Connect with us

Kerala

മുഖ്യമന്ത്രിയുടെ സുരക്ഷക്ക് സ്‌ട്രൈക്കര്‍ ഫോഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരിപാടികളുടെ സുരക്ഷാ ചുമതല എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കാനും മുഖ്യനൊപ്പം 50 പേരടങ്ങുന്ന സ്‌ട്രൈക്കര്‍ ഫോഴ്‌സിനെ നിയോഗിക്കാനും തീരുമാനമായി. സോളാര്‍ തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുയുവജന സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം നടത്തുകയാണ്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വന്‍വീഴ്ച ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കു നേരെ തുടര്‍ച്ചയായി പ്രതിഷേധങ്ങളുണ്ടായിട്ടും അത് നേരിടാന്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടെന്നാണ് പരാതി. ഇതേത്തുടര്‍ന്നാണ് സുരക്ഷാ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സ്‌ട്രൈക്കര്‍ ഫോഴ്‌സിനു പുറമെ മുഖ്യമന്ത്രിക്കൊപ്പം പൈലറ്റ് വാഹനവും അകമ്പടി വാഹനവും ഉണ്ടാകും. മുഖ്യമന്ത്രി യാത്രചെയ്യുന്ന റോഡുകളിലെ പ്രധാന കവലകളില്‍ എസ് ഐമാരുടെ നേതൃത്വത്തിലുള്ള സുരക്ഷാ സംഘമുണ്ടാകും. റോഡുകളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സാന്നിധ്യവും ഉറപ്പാക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മോണോ റയില്‍ കോര്‍പറേറ്റ് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വന്‍സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടും മാധ്യമപ്രവര്‍ത്തകരായും കൗണ്‍സിലര്‍മാരായും അഭിനയിച്ചെത്തിയ ഡി വൈ എഫ് ഐ വനിതാ പ്രവര്‍ത്തകര്‍ സുരക്ഷാ വലയം ഭേദിച്ചു കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി കാണിച്ച ശേഷം ഔദ്യോഗിക വാഹനത്തിനു മുന്നില്‍ കിടന്ന വനിതാ ഡി വൈ എഫ് ഐ വനിതാ പ്രവര്‍ത്തകരെ ഏറെ പണിപ്പെട്ടാണ് വനിതാ പോലിസ് നീക്കം ചെയ്തത്.

 

Latest