എസ് വൈ എസ് റമസാന്‍ ക്യാമ്പയിന്‍: നാലര ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കും

Posted on: July 5, 2013 1:30 am | Last updated: July 5, 2013 at 1:30 am

കോഴിക്കോട്: ‘ഖുര്‍ആന്‍ വിളിക്കുന്നു’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) നടത്തുന്ന റമസാന്‍ ക്യാമ്പയിനോടനുബന്ധിച്ച് 33 കോടി രൂപ ചെലവില്‍ നാലര ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറീയിച്ചു. കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സമീപ ദിവസങ്ങളില്‍ സംഘടന നല്‍കിയ സഹായങ്ങളുടെ തുടര്‍ പ്രവര്‍ത്തനം കൂടിയാണിത്.
വിവിധ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. റമസാന്‍ വിഭാവനം ചെയ്യുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യക്തി സംസ്‌കരണം മുന്‍നിര്‍ത്തി 125 സോണല്‍ കേന്ദ്രങ്ങളില്‍ തസ്‌കിയത്ത് ക്യാമ്പും 500 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ തര്‍ബിയ്യത്ത് ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ സന്ദേശം ബഹുജനങ്ങളിലേക്കെത്തിക്കുന്നതിന് വീടുകളിലും കവലകളിലും ലഘുലേഖ വിതരണം ചെയ്യും. ഗ്രാമങ്ങള്‍ തോറും ഇഫ്താര്‍ ക്യാമ്പുകള്‍ വിപുലമായി നടത്തുന്നതിനൊപ്പം സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്താറിനും അത്താഴത്തിനും സൗകര്യമൊരുക്കും. പ്രവാചകരുടെ നേതൃത്വത്തില്‍ നടന്ന ധര്‍മ സമരത്തെ അനുസ്മരിച്ച് യൂനിറ്റുകളില്‍ ബദ്ര്‍ ദിന സംഗമങ്ങള്‍ സംഘടിപ്പിക്കും.
ക്യാമ്പയിന്‍ പ്രമേയം വിശദീകരിച്ച് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 25 കേന്ദ്രങ്ങളില്‍ പ്രമുഖ പണ്ഡിതരുടെ റമസാന്‍ പ്രഭാഷണങ്ങളും പള്ളികളില്‍ ഖുര്‍ആന്‍, ദഅ്‌വ പ്രഭാഷണങ്ങളും നടക്കും.
എസ് വൈ എസ് നടത്തിവരുന്ന സാന്ത്വനം പദ്ധതിയിലേക്ക് ഈമാസം 19 ന് യൂനിറ്റ് കമ്മിറ്റികള്‍ ഫണ്ട് ശേഖരിക്കും. ചികിത്സാ, നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം, ആകസ്മിക ദുരന്തം എന്നീ ഘട്ടങ്ങളില്‍ സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ഈ ഫണ്ട് വിനിയോഗിക്കുക. സാന്ത്വനം പദ്ധതിയുടെ കീഴില്‍ ഇതിനകം നൂറുകണക്കിന് പേര്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്. നിര്‍ധനരായ നിത്യരോഗികള്‍ക്ക് പതിനായിരം രൂപ വരെ ചികിത്സക്ക് ലഭ്യമാക്കുന്ന മെഡിക്കല്‍ കാര്‍ഡ്, ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും മരുന്നും ഭക്ഷണവുമെത്തിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം, സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡ് നവീകരണം, വളണ്ടിയര്‍ സേവനം, സൗജന്യ നിരക്കില്‍ ഡയാലിസിസിനുള്ള സൗകര്യം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാന്ത്വനം പദ്ധതിയിലൂടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എന്‍ അലി അബ്ദുല്ല എന്നിവര്‍ അറീയിച്ചു.
ക്യാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രണ്ട് മണിക്ക് മലപ്പുറം വാരിയംകുന്നന്‍ സ്മാരക ടൗണ്‍ഹാളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലയിലെ വിവിധ ആശുപത്രികളിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ ബിജു വിതരണം ചെയ്യും. സയ്യിദ് യൂസുഫുല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സംബന്ധിക്കും.

ALSO READ  പാലക്കാട് ജില്ലയിൽ എസ്‌ വൈ എസ് യൂത്ത് മാര്‍ച്ച് നാളെ തുടങ്ങും