Connect with us

Kannur

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസതുക വര്‍ധന പരിഗണനയിലെന്ന് മന്ത്രി കെ സി ജോസഫ്‌

Published

|

Last Updated

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതാശ്വാസ തുകയും മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് ഗ്രാമവികസന മന്ത്രി കെ സി ജോസഫ് പ്രസ്താവിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴുത്ത് നാശം, കിണറുകള്‍ ഇടിഞ്ഞു താഴല്‍ തുടങ്ങിയ സംഭവങ്ങളില്‍ ധനസഹായം നല്‍കുന്നത് പഴയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെന്നും ആളുകളെ കാണാതാവുന്ന സാഹചര്യങ്ങളില്‍ മരണം സ്ഥിരീകരിക്കാത്തതിനാല്‍ നഷ്ടപരിഹാരം സാധ്യമാവുന്നില്ലെന്നും തഹസില്‍ദാര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്. ജില്ലയില്‍ 12 പേര്‍ മരണപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാലവര്‍ഷക്കെടുതികള്‍ക്കിരയായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമ്പോള്‍ കെട്ടിട വാടക നല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയില്ലാത്ത കാര്യവും ഉദേ്യാഗസ്ഥര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജില്ലയില്‍ ഇതേവരെ 183 കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിവരുന്നുണ്ടെന്നും ഇത് എ പി എല്‍, ബി പി എല്‍ മാനദണ്ഡമില്ലാതെ അനുവദിച്ചതായും രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ മന്ത്രിയെ അറിയിച്ചു. സൗജന്യ റേഷന്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. കാലവര്‍ഷക്കെടുതിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 832 വീടുകള്‍ ഭാഗികമായും നശിച്ചു. മൊത്തം 1,24,28,185 രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്. 108.172 ഹെക്ടറിലെ വിളകള്‍ നശിച്ചു. മൊത്തം 10,41,35,850 രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ജില്ലാ കലക്ടര്‍ മന്ത്രിയെ അറിയിച്ചു. 25 ലക്ഷം കൂടി അടിയന്തിര ധനസഹായ വിതരണത്തിന് ആവശ്യമുളളതായി കലക്ടര്‍ മന്ത്രിയെ അറിയിച്ചു.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സും പോലീസും രംഗത്തുണ്ട്. ആവശ്യമായ സാഹചര്യങ്ങളില്‍ നാവിക സേനയുടെയും എയര്‍ഫോഴ്‌സിന്റെയും സഹായം തേടുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കിറ്റ് അനുവദിക്കുന്നത് പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. പഴശ്ശി റിസര്‍വോയറില്‍ 16 മീറ്റര്‍ ജലനിരപ്പ് ഇപ്പോഴുണ്ടെന്നും 16 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ടെന്നും രണ്ടെണ്ണം പണി നടക്കുകയാണെന്നും ഒരെണ്ണം ബ്ലോക്കായികിടക്കുകയാണെന്നും പഴശ്ശി ഇറിഗേഷന്‍ വകപ്പുദേ്യാഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 10 കോടി ആവശ്യമായി വരുമെന്ന് പി ഡബ്ല്യു ഡി റോഡ് വിഭാഗം യോഗത്തില്‍ അറിയിച്ചു. റോഡ് നഷ്ടങ്ങളുടെ കണക്കില്‍ ഗ്രാമീണ റോഡുകളുടെ കാര്യം കൂടി ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടു നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
തളിപ്പറമ്പ് താലൂക്കില്‍ 24 ലക്ഷം, കണ്ണൂരില്‍ 30 ലക്ഷം, തലശ്ശേരി 25.5 ലക്ഷം എന്നിങ്ങനെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്ക് തലത്തില്‍ തുക അനുവദിച്ചിട്ടുണ്ട്.
എ ഡി എം ഒ.മുഹമ്മദ് അസ്ലം, ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) ശിവപ്രസാദ്, തഹസില്‍ദാര്‍മാരായ സി എം ഗോപിനാഥന്‍(കണ്ണൂര്‍), കെ.രാധാകൃഷ്ണന്‍(തളിപ്പറമ്പ്), കെ സുബൈര്‍(തലശ്ശേരി) തുടങ്ങിയവരും കൃഷി വകുപ്പ്, ഇറിഗേഷന്‍, പി ഡബ്ല്യു ഡി, തുടങ്ങിയ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ സംസാരിച്ചു.

 

എം എല്‍ എമാര്‍ പങ്കെടുത്തില്ല
ദുരന്ത നിവാരണ സേനക്ക് ഉപകരണങ്ങളില്ലാത്തത് ചര്‍ച്ചയായി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കാലവര്‍ഷം ശക്തമാവുകയും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ദുരന്ത നിവാരണ സേനക്ക് ആവശ്യമായ ഉപകരണങ്ങളില്ലാത്തത് മന്ത്രി കെ സി ജോസഫിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാലവര്‍ഷക്കെടുതി അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ഖേല്‍ക്കറാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദുരന്ത നിവാരണ സേനക്കുള്ള കിറ്റ് ജില്ലക്ക് പ്രത്യേകമായി അനുവദിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ സേന ജില്ലയിലെത്തിയാലും കിറ്റ് ഇല്ലാത്തത് ഇവരുടെ പ്രവര്‍ത്തനങ്ങല്‍ക്ക് തടസമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലവര്‍ഷക്കെടുതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗ്രാമവികസന മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജില്ലയിലെ എം എല്‍ എമാര്‍ ആരുമെത്തിയില്ല. 11 എം എല്‍ എമാര്‍ ഉണ്ടെങ്കിലും ഇരിക്കൂര്‍ എം എല്‍ എ കൂടിയായ കെ സി ജോസഫിന് പുറമെ ഭരണ, പ്രതിപക്ഷ എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തില്ല. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരുടെ യോഗമായി മന്ത്രിതല യോഗം ഒതുങ്ങി.

Latest