Connect with us

Articles

മഴയെ കരുതിവെക്കാന്‍ മാര്‍ഗങ്ങള്‍ വേണം

Published

|

Last Updated

കേരളത്തില്‍ ഇത്തവണ ഇടവപ്പാതി, ജൂണ്‍ മഴകള്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമൃദ്ധവും സുലഭവുമായി ലഭിക്കുകയുണ്ടായി. കഴിഞ്ഞ 22 വര്‍ഷത്തിനിടയിലെ അസാധാരണ മഴയാണ് ഇത്തവണത്തേത് എന്ന വിലയിരുത്തലുകളുമിറങ്ങി. കേരളത്തില്‍ മഴ ഏറിയാലും കുറഞ്ഞാലും പെയ്യുന്ന മഴയെ ഉപയോഗിക്കാന്‍ നമുക്കാവുന്നുണ്ടോ എന്നതാണ് വിഷയം. പെയ്തുകൊണ്ടിരിക്കുന്ന മഴ റോഡുകളിലും വഴികളിലും വന്‍ വെള്ളക്കെട്ടുകളും യാത്രാതടസ്സങ്ങളും സൃഷ്ടിക്കുന്നതു വാര്‍ത്തകളായി വരുന്നു. മുന്‍കാലങ്ങളിലെ സുഗമമായ ജലഗമന മാര്‍ഗങ്ങള്‍ അടഞ്ഞും ഇല്ലാതെയും വരുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് നഗരങ്ങളിലെ മഴക്കാല വെള്ളക്കെട്ടുകളും മാര്‍ഗതടസ്സങ്ങളും. ചതുപ്പു നിലങ്ങളും തോടുകളും ഓവുചാലുകളും മണ്ണിട്ടു നികത്തി മഴ വെള്ളത്തിന്റെ ഇടങ്ങളെ നിഷേധിക്കുന്ന പുതിയ കാല കെട്ടിട നിര്‍മാണ, വികസന രീതികളുടെ തുടര്‍ച്ചയാണ് നഗരങ്ങളില്‍ ഉടലെടുക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍. നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ജലാശയങ്ങളും പാടങ്ങളും മണ്ണിട്ടു നികത്തി നിര്‍മിക്കുന്ന കെട്ടിടങ്ങളും ഫ്‌ളാറ്റുകളും നിഷേധിക്കുന്നത് മഴക്കാല ജലസമൃദ്ധിയുടെ പഴയ കാല സൂക്ഷിപ്പു കേന്ദ്രങ്ങളെയാണ്.

മഴക്കാലത്ത് വെള്ളത്തിന്റെ കുത്തൊഴുക്കും റോഡുകളിലേക്കും നഗരവീഥികളിലേക്കും വന്നെത്തുന്ന വെള്ളക്കെട്ടുകളുമാണ് നമ്മുടെ പ്രശ്‌നമെങ്കില്‍ വേനലില്‍ കടുത്ത ജലദാരിദ്ര്യമാണ് പ്രതിസന്ധിയായി വരുന്നത്. സമൃദ്ധമായി മഴ പെയ്ത മഴക്കാലത്തിന് ശേഷവും വേനലില്‍ കടുത്ത ജലക്ഷാമത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ മഴക്കാലവും അവയുടെ തുടര്‍ഫലങ്ങളായ ജലസമൃദ്ധിയും പച്ചപ്പുമെല്ലാം യഥാര്‍ഥത്തില്‍ ഇവിടങ്ങളിലെ തോടുകള്‍, കുളങ്ങള്‍, പാടങ്ങള്‍, ചതുപ്പു നിലങ്ങള്‍ എന്നിങ്ങനെയുള്ള ജസസ്രോതസ്സുകളെയും ജലഗമന, ശേഖര ഉപാധികളെയും ആശ്രയിച്ചാണ് നിലനിര്‍ക്കുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങള്‍ ഭൂമിക്ക് നല്‍കുന്ന ഈര്‍പ്പവും നനവും കുളിര്‍മയും കേരളത്തിന്റെ പ്രകൃതിയെയും പരിസ്ഥിതിയെയും ഒരുതരം ജലസംരക്ഷിത തത്വത്തിലേക്ക് നയിച്ചിരുന്നതായി കാണാം. കുളങ്ങളും കിണറുകളും വറ്റാതിരുന്നതും പാടങ്ങളിലും ചതുപ്പുകളിലും കൊടും വേനലില്‍ പോലും വെള്ളം അവശേഷിച്ചിരുന്നതും, മഴവെള്ളം ശേഖരിച്ചുവെക്കുന്ന അനേകം സ്ഥലങ്ങളും പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ സംവിധാനങ്ങളും ഉണ്ടായതുകൊണ്ടാണ്. മഴവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്ന ഇടങ്ങളായിരുന്നു ചതുപ്പുകളും കുളങ്ങളും വെള്ളംകെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും വയലുകളുമെല്ലാം. ഇവയുടെ തിരോധാനം പ്രകൃതിദത്തവും സ്വാഭാവികവുമായ മഴ ശേഖരണത്തെ തടസ്സപ്പെടുത്തുകയും പെയ്തിറങ്ങുന്ന മഴവെള്ളമത്രയും ദിക്കറിയാതെ താഴ്ന്ന ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. പഴയ രീതിയിലുള്ള ആഴവും വിസ്തൃതിയുമുള്ള കിണറുകള്‍ ജലശേഖരണത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു.
ഭൂമിക്കു മുകളില്‍ പെയ്തിറങ്ങുന്ന വെള്ളം ആഴ്ന്നിറങ്ങി ഉണ്ടാകുന്നവയാണ് ഉറവകളില്‍ ഏറിയ പങ്കും. ഉറവകളെ നിലനിര്‍ത്തുന്നത് സ്വാഭാവികവും പ്രകൃതിദത്തവുമായ മഴ ശേഖരണ ഘടകങ്ങളാണ്. വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളുടെ അഭാവം ഉറവകളുടെ ജലസമൃദ്ധിയിലും കുറവ് വരുത്തുകയുണ്ടായി. കിണര്‍ കുഴിക്കുമ്പോള്‍ ആഴം വര്‍ധിപ്പിച്ചു ഭൂമി തുരക്കുന്ന അവസ്ഥയുണ്ടായിട്ടും വെള്ളം കണ്ടെത്താതെ വരുന്നതിനെ തുടര്‍ന്നാണ് നാട്ടിന്‍പുറങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമായത്. ഇന്ന് നമ്മുടെ കിണര്‍ സങ്കല്‍പ്പം എത്തിനില്‍ക്കുന്നത് കുഴല്‍ കിണറുകളിലാണ്. ഒരു പുതിയ വീടുണ്ടാക്കുമ്പോള്‍ ചിന്തിക്കുന്നത് പണ്ടത്തെപ്പോലുള്ള വട്ടക്കിണറിനെക്കുറിച്ചല്ല; ഭൂമി തുരന്ന് ആഴങ്ങളില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന കുഴല്‍ക്കിണറിനെക്കുറിച്ചാണ്. ഭൂമിക്ക് മുകളിലെ ജലശേഖരണ ഉപാധികള്‍ ഇല്ലാതായതിനാല്‍ ഭൂമിക്കടിയിലെ ഉറവകളിലും കുറവ് വന്നിട്ടുണ്ട്. തൊട്ടടുത്ത ഇടങ്ങളില്‍ കുഴല്‍ കിണറുകള്‍ വരുമ്പോള്‍ കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേക്ക് പോകേണ്ടിവരന്നു. ഇത്തരം കുഴല്‍ക്കിണറുകള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തെ ഉറവകളെയും കിനിവുകളെയും ഇല്ലാതാക്കിക്കൊണ്ടിരിക്കയാണ്.
മഴ എത്ര ലഭിച്ചാലും പഴയ കാലത്തെപ്പോലെ വേനലിലേക്ക് ആ മഴ ഫലങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ നല്ല മഴ ലഭിച്ച മഴക്കാലത്തിന് ശേഷം വരുന്നത് തീക്ഷ്ണമായ വേനലായിരിക്കും എന്നതാണ് കേരളത്തിന്റെ നിലവിലുള്ള കാലാവസ്ഥാ സ്വഭാവം. മഴയുടെ സമൃദ്ധിയില്‍ നിന്ന് പണ്ട് കേരളീയ പ്രകൃതി കരുതിവെച്ചിരുന്ന ഗുണങ്ങളും നേട്ടങ്ങളും ഇന്ന് നമുക്ക് ലഭ്യമാകുന്നില്ല. ഈയവസ്ഥക്ക് പരിഹാരവും മഴയുടെ നേട്ടങ്ങള്‍ നിലനിര്‍ത്താനുള്ള പുതിയ ജലസംരക്ഷണ തന്ത്രവും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്ന് പെയ്തുതീരുന്ന മഴ അണക്കെട്ടുകളെയും ജലാശയങ്ങളെയും നിറച്ചു പിന്‍വാങ്ങുന്നു. അതേസമയം, പ്രകൃതിയില്‍ ആ മഴയുടെ അവശേഷിപ്പുകള്‍ കുറഞ്ഞുവരുന്നു. ഈ അവസ്ഥ കേരളത്തെ പുതുക്കെപ്പതുക്കെ ഒരു തരിശാക്കി മാറ്റാനിടയുണ്ട് എന്നതുകൊണ്ടാണ് മഴവെള്ളം കരുതിവെക്കാന്‍ ആവശ്യമായ നടപടികളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടിവരുന്നത്. നിലവിലുണ്ടായിരുന്ന ജലാശയങ്ങളെയും ജലസ്രോതസ്സുകളെയും ഉന്മൂലനം ചെയ്യുന്ന നഗരവത്കരണ, വികസന രീതികള്‍ വരും കാലത്ത് വേനലിന്റെ അനുഭവങ്ങളെ കൂടുതല്‍ തീക്ഷ്ണമാക്കാനിടയുണ്ട്. മഴവെള്ളം ശേഖരിച്ചു സൂക്ഷിക്കാനുള്ള പദ്ധതികള്‍ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്.
മഴ ശേഖരിക്കുന്നതിനുള്ള ഉപാധികളില്‍ ഏറ്റവും ഫലപ്രദവും കേരളീയ പ്രകൃതിക്കിണങ്ങിയതും പൂര്‍വകാല രീതികള്‍ തന്നെയാണ്. പാടങ്ങളെയും വയലുകളെയും തോടുകളെയും ചതുപ്പുകളെയും അവയായിത്തന്നെ നിലനിര്‍ത്തുക, പഴയ മട്ടിലുള്ള ആഴവും പരപ്പുമുള്ള കുളങ്ങളും കിണറുകളും നിര്‍മിക്കുക എന്നിങ്ങനെയുള്ള പാരമ്പര്യ രീതികള്‍ തന്നെയാണ് ഏറ്റവും ഫലപ്രദം. പക്ഷേ, പഴയ കാല ജലസംരക്ഷണ രീതികള്‍ നമുക്കിന്ന് “സ്ഥലം മുടക്കി”കളായി മാറിയിരിക്കയാണല്ലോ. അതിനാല്‍ പുതിയ രീതികള്‍ ആവിഷ്‌കരിക്കാവുന്നതാണ്. ടെറസുകളുടെ വിശാലതയില്‍ പതിക്കുന്ന മഴ വെള്ളം ഭൂമിക്കടിയിലെ കൃത്രിമ ജലാശയങ്ങളില്‍ എത്തിച്ചു സൂക്ഷിക്കാവുന്നതാണ്. ഭൂമിക്കടിയില്‍ ആഴത്തിലും വീതിയിലും കൃത്രിമ ജലാശയങ്ങള്‍ സൃഷ്ടിച്ച് മഴവെള്ളം ശേഖരിച്ചുവെക്കാം. ഇത്തരം കൃത്രിമ ജലാശയങ്ങളുടെ ചുറ്റിനും ഭിത്തിയോട് ചേര്‍ന്ന് കയര്‍ പായകളും കയര്‍ കവചങ്ങളും ഉപയോഗിക്കുന്നത് ജലം ബാഷ്പീകരിച്ചും വറ്റിയും ഇല്ലാതായിപ്പോകുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കും.
വിശാലമായ പുരയിടങ്ങള്‍ ഉള്ളവര്‍ക്കും വീടിനു ചുറ്റം സ്ഥലം ഒഴിഞ്ഞുകിടപ്പില്ലാത്തവര്‍ക്കും ഇത്തരം കൃത്രിമ ജലാശയങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. പുരയിടങ്ങളിലെ ഒരു ഭാഗം ഇതിനായി നീക്കിവെച്ച് ഭൂമിക്കിടയില്‍ ഇത്തരം ജലാശയങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ മുകള്‍ ഭാഗത്ത് സാധാരണ പോലെ ചെടികളും ആഴത്തില്‍ വേരുപടലങ്ങള്‍ എത്താത്ത ചെറിയ വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് ആ ഭൂമിയെ പതിവു പേലെ ഉപയോഗിക്കാം. കൃത്രിമ ജലാശയങ്ങള്‍ ഭൂമിക്ക് മുകളില്‍ വെയിലും കാറ്റും ഏറ്റു നിലനില്‍ക്കുന്നതാണ് അവയുടെ സംശുദ്ധിക്ക് ഏറെ ഉപകാരപ്രദം. എന്നാല്‍, ഭൂമിക്കു മുകളിലുള്ള ഇത്തരം ജലാശയങ്ങള്‍ക്ക് മണ്ണുമായി സ്വാഭാവിക ബന്ധമാണ് ഉണ്ടായിരിക്കേണ്ടത്. കോണ്‍ക്രീറ്റ് ചുമരുകള്‍ കൊണ്ട് അവയെ ഭൂമിയില്‍ നിന്നകറ്റുന്നത് വെള്ളത്തിന് ഭൂമി നല്‍കുന്ന സ്വാഭാവികമായ സംരക്ഷണം ഇല്ലാതാക്കാന്‍ ഇടയാക്കും. അതേസയമം, ഭൂമിക്കടിയില്‍ നിര്‍മിക്കുന്ന കൃത്രിമ ജലാശയങ്ങളുടെ ചുമരുകള്‍ കോണ്‍ക്രീറ്റാണെങ്കില്‍, കോണ്‍ക്രീറ്റ് മതിലുകള്‍ക്കു ചുറ്റുമായി കയര്‍ പായകള്‍ ഉപയോഗിക്കുന്നത് മതിലുകളെ ജലസൗഹൃദത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കും. ഒരു വര്‍ഷം വരെ നീണ്ട സമയപരിധിയില്‍ ഇത്തരം കൃത്രിമ ജലാശയങ്ങളിലെ ജലം സംരക്ഷിച്ചു ഉപയോഗിക്കാന്‍ കഴിയും. അതേസമയം, നേരത്തെ സൂചിപ്പിച്ച പോലെ ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദവും പാരിസ്ഥിതിത സ്വഭാവമുള്ളതുമായ രീതി; കുളങ്ങള്‍, തോടുകള്‍, ചതുപ്പുകള്‍, വയലുകള്‍ എന്നിവ നിലനിര്‍ത്തുന്നതു തന്നെയാണ്. ഈ ജല സ്രോതസ്സുകളെ വേനലില്‍ ആശ്രയിക്കാവുന്നതും ഇവ പ്രകൃതിക്കിണങ്ങിയതുമാണ്.