തില്ലങ്കേരിയില്‍ ചുഴലിക്കാറ്റ്: ലക്ഷങ്ങളുടെ കൃഷിനാശം

Posted on: July 4, 2013 12:40 am | Last updated: July 4, 2013 at 12:40 am

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാര്‍ക്കോട്, കായക്കാട് മേഖലകളിലുണ്ടായ കനത്ത മഴയിലും ചുഴലികാറ്റിലും ലക്ഷങ്ങളുടെ കൃഷിനാശം. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. 10 ഏക്കറോളം സ്ഥലത്തെ ആയിരക്കണക്കിന് ഏക്കര്‍ റബര്‍മരങ്ങള്‍ നശിച്ചു. മേഖലയില്‍ മരം വീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. പോലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. രണ്ട് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മലയോരത്തെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിലായി. സ്‌കൂളുകള്‍ ഭൂരിഭാഗവും ഉച്ചക്കഴിഞ്ഞ് അവധി പ്രഖ്യാപിക്കുകയായിരുന്നു.
കാര്‍ക്കോട്ടെ ഡോ. സലിം, പി മുഹമ്മദലി ഹാജി, പി നബീസ എന്നിവരുടെ റബര്‍ മരങ്ങളാണ് നശിച്ചത്. റബര്‍ത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഷെഡും തകര്‍ന്നിട്ടുണ്ട്. മൂന്നുപേരുടെയും രണ്ട് വര്‍ഷം മുമ്പ് ടാപ്പിംഗ് തുടങ്ങിയ മരങ്ങളാണ് തകര്‍ന്നത്. കാര്‍ക്കോട് പാടശേഖരം മുഴുവന്‍ വെള്ളത്തിലായി. ഉളിയില്‍ തോട് കരകവിഞ്ഞൊഴുകി ഉളിയില്‍ ഗവ. യു പി സ്‌കൂളിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് സ്‌കൂളിന് ഇന്നലെ രാവിലെ മുതല്‍ അവധി നല്‍കി. പടിക്കച്ചാലിലെ എന്‍ നാരായണന്‍, എം വി കുഞ്ഞികൃഷ്ണന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ അഞ്ഞൂറോളം വാഴകള്‍ വെള്ളത്തിനടിയിലായി. തലച്ചങ്ങാട്ടെ രാവുണ്ണിയുടെ വീട് മരം വീണ് ഭാഗികമായി തകര്‍ന്നു. കാര്‍ക്കോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിന് മുകളില്‍ മരം വീണ് കെട്ടിടത്തിന് നാശം നേരിട്ടു. എടൂര്‍-കരിക്കോട്ടക്കരി റോഡില്‍ മരം വീണ് ഗതാഗതതടസം നേരിട്ടു. അയ്യംകുന്ന്, മാട്ടറ മേഖലകള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. ഉളിക്കല്‍-വട്ട്യംതോട് പാലം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചു. കോക്കാട് വയല്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പയ്യാവൂര്‍-ഉളിക്കല്‍ റൂട്ടിലും ഗതാഗതം നിലച്ചു. തില്ലങ്കേരി-പള്ള്യത്തെ കൂറുങ്ങോടന്‍ കുഞ്ഞിരാമന്റെ വീട് പൂര്‍ണമായും തകര്‍ന്നു.