ഈജിപ്ത് കത്തുന്നു: 26 പേര്‍ കൊല്ലപ്പെട്ടു: 318 പേര്‍ക്ക് പരിക്കേറ്റു

Posted on: July 6, 2013 11:14 am | Last updated: July 6, 2013 at 11:17 am

EIJIPTHകെയ്‌റോ: ഈജിപ്തില്‍ സംഘര്‍ഷം ശക്തമാകുന്നു. പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 318 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച മുര്‍സി അനുകൂലികള്‍ കെയ്‌റോവില്‍ നടത്തിയ പ്രകടനത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിനിടെ, ഭരണത്തില്‍ പങ്കാളിയാകാനും തിരഞ്ഞെടുപ്പുമായി സഹകരിക്കാനും ബ്രദര്‍ഹുഡ് പാര്‍ട്ടിയുടെ നേതാക്കളോട് അധികാരത്തിലേറിയ താത്കാലിക പ്രസിഡന്റ് അദ്‌ലി മന്‍സൂര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ ഭരണം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബ്രദര്‍ഹുഡ്.
ഈജിപ്തിലെ സൈനിക അട്ടിമറിയിലും തുടര്‍ന്നുണ്ടാകുന്ന ഏറ്റുമുട്ടലിലും ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായി യു എന്‍ മനുഷ്യാവകാശ സമിതി മേധാവി നവി പിള്ള പറഞ്ഞു.