Connect with us

Kerala

ടി ടി ഇ ക്ഷാമം: ദുരിതം യാത്രക്കാര്‍ക്കും നഷ്ടം റെയില്‍വേക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് റയില്‍വേയില്‍ ടി ടി ഇ മാരുടെ എണ്ണം കുറഞ്ഞത് യാത്രക്കാരേയും ടി ടി ഇമാരേയും ഒരു പോലെ വലക്കുന്നു. പ്രധാനമായും തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലാണ് ടി ടി ഇമാര്‍ ഇല്ലാത്തത്. നിലവിലുള്ള ടി ടി ഇമാര്‍ ജോലി ഭാരം കൂടുതലാകുന്നതു സംബന്ധിച്ച് പരാതികള്‍ ഉന്നയിക്കുന്നുമുണ്ട്.
മാത്രമല്ല ടി ടി ഇമാരുടെ എണ്ണത്തിലുള്ള കുറവ് റയില്‍വേയുടെ വരുമാനം നഷ്ടമാകുന്നതിനും കാരണമാകുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ 598 ടി ടി ഇ മാരാണ് വേണ്ടത്. എന്നാല്‍ നിലവില്‍ 485 പേര്‍ മാത്രമാണുള്ളത്. പല ട്രെയിനുകളും ആരംഭിക്കുന്നത് തിരുവനന്തപുരത്തു നിന്നാണ്. ഇക്കാരണം കൊണ്ടുതന്നെ ടി ടി ഇമാരുടെ അഭാവം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പാലക്കാട്ട് 61 ടി ടി ഇമാരുടെ കുറവാണുള്ളത്. നിലവില്‍ 372 പേരാണ് ഇവിടെയുള്ളത്.
ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതനുസരിച്ച് തിരുവനന്തപുരം ഡിവിഷനില്‍ 635 ഉം പാലക്കാട്ട് 576 ഉം ടി ടി ഇ മാരാണ് വേണ്ടത്. ഈ ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വരുന്നതിന് മുമ്പ് റെയില്‍വേ ചട്ടപ്രകാരം രണ്ട് സ്ലീപ്പര്‍ ക്ലാസ്സ് കോച്ചുകള്‍ക്ക് ഒരു ടി ടി ഇയാണ് ഉണ്ടായിരിക്കേണ്ടത്. എയര്‍കണ്ടീഷന്‍ കോച്ചുകള്‍ക്ക് മൂന്ന് എണ്ണത്തിന് ഒരു ടി ടി ഇ വേണം. ടി ടി ഇമാരുടെ കുറവിനെ തുടര്‍ന്ന് ഒരു ടി ടി ഇതന്നെ മൂന്ന് മുതല്‍ നാല് കോച്ചുകളില്‍ പരിശോധനകള്‍ നടത്തേണ്ട അവസ്ഥയാണ്. ഒരാള്‍ തന്നെ പരിശോധന നടത്തുമ്പോള്‍ പലപ്പോഴും രാത്രി ഏറെ വൈകിയും പരിശോധന തുടരേണ്ടി വരുന്നു.
യാത്രക്കാര്‍ ഉറങ്ങുന്ന സമയത്തും ടിക്കറ്റ് പരിശോധന നടത്തേണ്ടി വരാറുണ്ട്. ഉറക്കത്തില്‍ ടിക്കറ്റ് ചോദിക്കുമ്പോള്‍ യാത്രക്കാര്‍ ദേഷ്യപ്പെടാറുണ്ടെന്ന് ടി ടി ഇമാര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളും പരിശോധന നടത്താന്‍ കഴിയാറില്ല. ഇത് ടിക്കറ്റില്ലായാത്രക്കാര്‍ക്ക് അനുകൂല സാഹചര്യമായി മാറുന്നു. ഇപ്പോള്‍ യാത്രക്കാരില്‍ 50 മുതല്‍ 60 വരെ ശതമാനം ഇ ടിക്കറ്റിംഗ് ആണ് ചെയ്യുന്നത്. അതിനാല്‍ പേപ്പര്‍ ടിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമാണ് പരിശോധിക്കേണ്ടി വരുന്നത്.
ഒരു സ്ലീപ്പര്‍ ക്ലാസ് കോച്ചില്‍ ഒരാളുടെ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിക്കുന്നതിന് 45 മിനിട്ട് വരെ സമയം വേണ്ടി വരും. ഇതനുസരിച്ച് ഓരോ കോച്ചിലുമുള്ള യാത്രക്കാരുടെയും ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുകളും പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. ഇതിനിടയില്‍ ജോലിക്കിടയില്‍ എമര്‍ജന്‍സി യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനോ എര്‍ എ സി യാത്രക്കാര്‍ക്ക് ഒഴിഞ്ഞ ബെര്‍ത്തുകള്‍ നല്‍കാനോ പോലും ടി ടി ഇ മാര്‍ക്ക് കഴിയാറില്ല
യാത്രക്കാര്‍ക്ക് ഇതുമൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും യാത്രക്കാരും ടി ടി ഇമാരും തമ്മില്‍ വാക്കേറ്റവും ഉണ്ടാകാറുണ്ട്. രാത്രിയില്‍ കയറുന്ന യാത്രക്കാര്‍ പലപ്പോഴും സീറ്റ് ഉറപ്പാക്കുന്നതിനുവേണ്ടി ടി ടി ഇയെ തിരഞ്ഞു നടക്കാറുണ്ട്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരുന്നു.
പലപ്പോഴും പരിശോധിക്കാത്ത ടിക്കറ്റുകള്‍ യാത്രക്കുശേഷം ക്യാന്‍സല്‍ ചെയ്യുന്ന യാത്രക്കാരും ഉണ്ട്. ഇതിലൂടെ റെയില്‍വേക്ക് വരുമാന നഷ്ടം ഉണ്ടാകുന്നുണ്ട്. 2007ലാണ് റയില്‍വേ ടി ടി ഇ തസ്തികയിലേക്ക് അവസാന റിക്രൂട്ട്‌മെന്റ് നടത്തിയത്. രൂക്ഷമായ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഉടന്‍ തന്നെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ടി ടി ഇമാര്‍.