളും ജീവിത ക്രമീകരണങ്ങളുമുണ്ട്. ചെറുപ്പം മുതലുള്ള ശീലം ഇന്ത്യന്‍ ടീമിന്റെ കുപ്പായമണിഞ്ഞിട്ടും റഹീം നബിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 2004 മുതല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ് സയ്യിദ് റഹീം നബി.
കളിയുണ്ടെങ്കിലും ഇല്ലെങ്കിലും മണിക്കൂറുകളോളമുള്ള പരിശീലനമാണ് റഹീം നബിയുടെ കരുത്ത്. കൊല്‍ക്കത്ത മോഹന്‍ബഗാന്‍ മൈതാനിയാണ് റഹീം നബിയുടേയും കൂട്ടുകാരുടേയും വാം അപ്പ് വേദി. പുലര്‍ച്ചെ ഗ്രൗണ്ടിലെത്തും. വിശ്രമമില്ലാത്ത പരിശീലനത്തിനൊടുവില്‍ വിയര്‍ത്തുകുളിച്ച് മടങ്ങും. പിന്നെ വൈകുന്നേരം നാല് മണിയോടെ ഗ്രൗണ്ടിലെത്തും. റമസാന്‍ തുടങ്ങിയതോടെ വൈകുന്നേരത്തെ പരിശീലനം റഹീം നബി നേരത്തെ അവസാനിപ്പിക്കും. മഗ്‌രിബ് ബാങ്കിന് മുമ്പ് കൊല്‍ക്കത്തയിലെ ബിയോജ് ഘട്ടിലെ ഫഌറ്റില്‍ മടങ്ങിയെത്തണം. റൊട്ടിയും ചാവലും പഴങ്ങളും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാക്കി ഭാര്യ സമക്കൊപ്പം നോമ്പ് തുറക്കണം. പിന്നെ മജൂംദാര്‍ റോഡിലെ ഹുസൈനിയ്യ മസ്ജിദില്‍ പ്രാര്‍ഥനക്കെത്തണം.
ബംഗാളിലെ ഹുഗ്ലി പാണ്ടുവ സ്വദേശിയായ ഈ സൂപ്പര്‍ താരത്തെ കളിയുടെ ബാലപാഠവും മതകാര്യങ്ങളും പഠിപ്പിച്ചത് ഫുട്‌ബോള്‍ താരം തന്നെയായ ജ്യേഷ്ഠന്‍ സയ്യിദ് അലീം നബിയാണ്. ജ്യേഷ്ഠനെ കണ്ടാണ് റഹീംനബി കളിയും ജീവിതവും പഠിച്ചത്. റമസാനാണെങ്കില്‍ റഹീം നബി നോമ്പ് പിടിക്കും. നോമ്പുകാരനായി ഗ്രൗണ്ടിലിറങ്ങുമ്പോള്‍ കൂടുതല്‍ കരുത്തനാകുന്നതാണ് റഹീം നബിയുടെ അനുഭവം.