മുഖ്യമന്ത്രിക്കെതരെ കോട്ടയത്തും കരിങ്കൊടി; പോലീസ് ലാത്തി വീശി

Posted on: July 7, 2013 10:50 am | Last updated: July 7, 2013 at 10:50 am

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കോട്ടയത്തും ഇടതു യുവജന സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം. രാവിലെ കോട്ടയം പ്രസ് ക്ലബ്ബില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കോട്ടയത്തിന് വരവേ പുതുപ്പള്ളി ജംഗ്ഷനില്‍ വെച്ച് രാവിലെ മുഖ്യമന്ത്രിയെ പത്തോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. വാഹനം നിര്‍ത്തി മുഖ്യമന്ത്രി പുറത്തിറങ്ങിയെങ്കിലും പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കോട്ടയത്തെ പ്രതിഷേധം. പ്രസ് ക്ലബ്ബിലെത്തിയ ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്.