ഹജ്ജ് ഒഴിവുകള്‍: കേരളത്തിന് പ്രത്യേക പരിഗണന നല്‍കണം- കാന്തപുരം

Posted on: July 7, 2013 6:00 am | Last updated: July 7, 2013 at 2:00 am

delhi- kanthapuramന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ ആയിരക്കണക്കിന് ഹജ്ജ് അപേക്ഷകര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ വീതിക്കുമ്പോള്‍ സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ കാന്തപുരം അഭ്യര്‍ഥിച്ചു.
വര്‍ഷംതോറും കേരളത്തില്‍ ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂടി വരികയാണ്. ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട നിശ്ചയിക്കുന്നതിന് പകരം അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കി അടുത്ത വര്‍ഷം മുതലെങ്കിലും ക്വാട്ട പുനര്‍ നിര്‍ണയിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ സമീപനം കൈക്കൊള്ളുമെന്ന് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കാന്തപുരത്തിന് ഉറപ്പ് നല്‍കി.
സഊദി സര്‍ക്കാര്‍ ഹറം വികസനത്തിന്റെ ഭാഗമായി ഹജ്ജ് ക്വാട്ട ഇരുപത് ശതമാനം വെട്ടിക്കുറച്ചിരിക്കെ, സ്വകാര്യ ഗ്രൂപ്പുകളുടെ ക്വാട്ടയില്‍ കുറവ് വരുത്തി ഇത് പരിഹരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് ശ്രമം നടത്തണം. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണഗതിയില്‍ ഹജ്ജ് ക്വാട്ടയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ സംസ്ഥാനങ്ങള്‍ക്ക് വീതിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ വീതിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് കാന്തപുരം അഭ്യര്‍ഥിച്ചു. കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാന്തപുരം ആവശ്യപ്പെട്ടിരുന്നു. അസമില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. കേരളത്തില്‍ കടല്‍ക്ഷോഭത്തില്‍ ബോട്ടും വള്ളങ്ങളുമുള്‍പ്പെടെ നഷ്ടപ്പെട്ട് ഉപജീവന മാര്‍ഗം അടഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്കും സഹായമെത്തിക്കാന്‍ നടപടിയുണ്ടാകണം.
കാലവര്‍ഷത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് കേരളത്തിനുള്ള അരിവിഹിതം കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി കെ വി തോമസിനെ കണ്ട് കാന്തപുരം ആവശ്യപ്പെട്ടു.