Connect with us

Palakkad

പനിയും പകര്‍ച്ചവ്യാധിയും പടരുന്നു

Published

|

Last Updated

പട്ടാമ്പി: പനിയും പകര്‍ച്ച വ്യാധിയും പടരുമ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് രോഗികളെ വലക്കുന്നു. വിളയൂര്‍, കുലുക്കല്ലൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലെല്ലാം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് പരാതി.
പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കൊപ്പത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പനിബാധികരുടെ തിരക്ക് കൂടി. ദിവസം 600 പേര്‍— പനി ബാധിച്ച് കൊപ്പത്ത് ചികിത്സക്ക് എത്തുന്നുണ്ട് സമീപ പഞ്ചായത്തുകളില്‍ നിന്നുള്ള രോഗികളെല്ലാം കൊപ്പത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എത്തുന്നത്. കൊപ്പം ആശുപത്രിയില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കുറവ് രോഗികളെ വലക്കുന്നുണ്ട്.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടത്തില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് രോഗികള്‍ പറയുന്നു. ഫാര്‍മസിസ്റ്റുമാരുടെ കുറവ് മൂലം മരുന്ന് ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. 2008 മുതല്‍ പി എച്ച് സിയായി അംഗീകരിച്ച ആശുപത്രിയില്‍ അഞ്ച് നഴ്‌സുമാര്‍ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.
വിളയൂരിലും കുലുക്കല്ലൂരിലും രണ്ട് പേര്‍ക്ക് ഡെങ്കിപ്പനിയും രണ്ട് പേര്‍ക്ക് ടൈഫോയ്ഡും ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗൗരവമുള്ളതല്ലെന്ന് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത പറഞ്ഞു. ഇവര്‍ സ്വകാര്യആശുപത്രികളില്‍ ചികിത്സയിലാണ്.