വംശീയ ആക്രമണം: മൂന്ന് ദിവസത്തിനിടെ ഇറാഖില്‍ കൊല്ലപ്പെട്ടത് 113 പേര്‍

Posted on: July 4, 2013 12:32 am | Last updated: July 4, 2013 at 12:32 am

DayPics-030713-ra11ബഗ്ദാദ്: ഇറാഖില്‍ ശിയാക്കള്‍ക്ക് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 113 പേര്‍. വടക്കന്‍ ബഗ്ദാദിലെ പ്രാന്തപ്രേദശത്ത് ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇറാഖ് വീണ്ടും പഴയ വിഭാഗീയ യുദ്ധങ്ങളിലേക്ക് തിരിച്ചുപോകുകയാണെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 300 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖാഇദ ബന്ധമുള്ള അക്രമികളാണ് ശിയാക്കളെ ലക്ഷ്യം വെക്കാറുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബഗ്ദാദിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ നെഹ്‌റുവാനിലാണ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്.
ഇവരില്‍ സുരക്ഷാ സൈനികരും ഉള്‍പ്പെടും. പോലീസ് ഉദ്യോഗസ്ഥരടക്കം 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച നടന്ന ബോംബ് സ്‌ഫോടന പരമ്പരയില്‍ രാജ്യത്തുടനീളം 57 പേരും മറ്റ് ആക്രമണങ്ങളിലായി 49 പേരും കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച നടന്ന ആറ് കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 42 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിയാ ഭൂരിപക്ഷ നഗരങ്ങളായ ബസറ, അമറ, സമാവ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്.