Connect with us

Health

ശാരീരികാരോഗ്യത്തിന് മാനസികാരോഗ്യം പ്രധാനം

Published

|

Last Updated

പല രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം മാനസിക സംഘര്‍ഷമാണ്. രോഗ കാരണം കണ്ടെത്താന്‍ മനസ്സിനെ പഠിക്കണമെന്നാണ് ഇബ്‌നുസീന പറയുന്നത്. മരുന്നിനും ശസ്ത്രക്രിയക്കുമപ്പുറം രോഗിയുടെ മനസ്സിനെ മനസ്സിലാക്കുന്ന രോഗ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന രീതി അദ്ദേഹം ആവിഷ്‌കരിച്ചു.

മനഃശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും അനിവാര്യമായ അറിവ് പകര്‍ന്ന് തന്നത് സിഗ്മണ്ട് ഫ്രോയിഡാണെന്നാണറിയപ്പെടുന്നത്. എന്നാല്‍ ഫ്രോയിഡിന് മുമ്പ് 11-ാം നൂറ്റാണ്ടില്‍ മാനസികസംഘര്‍ഷത്തെ കുറിച്ചും മനസ്സിന്റെ അവസ്ഥാ വിശേഷങ്ങളെ കുറിച്ചും പല വിവരണവും ഇബ്‌നു സീന നല്‍കിയിട്ടുണ്ട്.

രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഏറ്റവും വലിയ രോഗം. മനസ്സുമായി രോഗത്തിന് ബന്ധമുണ്ട്. പല രോഗങ്ങള്‍ക്കും അടിസ്ഥാന കാരണം മാനസിക സംഘര്‍ഷമാണ്. രോഗ കാരണം കണ്ടെത്താന്‍ മനസ്സിനെ പഠിക്കണമെന്നാണ് ഇബ്‌നുസീന പറയുന്നത്. മരുന്നിനും ശസ്ത്രക്രിയക്കുമപ്പുറം രോഗിയുടെ മനസ്സിനെ മനസ്സിലാക്കുന്ന രോഗ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന രീതി അദ്ദേഹം ആവിഷ്‌കരിച്ചു. ഹൃദയമിടിപ്പ് വര്‍ധിക്കുക, ഉല്‍കണ്ഠ, ദൈനംദിന ജീവിത കാര്യങ്ങളിലുള്ള ഉദാസീനത, അവിചാരിത മാനസിക സംഘര്‍ഷം ഇങ്ങനെയുള്ള ഒരു രോഗം ഒരു രാജാവിന് ഇബ്‌നു സീനയുടെ കാലത്തുണ്ടായി. ഇബ്‌നുസീന അയാളെ ചികിത്സിച്ചതെങ്ങിനെയെന്നോ?

ആ രോഗിയുടെ വീട്ടുപരിസരത്തുള്ള വീട്ടുകാരെ കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും കൃത്യമായും വിശദമായും അറിയുന്ന ഒരു അയല്‍വാസിയെ അദ്ദേഹം കണ്ടെത്തി. ചികിത്സയുടെ തുടക്കം കണ്ട രോഗിയുടെ ബന്ധുക്കള്‍ ക്ക് ഇബ്‌നുസീനയില്‍ മതിപ്പ് തോന്നിയില്ല. എങ്കിലുമവര്‍ സഹകരിച്ചു. ആ അയല്‍വാസിയെയും കൂട്ടി ഇബ്‌നുസീന രോഗിയെ സമീപിച്ചു. നാഡിമിടിപ്പ് പരിശോധിക്കുന്നതിനിടയില്‍ അയല്‍വാസിയോട് ചുറ്റുപാടുകളെ കുറിച്ച് പല വിവരങ്ങളും ആരാഞ്ഞു. തെരുവിന്റെ പേര്, നിരത്തിന്റെ പേര് ഇങ്ങനെ പലതും.

പരിശോധനക്കിടെ ഒരു പ്രത്യേക തെരുവിന്റെ പേര് കേട്ടപ്പോള്‍ രോഗിയുടെ നാഡിമിടിപ്പ് അല്‍പം കൂടി. ആ തെരുവില്‍ എത്ര വീടുകളുണ്ടെന്നായിരുന്നു അടുത്ത ചോദ്യം. പിന്നീട് വീടുകളുടെ പേരറിയണം. ഒരു പ്രത്യേക വീടിന്റെ പേര് പറഞ്ഞപ്പോള്‍ രോഗിയുടെ നാഡിമിടിപ്പ് വീണ്ടും കൂടി. ഇബ്‌നുസീനയുടെ ചോദ്യത്തിന് മറുപടിയായി അയല്‍വാസി ഓരോ വീട്ടിലെയും അംഗങ്ങളുടെ പേര് പറയാന്‍ തുടങ്ങി. ഒരു പ്രത്യേക പേര് കേട്ടപ്പോള്‍ രോഗിയുടെ പള്‍സ് ക്രമാതീതമായി വര്‍ധിച്ചു. ആ പേരിന്റെ ഉടമ സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. പരിശോധന അവിടെ അവസാനിച്ചു. ഇബ്‌നു സീന ഒരു നിഗമനത്തിലെത്തുകയും ചികിത്സ വിധിക്കുകയും ചെയ്തു. രാജാവിന് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കണമെന്നതായിരുന്നു നിര്‍ദേശം. കല്യാണം നടന്നു. രോഗം മാറി. കമിതാക്കളുടെ രോഗം (ഘീ്‌ലൃ’ െറശലെമലെ) എന്ന് ഇബ്‌നു സീന ഇതിനെ വിളിച്ചു. ഈ രോഗം കാര്‍ഡിയോ ന്യൂറോസിസ് (ഇമൃറശീ ിലൗൃീശെ)െ എന്ന പേരില്‍ ഇന്നും ചില യുവതീയുവാക്കളെ അലട്ടുന്നു. മനസ്സിന് ആരോഗ്യമുണ്ടെങ്കില്‍ ശരീരത്തിനും ആരോഗ്യമുണ്ടാകും. അല്ലെങ്കില്‍ മനസ്സ് പല രോഗവും വരുത്തും. മനസ്സിനെ അറിഞ്ഞ ഇബ്‌നു സീന നടത്തിയ മറ്റൊരു ചികിത്സ അറിയുക.

ബഗ്ദാദിലെ രാജകുമാരന് വിചിത്രമായ ഒരസുഖം വന്നു. താനൊരു പശുവാണെന്ന് രാജകുമാരന് തോന്നി. ദിനംപ്രതി അസുഖം കൂടി വന്നു. കൈകാലുകള്‍ നിലത്ത് കുത്തി പശുവിനെ പോലെ നടന്നു തുടങ്ങി. രാജകുമാരന്‍ ഒരു ദിവസം സേവകരോട് പറഞ്ഞു: “ഞാനൊരു പശുവാണ്. എന്റെ ഇറച്ചിക്ക് നല്ല സ്വാദുണ്ടാവും. എന്നെ വെട്ടിക്കൊന്ന് ഇറച്ചി പാകം ചെയ്ത് കൊട്ടാരത്തിലുള്ളവര്‍ക്കു സദ്യ വിളമ്പാം”. സേവകര്‍ അന്തംവിട്ടു. കൊട്ടാര വൈദ്യന്‍ ഈ അസുഖത്തിന് പല ചികിത്സയും ചെയ്തു . മാറിയില്ല. രാജകുമാരന്‍ തിന്നുകയോ, കുടിക്കുകയോ ചെയ്യുന്നില്ല. പല വിദഗ്ധരും വന്നു. പക്ഷെ, രോഗം മാറുന്നില്ല. അപ്പോഴാണ് രാജാവ് ഇബ്‌നു സീനയെ ഓര്‍ത്തത്. അദ്ദേഹത്തെ വിളിച്ചു വരുത്തി. രാജദൂതനില്‍ നിന്ന് ഇബ്‌നുസീന രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഉടനെതന്നെ ഒരറവുകാരന്‍ കൊട്ടാരത്തിലെത്തുമെന്ന് രാജകുമാരനെ അറിയിക്കാന്‍ ദൂതനോട് അദ്ദേഹം പറഞ്ഞു. ദൂതന്റെ പിന്നാലെ ഇബ്‌നുസീനയും കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയ ഇബ്‌നുസീന ചോദിച്ചു: “പശു എവിടെ? ഞാനതിനെ അറുക്കാന്‍ വന്നതാണ”്.
ഇതുകേട്ട് നാലു കാലില്‍ നടക്കുന്ന രാജകുമാരന്‍ ഓടി വന്നു. അറവുകാരന്‍ പശുവിനെ അടിമുടി നോക്കിയിട്ട് പറഞ്ഞു: ഇതിന് എല്ലും തൊലിയും മാത്രമേയുള്ളു. എന്റെ കൂലിക്കുള്ള ഇറച്ചി പോലും ഈ പശുവിനില്ല. പിന്നെ എങ്ങനെ എല്ലാവര്‍ക്കും വിളമ്പും. ഇതിന് നന്നായി തീറ്റ കൊടുക്കൂ. ഞാന്‍ കുറച്ച് ദിവസം കഴിഞ്ഞ് വരാം. അപ്പോഴേക്കും ഒന്ന് കൊഴുക്കട്ടെ.

ഇബ്‌നു സീന സ്ഥലം വിട്ടു. രാജകുമാരന്‍ പിന്നീട് നന്നായി ഭക്ഷിക്കാന്‍ തുടങ്ങി. അറവുകാരന്‍ തിരിച്ചെത്തുമ്പോഴേക്കും തടിക്കണമല്ലോ. ഒരു മാസം കൃത്യമായി ഭക്ഷണം കഴിച്ചപ്പോള്‍ രാജകുമാരനില്‍ വ്യത്യാസം കണ്ടുതുടങ്ങി. അയാളുടെ ശരീരസ്ഥിതി മെച്ചപ്പെട്ടു. ആരോഗ്യം വീണ്ടുകിട്ടി. “പശുരോഗ”വും മാറി.

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സ്. ഇതാണ് ഇബ്‌നു സീനയുടെ തത്വം. ശരീരവും മനസ്സും ഉള്‍ക്കൊണ്ട ചികിത്സ വേണം. ഇബ്‌നുസീനയുടെ മറ്റൊരു ചികിത്സ: ഒരു യൂവതിയുടെ കൈകാലുകള്‍ക്ക് തളര്‍വാദം ബാധിച്ചു. ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേസ് ഇബനു സീനയുടെ അടുത്തെത്തി. അദ്ദേഹം സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ യുവതിയെ നിറുത്തി. അവിടെവെച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ യുവതിയുടെ പര്‍ദ്ദമാറ്റി. ആ നിസ്സഹായാവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ അവള്‍ ചൂളിപ്പോയി. തുടര്‍ന്ന് അവളുടെ വസ്ത്രം തലക്കു മീതേക്ക് ഉയര്‍ത്തി. സദസ്സ് അമര്‍ശം കൊള്ളവേ യുവതി പെട്ടെന്ന് രണ്ട് കൈകളും ഉയര്‍ത്തി വസ്ത്രം താഴ്ത്തി. തളര്‍വാതം അതോടെ മാറി. മനസ്സും കൂടി ഉള്‍ക്കൊണ്ട ചികിത്സാ രീതിയായിരുന്നു ഇബ്‌നു സീനയുടേത്.
ആഹാരത്തിലൂടെ മാനസികാരോഗ്യം

ഭക്ഷണം ആരോഗ്യത്തിന്റെ ഘടകമാണ്. ശരീര വളര്‍ച്ചക്കും രോഗപ്രതിരോധത്തിനും ഭക്ഷണം വേണം. മനുഷ്യന്റെ ബുദ്ധിപരവും മാനസികവുമായ വികാസത്തിന് ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണ നിഷേധം കൊണ്ട് മനസിനെ തളര്‍ത്താന്‍ കഴിയുന്നത് കൊണ്ടാണ് കുട്ടിയെ ശിക്ഷിക്കാനായി താല്‍ക്കാലികമായെങ്കിലും മാതാവ് ഭക്ഷണം നിഷേധിക്കുന്നത്. ആഹാരം തരില്ലെന്ന് പറഞ്ഞ് കുട്ടിയെ തളര്‍ത്തുന്നു. ശിക്ഷിക്കാന്‍ മാത്രമല്ല, പ്രതിഫലമായും ഭക്ഷണം ഉപയോഗിക്കാറുണ്ട്. കുഞ്ഞിനോടുള്ള സ്‌നേഹാധിക്യത്താല്‍ വിഭവസമൃദ്ധമായ ആഹാരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് അവന്റെ മനസും ശരീരവും ഇണങ്ങാന്‍ വേണ്ടിയാണ്. ഇതറിഞ്ഞ് വളരുന്ന കുട്ടി ജീവിതാന്ത്യം വരെ ഭക്ഷണത്തില്‍ നിന്ന് സംതൃപ്തി കണ്ടെത്തുന്നു.

സൗഹൃദ സമ്മേളനങ്ങളില്‍ ലഘുഭക്ഷണം വിളമ്പുന്നത് അന്തരീക്ഷത്തിന് അയവ് വരുത്തി ആശയ വിനിമയം നടത്താനാണ്. മംഗള കര്‍മ്മങ്ങളില്‍ വിഭവസമൃദ്ധമായ ആഹാരം ഉണ്ടാക്കുന്നു. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് പരസ്പര സൗഹൃദം സൃഷ്ടിക്കുന്നു.
ചില പോഷക ഘടകങ്ങള്‍ക്ക് മാനസികാരോഗ്യവുമായി പ്രത്യേക ബന്ധമുണ്ട്. മാനസിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചക്കും വികാസത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. പയര്‍, പരിപ്പ്, മാംസം, മത്സ്യം, പാല്‍, മുട്ട, തൈര് തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഈ ഭക്ഷണപദാര്‍ഥങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ആഹാരത്തില്‍ കുറവാണെങ്കില്‍ ശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കും. ജനിച്ച് അഞ്ച് വയസ്സ് വരെയുള്ള സമയത്ത് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ തലച്ചോറിന്റെ വികാസം പൂര്‍ണതയില്‍ എത്തില്ല. ഈ സമയത്ത് ലഭിക്കേണ്ട പ്രോട്ടീന്റെ അളവ് പിന്നീടുള്ള വര്‍ഷങ്ങളില്‍ നികത്താന്‍ സാധ്യമല്ല.
പ്രോട്ടീന് പുറമെ “ജീവകം ബി”യില്‍ ഉള്‍പ്പെടുന്ന തയാമീന്‍, നയാസീന്‍ എന്നീ ജീവകങ്ങള്‍ക്കും മാനസികാരോഗ്യവുമായി അഭേദ്യ ബന്ധമുണ്ട്. സന്തുലിതമായ ഒരു മാനസികാവസ്ഥ നിലനിര്‍ത്താനും ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. ഇവയുടെ അഭാവം വിഷാദാത്മകത, ദേഷ്യം, മറവി, ഈര്‍ഷ്യത എന്നിവ ഉണ്ടാക്കുന്നതായി ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ജീവകം “ബി” ഇത്തരം നിഷേധാത്മക വികാരങ്ങള്‍ മാറ്റിനിര്‍ത്തി മനക്കരുത്തും പ്രസന്നതയും ആത്മവിശ്വാസവും നല്‍കുന്നു. തവിട് കളയാത്ത ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, കപ്പലണ്ടി, കശുവണ്ടി, മാംസം എന്നിവയില്‍ ഈ ജീവകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
അയഡിന്‍ എന്ന ലവണത്തിന്റെ ന്യൂനത കൊണ്ട് കുട്ടികളില്‍ ബുദ്ധിമാന്ദ്യം ഉണ്ടാകുന്നു. അവരുടെ മാനസികാരോഗ്യത്തെ ഇത് ബാധിക്കുന്നതാണ്. ഗര്‍ഭവതികളായ സ്ത്രീകളുടെ ആഹാരത്തില്‍ ശരിയായ രീതിയില്‍ അയഡിന്‍ അടങ്ങിയിട്ടില്ലെങ്കില്‍ ജനിക്കുന്ന കുട്ടികള്‍ മന്ദബുദ്ധികളാകാനുള്ള സാധ്യതയുണ്ട്. അയഡിന്‍ ചേര്‍ന്ന കറിയുപ്പ് കഴിക്കുന്നത്.മൂലം ഈ സാധ്യതകളെ ഇല്ലായ്മ ചെയ്യാം.

ആഹാരശുദ്ധിയില്‍ മനഃശുദ്ധി ഉണ്ടാകുന്നു. മനഃശുദ്ധി കൊണ്ട് ഓര്‍മ്മശക്തി വര്‍ധിക്കുന്നു. പഴങ്ങള്‍, പാല്‍, മധുര രസപ്രധാനമായ വിഭവങ്ങള്‍, ശുചിത്വമുള്ളതും ഇഷ്ടമുള്ളവരൊന്നിച്ചും കഴിക്കുന്ന ആഹാരങ്ങള്‍ എന്നിവ മനസ്സിന് ഗുണം ചെയ്യുന്നു.

താന്‍ കുടുങ്ങിയ പ്രശ്‌നത്തില്‍ ഉരുണ്ടുമറിഞ്ഞ് കരകയറാന്‍ കഴിയില്ലെന്നറിയുന്ന ചിലര്‍ രോഗികളാവാറുണ്ട്. മനസിലെ പ്രശ്‌നം ശരീരത്തിന് കൈമാറുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നു. ശാരീരിക വേദന, ഛര്‍ദ്ദി, ശരീര തളര്‍ച്ച, ഉദരസംബന്ധമായ രോഗങ്ങള്‍, ദഹനപ്രശ്‌നം തുടങ്ങിയവ ഉണ്ടാവുന്നു. മാനസികപ്രശ്‌നം മൂലം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ കഴിയാതെ വരികയോ രുചയുള്ളവ ആവശ്യമില്ലാതാവുകയോ കഴിക്കുന്നത് തന്നെ കഴിക്കേണ്ട ക്രമത്തിലല്ലാതെയോ ആകുമ്പോള്‍ ദഹനം നടക്കാതെ വരുന്നു. അവ ശരീരത്തിന് ദോഷം വരുത്തുന്നു. ഉപബോധമനസ് ശാരീരിക പ്രക്രിയയെ സ്വാധീനിക്കുക വഴി ഉണ്ടാകുന്ന രോഗലക്ഷണങ്ങളാണിതെല്ലാം.

മാനസികാരോഗ്യത്തിന് മനഃശാസ്ത്ര മന്ത്രങ്ങള്‍

മാനസികാരോഗ്യത്തിന് മനഃശാസ്ത്രം പല വഴികളും തുറന്നുകാണിക്കുന്നുണ്ട്. അവയില്‍ ചിലത്.

  1. രാത്രി ആറ് മണിക്കൂറെങ്കിലും നന്നായി ഉറങ്ങണം
  2. നിത്യവും കുളിക്കുന്നത് ഏറ്റവും ഊര്‍ജദായകവും രോഗങ്ങളെ അതിജയിക്കാന്‍ സഹായകവുമാണ്. കുളി ശാരീരിക ശുദ്ധിയോടൊപ്പം മാനസിക ബലവും കൂടി നല്‍കുമ്പോള്‍ മനസിന്റെ ദോശങ്ങള്‍ ഇല്ലാതാകുന്നു.
  3. സദാചാരം ആരോഗ്യത്തിന്റെ ഭാഗമാണ്. സദാചാരത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ അനുകമ്പ, ദയ, കഴിവനുസരിച്ചു ദാനം ചെയ്യാനുള്ള സന്നദ്ധത, ശാരീരിക മാനസിക പ്രവൃത്തികളില്‍ ആത്മനിയന്ത്രണം, അന്യരുടെ കാര്യങ്ങളില്‍ സ്വന്തം കാര്യങ്ങളിലെന്ന പോലെ താല്‍പര്യം തുടങ്ങിയവയാണ്.
  4. നിത്യവും തന്റെ സമയം ചെലവഴിച്ചതെങ്ങനെയെന്ന് ചിന്തിക്കുക. ചെയ്തുപോയ തെറ്റുകളെ തിരുത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുക. ഇതെല്ലാം മാനസിക ദുഖങ്ങളെ അകറ്റുന്നതാണ്.
  5. മനുഷ്യന്‍ സുഖാന്വേഷകനാണ്. എല്ലാ പ്രവൃത്തികളിലും അവന്‍ സുഖമാഗ്രഹിക്കുന്നു. സുഖം ലഭിക്കുന്നത് ധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ധര്‍മ്മപാലനമാണ് സുഖലബ്ധിക്കുള്ള വഴി. മനസ് ശുദ്ധമായവര്‍ക്കേ ധര്‍മ്മത്തില്‍ ഉറച്ച് നില്‍ക്കാന്‍ കഴിയൂ.
  6. ദുഃഖമുണ്ടാകുമ്പോള്‍ മനസിന്റെ ആരോഗ്യത്തിന് തകരാറുണ്ടാകും.
  7. മറ്റുള്ളവരെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യരുത്.
  8. നമ്മെ ആക്ഷേപിച്ച, അപമാനിച്ച ശത്രുക്കള്‍ക്ക് അപകടം വരുമ്പോള്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുക.
  9. സഹായമഭ്യര്‍ത്ഥിച്ച് വരുന്നവരോട് വിമുഖത കാണിക്കാതിരിക്കുക. കഴിവിനനുസരിച്ച് അവരെ സഹായിക്കുക.
  10. സദാചാരബോധമുള്ളവരെയും ധര്‍മ്മിഷ്ഠരെയും കൂട്ടുകാരാക്കുക.

കമ്പ്യൂട്ടര്‍ സിസ്റ്റം ഓപ്പണ്‍ ചെയ്ത് ഫയല്‍ തുറക്കുന്നു. നാം നല്‍കുന്ന ഡാറ്റകള്‍ക്കനുസരിച്ച് അവ പ്രതികരിക്കുന്നു. നല്‍കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഉത്തരം കൃത്യമായിരിക്കും. തെറ്റായ വിവരണമാണ് നല്‍കുന്നതെങ്കില്‍ ഉത്തരവും തെറ്റുതന്നെ. ഇതാണ് മനസിന്റെയും സ്ഥിതി. തനിക്ക് കഴിയില്ല, താന്‍ കൊള്ളരുതാത്തവനാണ് എന്ന തെറ്റായ വിവരണങ്ങള്‍ മനസിന്റെ പ്രതികരണത്തില്‍ മാറ്റമുണ്ടാകും. എനിക്ക് നേടിയെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസമാണെങ്കില്‍ അതിന്റെ പ്രതിഫലനം ജീവിതത്തില്‍ കാണാന്‍ കഴിയും.

ജീവിതത്തില്‍ മനസമാധാനത്തിന് സ്വീകരിക്കേണ്ട കാര്യങ്ങള്‍

  1. സ്വയം നിന്ദ്യനാണെന്ന ബോധം മാറ്റുക. തന്നെ താന്‍ സ്‌നേഹിക്കാന്‍ ഒരുങ്ങുക. എങ്കില്‍ മറ്റുള്ളവരും സ്‌നേഹിക്കും.
  2. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ആനന്ദിക്കുക.
  3. വിജയത്തിന്റെ ചിന്തകള്‍ മാത്രം മനസില്‍ കൊണ്ടുവരിക.
  4. ഉപകാരമില്ലാത്ത ചിന്തകള്‍ക്ക് പ്രധാന്യം കൊടുക്കാതിരിക്കുക.
  5. ജീവിതത്തെ സ്‌നേഹിക്കുക. ജീവിതത്തോട് വെറുപ്പ് തോന്നുമ്പോഴാണ് ആത്മഹത്യ പരിഹാരമായി കാണുന്നത്.
  6. നല്ല പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുക.
  7. ലോകത്തെ സ്‌നേഹിക്കാന്‍ പഠിക്കുക.
  8. പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ നേരിടുക.
  9. വ്യക്തികളെയും സമൂഹത്തെയും മനസാന്നിധ്യത്തോടെ സ്വീകരിക്കുക.

Latest