‘മലയാളി ഹൗസി’നെതിരെ ‘ബിഗ്‌ബോസ്’ ഹൈക്കോടതിയില്‍

Posted on: June 29, 2013 8:06 pm | Last updated: June 29, 2013 at 8:06 pm
SHARE

MALAYALI HOUSEമുംബൈ: ധാര്‍മികതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തില്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസ് റിയാലിറ്റി ഷോക്കെതിരെ ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കള്‍ പരാതി നല്‍കി. കളേഴ്‌സ് ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മലയാളി ഹൗസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പകര്‍പ്പവാശ നിയമ ലംഘന പ്രകാരം മലയാളി ഹൗസിന്റെ സംപ്രേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. മലയാളി ഹൗസ് നിര്‍മാതാക്കളായ സണ്‍ നെറ്റ് വര്‍ക്ക്, വേദാര്‍ഥാ എന്റര്‍ടെയ്ന്‍മെന്റ് എന്‍ഡോമോളിലെ രണ്ട് മുന്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

എന്‍ഡമോള്‍ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥ എന്റര്‍ടെയ്ന്‍മെന്റില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ഇവര്‍ ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സൂര്യ ടി വിയില്‍ സംപ്രേഷണം ചെയ്യുന്ന മലയാളി ഹൗസിനെതിരെ വ്യാപകമായ പരാതി നിലനില്‍ക്കുന്നുണ്ട്. സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന രീതിയില്‍ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ നിര്‍ത്തണമെന്ന് മഹിളാ സംഘടനകള്‍ ഉള്‍പ്പെടെ ബഹുഭൂരിഭാഗവും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് റിയാലിറ്റി ഷോയുമായി മുന്നോട്ടുപോകുകയാണ് സൂര്യാ ടിവി.

പരസ്പരം പരിചയമില്ലാത്ത 16 പേര്‍ അടച്ചിട്ട വീട്ടില്‍ നൂറുദിവസം ഒരുമിച്ചു കഴിയുന്നതാണ് റിയാലിറ്റി ഷോ. 30 ക്യാമറകള്‍ ഇവരുടെ സകല ചലനങ്ങളും സദാസമയം ഒപ്പിയെടുക്കും. പേനയും, പെന്‍സിലുമില്ല, ഫോണും ഇന്റര്‍നെറ്റ് ബന്ധങ്ങളുമില്ല, പുറം ലോകവുമായി ഒരു ബന്ധവുമില്ല, നൂറ് ശതമാനം റിയാലിറ്റിയായ റിയാലിറ്റി ഷോ തുടങ്ങിയ അവകാശവാദവുമായി നടത്തുന്ന റിയാലിറ്റിഷോയുടെ പല അവകാശവാദങ്ങളും ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെയും മറ്റും തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. റിയാലിറ്റി ഷോ വിവാദമായതോടെ അതിന്റെ അവതാരകയായിരുന്ന പ്രശസ്ത നടി രേവതി രാജിവെക്കുകയും ചെയ്തിരുന്നു.

സി പി എം വിട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ സിന്ധുജോയി, അശ്വമേധം ഫെയിം ഗ്രാന്റ്മാസ്റ്റര്‍ ജി എസ് പ്രദീപ്, സന്തോഷ് പണ്ഡിറ്റ്, നടികള്‍, നടന്മാര്‍, മോഡലുകള്‍ തുടങ്ങിയവരാണ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്. ഹൈദരാബാദിലാണ് റിയാലിറ്റി ഷോയുടെ ലൊക്കേഷന്‍.