ജുഡീഷ്യല്‍ അന്വേഷണം ആകാമെന്ന് ജോസഫ്: ചര്‍ച്ച ചെയ്തില്ലെന്ന് ചെന്നിത്തല

Posted on: July 12, 2013 11:14 am | Last updated: July 12, 2013 at 5:17 pm

kc josephകണ്ണൂര്‍: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മന്ത്രി കെസി ജോസഫ്. ഇപ്പോഴുള്ള അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ജൂഡീഷ്യല്‍ അന്വേഷണവുമാകാമെന്ന് മന്ത്രി കണ്ണൂരില്‍ പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്തിരുന്നു.

ramesh chennithalaഅതേസമയം ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം ചുമത്തേണ്ടത് മുഖ്യമന്ത്രിയുടെ ചുമലിലാണോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അങ്ങനെയാണെങ്കില്‍ വിഎസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവരുടെ തെറ്റുകള്‍ വിഎസ് ഏറ്റെടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷത്തിന്റെ രാജിയാവശ്യം ബാലിശമാണ്. മുഖ്യമന്ത്രിക്കെതിരെ യാതൊരു തെളിവും നിരത്താന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.