സുബ്രഹ്മണ്യം സ്വാമി ബി ജെ പിയിലേക്ക്; യഡിയൂരപ്പയെ കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമം

Posted on: July 11, 2013 8:05 am | Last updated: July 11, 2013 at 8:05 am

ന്യുഡല്‍ഹി: ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ബി ജെ പിയില്‍. കഴിഞ്ഞ നാലാം തീയതി നടന്ന ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗമാണ് സ്വാമിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കര്‍ണാടകയില്‍ ബി ജെ പിയെ കരുത്തുറ്റ ശക്തിയാക്കി മാറ്റിയ മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ ബി ജെ പിയിലേക്ക് തിരിച്ചുവരുമെന്ന് സൂചനയുണ്ട്. നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് യഡിയൂരപ്പ പാര്‍ട്ടി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. ഏതായാലും യഡിയൂരപ്പയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
സ്വാമിയെ പാര്‍ട്ടിയിലെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടു് വെച്ചത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. എല്‍ കെ അഡ്വാനി അടക്കമുള്ള മിക്കവാറും നേതാക്കള്‍ ഇതിന് പിന്തുണ നല്‍കി. വിദേശത്തുള്ള മുന്‍ പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗാഡ്കരി തിരിച്ചുവന്ന ശേഷം മതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്നായിരുന്നു പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗിന്റെ നിലപാട്. ഗാഡ്കരി പ്രസിഡന്റായിരിക്കെയാണ് സ്വാമിയുടെ ജനതാ പാര്‍ട്ടി എന്‍ ഡി എയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിനും സോണിയാ ഗാന്ധി കുടുംബത്തിനുമെതിരെ നിരന്തരം പട നയിക്കുന്ന സ്വാമിയെ ബി ജെ പിയിലെടുക്കുന്നതിന് ആര്‍ എസ് എസ് ഒരു മാസം മുമ്പ് തന്നെ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ സ്വാമി നടത്തുന്നുണ്ട്.
ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എക്കെതിരെ അഴിമതി ആരോപണങ്ങള്‍ മുഖ്യ പ്രചാരണമാക്കാന്‍ ഉദ്ദേശിക്കുന്ന ബി ജെ പിക്ക് സുബ്രഹ്മണ്യം സ്വാമി ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട പ്രഗത്ഭ അഭിഭാഷകന്‍ രാം ജെഠ്മലാനിക്ക് പകരം വെക്കാവുന്ന നേതാവാണ് സ്വാമിയെന്നാണ് പല ബി ജെ പി നേതാക്കളുടെയും അഭിപ്രായം. അതേസമയം, എന്‍ ഡി എയും ബി ജെ പിയും മുന്നോട്ടു വെക്കുന്ന നയനിലപാടുകളുമായി സ്വാമി ഒത്തുപോകുമോയെന്ന് ആശങ്കപ്പെടുന്ന നേതാക്കളും ബി ജെ പിയിലുണ്ട്.