Connect with us

Kozhikode

കല്ലേരിയില്‍ സി പി എം - ലീഗ് സംഘര്‍ഷം; ആറ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

വടകര: കല്ലേരിയില്‍ സി പി എം – ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്ക്. സംഘര്‍ഷ മേഖലയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു.
ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരിയിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ സി പി എം പ്രവര്‍ത്തകരായ വടക്കയില്‍ പ്രബീഷ് (28)നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുഴിച്ചാലില്‍ സുഗേഷി(22)നെ വടകര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പറമ്പില്‍ നൗഫല്‍, ചെട്ടിയന്റെ കണ്ടിനിവാസ്, കുനിയില്‍ ഷംനാദ്, താഴെ കോരമ്പത്ത് ന്യൂമന്‍ എന്നിവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ധീര ജവാന്മാരുടെ സ്മരണക്കായി പേരാകൂലില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും ഡാസ്‌ലേഴ്‌സ് ആര്‍ട്‌സ് ക്ലബിന്റെ ഓഫീസും തകര്‍ക്കപ്പെട്ടു.
പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടയില്‍ കല്ലേരി റേഷന്‍കടക്ക് സമീപമുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് കൊടുവാള്‍, കത്തി, ഇരുമ്പ്‌വടി, മരത്തിന്റെ വടി എന്നിവ കണ്ടെടുത്തത്. അസ്‌ലാം എന്നയാളുടെ ഉമടസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest