Connect with us

Eranakulam

നവജാത ശിശുമരണ നിരക്കില്‍ കേരളം ഏറ്റവും പിറകില്‍

Published

|

Last Updated

കൊച്ചി: കേരളത്തിലെ നവജാത ശിശുമരണ നിരക്ക് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിലയായ ഏഴില്‍ എത്തിക്കാനായെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നവജാത ശിശു പുനരുജ്ജീവന പരിപാടി(ബി എന്‍ ആര്‍ പി)യുടെ കോ-ഓര്‍ഡിനേറ്റര്‍ സച്ചിദാനന്ദ കമ്മത്ത്. മികച്ച ആരോഗ്യ പരിപാലന സൗകര്യങ്ങളോടൊപ്പം വേണ്ട പരിശീലനം നല്‍കി പ്രാദേശിക ജീവനക്കാരെ ശാക്തീകരിച്ചതുവഴിയാണ് ഇതു സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ശ്വാസം മുട്ടല്‍, ജനന സമയത്തെ സങ്കീര്‍ണതകള്‍ തുടങ്ങിയ പ്രശ്‌നങ്ങളാലുള്ള നവജാത ശിശു മരണങ്ങള്‍ക്കെതിരെ പോരാടുന്ന ബി എന്‍ ആര്‍ പിയുടെ നേട്ടങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡോ. .കമ്മത്ത്. ഓരോ മണിക്കൂറിലും 100 നവജാതശിശുക്കള്‍ മരിക്കുന്ന ഇന്ത്യയിലെ ഉയര്‍ന്ന നിരക്ക് പിടിച്ചു നിര്‍ത്തേണ്ടതുണ്ടെന്ന് കമ്മത്ത് പറഞ്ഞു. അതായത് ഒരു വര്‍ഷം 10 ലക്ഷം ശിശുക്കളാണ് മരിക്കുന്നത്. ആഗോള തലത്തിലെ 25 ശതമാനം വരും ഇത്.
ഹെല്‍ത്ത് സര്‍വീസസിലെ അഡീഷണല്‍ ഡയറക്ടറും എന്‍ ആര്‍ എച്ച് എം സംസ്ഥാന പരിപാടിയുടെ മാനേജരുമായ ഡോ. പി കെ ജമീല 2009 നവംബറില്‍ എറണാകുളത്ത് ആരംഭിച്ച ശാക്തീകരണ പരിപാടിയിലൂടെ ശിശുമരണ നിരക്ക് ഗണ്യമായി കുറക്കാന്‍ കഴിഞ്ഞു. നാല് വര്‍ഷത്തിനിടെ 119 പരിശീലന പരിപാടികളിലൂടെ 14 ജീല്ലകളിലായി 4,580 പ്രൊഫഷണലുകള്‍ക്ക് ട്രെയിനിംഗ് നല്‍കി.
18 മണിക്കൂറോളം നീളുന്ന ബി എന്‍ ആര്‍ പി പരിശീലന പരിപാടിയിലൂടെ, ശ്വാസംമുട്ടല്‍ പോലുള്ള കാരണങ്ങള്‍ കൊണ്ടുള്ള നവജാത ശിശുമരണങ്ങള്‍ ചെറുക്കുന്നതിനുവേണ്ട കാര്യങ്ങള്‍ ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുമെന്ന് ഡോ. കമ്മത്ത് പറഞ്ഞു. ഓരോ പ്രസവ സമയത്തും ഈ പരിശീലനം ലഭിച്ച ഒരാളെങ്കിലും ഉണ്ടാകണം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നവജാതശിശു മരണ നിരക്കുള്ള 50 ജില്ലകളിലായി 50,000 ആരോഗ്യ പരിപാലക പ്രൊഫഷണലുകളെ പരിശീലിപ്പിക്കണമെന്നാണ് എന്‍ ആര്‍ പി പരിപാടിയുടെ ലക്ഷ്യമെന്നും ഡോ. കമ്മത്ത് അറിയിച്ചു.
പരിപാടി വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായി 2004ലെ ആയിരത്തിന് 37 എന്ന നിലയില്‍ നിന്നും ആയിരത്തിന് 31 എന്ന നിലയിലേക്ക് ദേശീയ തലത്തില്‍ നവജാതശിശു മരണ നിരക്ക് താഴ്ന്നു. കേരളത്തില്‍ എക്കാലത്തെയും കുറഞ്ഞ നിരക്കായ ഏഴിലെത്തിയതായും അദ്ദേഹം പറഞ്ഞു.