Connect with us

Kerala

ശംഖുമുഖത്ത് വെച്ച് മുഖ്യമന്ത്രിക്ക് കരിങ്കൊടി; വാഹനവ്യൂഹം തടയാനും ശ്രമം

Published

|

Last Updated

തിരുവനന്തപുരം: യു എന്‍ പുരസ്‌കാരം ഏറ്റുവാങ്ങി തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ശംഖുമുഖത്ത് വെച്ചാണ് ഡി വൈ എഫ് ഐക്കാര്‍ കരിങ്കൊടി കാണിച്ചത്. 25ഓളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാവിലെ ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി എത്തിയപ്പോഴും ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പലയിടത്തും തടയാനും ശ്രമമുണ്ടായി. ബൈപ്പാസില്‍ ബി ജെ പി, യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് വാഹനം തടയാന്‍ ശ്രമിച്ചത്. ഇവരെ പോലീസ് മാറ്റിയതോടെ മുഖ്യമന്ത്രിയുടെ വാഹനം സുഗമമായി കടന്നുപോയി. പേട്ടാ ജംഗ്ഷനില്‍ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. നൂറോളം പ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നു. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ എവിടെയും തടസ്സപ്പെടാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി.

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ജോപ്പന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഇടതു സംഘടനകള്‍ സമരം ശക്തമാക്കിയതിന്റെ സൂചനയാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍. മുഖ്യമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്.

Latest