Connect with us

Editorial

ഞെട്ടറ്റു വീണ ഈജിപ്ഷ്യന്‍ 'മുല്ലപ്പൂ'

Published

|

Last Updated

ഈജിപ്തിലെ “മുല്ലപ്പൂ” വിരിയും മുമ്പേ ഞെട്ടറ്റു വീണു. ഒരു വര്‍ഷം മുമ്പ് അരങ്ങേറിയ ഹുസ്‌നിമുബാറക് വിരുദ്ധ വിപ്ലവത്തിന്റെ മറവില്‍ അധികാരത്തിലേറിയ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി സര്‍ക്കാറിനെ പിരിച്ചുവിട്ട് സൈന്യം അധികാരമേറ്റെടുത്തിരിക്കയാണ് ഈജിപ്തില്‍. ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിനെതിരായ പ്രക്ഷോഭത്തിനൊടുവില്‍ ജനകീയ ഭരണം വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി, ഹുസ്‌നി മുബാറക്കിനേക്കാള്‍ വലിയ ഏകാധിപതിയായി മാറിയെന്ന ആരോപണത്തിനിടെ ഗതികെട്ട ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് പട്ടാളം ഇടപെട്ടതും മുര്‍സിയെ വീട്ടുതടങ്കലിലാക്കി ഭരണ ഘടനാ കോടതി ചീഫ് ജസ്റ്റിസ് ആദില്‍ മന്‍സൂറിനെ താത്കാലിക പ്രസിഡന്റായി അവരോധിച്ചതും.
ഹുസ്‌നി മുബാറക്കിനെതിരെ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ വിപ്ലവം ആസൂത്രിതമായിരുന്നില്ലെന്നത് പോലെ ഇപ്പോള്‍ നടന്ന മുര്‍സി വിരുദ്ധ പ്രക്ഷോഭവും പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഭരണത്തലവന്മാര്‍ ഏകാധിപതികളായി മാറുകയും ജീവിതഭാരം ദുസ്സഹമായിത്തീരുകയും ചെയ്തപ്പോള്‍ ജനം സ്വയം തെരുവിലിങ്ങിയ ചിത്രമാണ് രണ്ട് സംഭവങ്ങളിലും ദൃശ്യമാകുന്നത്. അമേരിക്കക്കും പാശ്ചാത്യ ശക്തികള്‍ക്കും തലകുനിക്കാതെ മുസ്‌ലിം ദേശീയതയുടെ വക്താവായി തലയുയര്‍ത്തി നിന്ന ജമാല്‍ അബ്ദുന്നാസിറിന്റെ കാല ശേഷം അധികാരത്തില്‍ വന്ന അന്‍വര്‍ സാദാത്തിന്റെ ഭരണത്തില്‍ തുടങ്ങിയതാണ് ഈജിപ്ഷ്യന്‍ ജനതയുടെ ഭരണവിരുദ്ധ വികാരം. ഈ വികാരം മുതലെടുക്കാന്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ശ്രമിച്ചിരുന്നെങ്കിലും ജനത്തിന് അവരില്‍ വിശ്വാസമില്ലാത്തതിനാല്‍ അന്‍വര്‍ സാദാത്തിന്റെ പതിനൊന്ന് വര്‍ഷത്തെയും തുടര്‍ന്ന് അധികാരമേറ്റ ഹുസ്‌നി മുബാറക്കിന്റെ മൂന്ന് പതിറ്റാണ്ട് കാലത്തെയും ഭരണത്തില്‍ ഈജിപ്ഷ്യര്‍ പ്രതിഷേധം കടിച്ചിറിക്കി കഴിയുകയായിരുന്നു. ഇസ്‌റാഈലുമായി ചങ്ങാത്തത്തിലാവുകയും തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുകയും ചെയ്ത അന്‍വര്‍ സാദാത്തിന്റെയും ഹുസ്‌നി മുബാറക്കിന്റെയും പാശ്ചാത്യ വിധേയത്വമാണ് അവരെ ഏറെ വേദനിപ്പിച്ചത്.
എന്നാല്‍ വേറിട്ടൊരു മികച്ച ഭരണം വാഗ്ദാനം ചെയ്തു കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് അധികാരത്തിലേറിയ മുഹമ്മദ് മുര്‍സിയും ഏറെത്താമസിയാതെ സ്വേഛാധിപത്യത്തിലേക്കും അമേരിക്കന്‍ വിധേയത്വത്തിലേക്കും വഴിമാറുന്നതാണ് ലോകം കണ്ടത്. തന്റെ ഉത്തരവുകളും നിയമങ്ങളും തീരുമാനങ്ങളും ആര്‍ക്കും ചോദ്യം ചെയ്യാനാകാത്തതും ജുഡീഷ്യറിക്ക് പോലും മറി കടക്കാന്‍ കഴിയാത്തതുമാണെന്നുള്ള ധാര്‍ഷ്ട്യം നിറഞ്ഞ ഉത്തരവിലൂടെ ഹുസ്‌നി മുബാറക്കിനെ പോലും കടത്തി വെട്ടുന്ന അപ്രമാദിത്വമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഭരണസംവിധാനത്തിന്റെ മൂന്ന് തലങ്ങളെയും ഫലത്തില്‍ കൈയടക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ക്കൊപ്പം സാമ്രാജ്യത്വ ശക്തികളുമായി മുര്‍സി കൈ കോര്‍ത്തതോടെയാണ് തഹ്‌രീര്‍ ചത്വരം മറ്റൊരു ജനകീയ പ്രക്ഷോഭത്തിന് സാക്ഷിയായത്. നേരത്തെ “മുല്ലപ്പൂ വിപഌവ”ത്തെഅനുകൂലിച്ചു സംസാരിച്ച സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് അല്‍ബറാദി തന്നെ പിന്നീട് മുര്‍സിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത് ഈ പശ്ചാത്തലത്തിലാണ്. നിയമത്തിനതീതമായി പ്രഖ്യാപിക്കുക വഴി മുര്‍സി പുതിയ ഫറോവയായി സ്വയം അവരോധിച്ചിരിക്കുകയാണെന്നാണ് അല്‍ ബറാദി കുറ്റപ്പെടുത്തിയത്.
“ഇസ്‌ലാമിസ്റ്റുകള്‍” അവകാശപ്പെടുന്നത് പോലെ ഈജിപ്തില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത് മുല്ലപ്പൂ വിപ്ലവമായിരുന്നെങ്കില്‍ ഇപ്പോള്‍ നടന്നത് ഒരു “തിരുത്ത് വിപ്ലവ”മാണ.് ഇസ്‌ലാമിസ്റ്റുകളോ ബ്രദര്‍ ഹുഡോ ആയിരുന്നില്ല കഴിഞ്ഞ വിപ്ലവത്തിന്റെ വിധാതാക്കള്‍. ദൂരെ മാറിനിന്ന് സംഭവങ്ങള്‍ നിരീക്ഷിക്കുകയായിരുന്ന ഇവര്‍ വിപ്ലവം വിജയത്തിലെത്തുമെന്ന് കണ്ടപ്പോള്‍ മുന്നില്‍ ചാടി വീഴുകയും ചൂളിവിലൂടെ അധികാരം കൈക്കലാക്കുകയുമായിരുന്നു. എങ്കിലും ജനഹിതം മാനിച്ചു കൊണ്ടുള്ള നല്ലൊരു ഭരണം കാഴ്ച വെച്ചിരുന്നെങ്കില്‍ അവരെ പൊറുപ്പിക്കാന്‍ ഈജിപ്ഷ്യര്‍ സന്നദ്ധമായിരുന്നു. മുസ്‌ലിം ബ്രദര്‍ ഹുഡും സമാന ചിന്താഗതിക്കാരും അധികാരത്തിലെത്തിയാല്‍ സ്ഥിതി എന്തായിരിക്കുമെന്ന് ലോകജനതക്ക് തിരിച്ചറിയാന്‍ ഒരവസരം ലഭിച്ചുവെന്നത് മാത്രമാണ് മുര്‍സിയുടെ ഒരു വര്‍ഷത്തെ ഭരണത്തിന്റെ ആകെ നേട്ടം
രാഷ്ട്രത്തിന്റെ ഭാവിയെന്ത് എന്നതാണ് ഇനി ഈജിപ്ഷ്യന്‍ ജനതയെ അലട്ടുന്ന പ്രശ്‌നം. രാജ്യത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സ്വീകരിച്ച താത്കാലിക നടപടിയാണോ സൈനിക ഇടപെടല്‍ അതോ പാക്കിസ്ഥാനിലും മറ്റും സംഭവിച്ച പോലെ സൈന്യം ഭരണത്തില്‍ പിടിമുറുക്കുമോ? വരു നാളുകളാണ് അതിന് ഉത്തരം നല്‍കേണ്ടത്. സമാധാനത്തിന്റെ വക്താക്കളെന്ന വ്യാജേന രംഗത്തു വന്ന് അധിനിവേശത്തിന് അവസരം കാത്തുകഴിയുന്ന സാമ്രാജ്യത്വ ഭീമനെയാണ് ഇവിടെ കൂടുതല്‍ സൂക്ഷിക്കേണ്ടത്.