Connect with us

Kerala

കോടികളുടെ തട്ടിപ്പ്: പ്രതികളുടെ ഹവാല ഇടപാടുകള്‍ അന്വേഷിക്കുന്നു

Published

|

Last Updated

കൊച്ചി: വിദേശ കറന്‍സി വ്യാപാരത്തിന്റെ മറവില്‍ കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കോടതി റിമാന്‍ഡ് ചെയ്തു. വിസ്‌മോര്‍ ട്രേഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ ചേര്‍ത്തല തൈക്കാട്ടുശ്ശേരി ചോളംതറ വീട്ടില്‍ ആന്റണി ദേവസ്യ (36), കുമ്പളം പാരിക്കാപ്പള്ളി വീട്ടില്‍ ജയക്കുട്ടന്‍ (38) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
പാലാരിവട്ടം ചക്കരപ്പറമ്പ് കണ്ണക്കാട്ട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വിസ്‌മോറില്‍ 67 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട എളമക്കര സ്വദേശി റോയി മാമന്റെയും 43 ലക്ഷം രൂപ നഷ്ടപെട്ട ഇടപ്പള്ളി സ്വദേശി വിനോദിന്റെയും പരാതി പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറുപതോളം നിക്ഷേപകരില്‍ നിന്നായി എട്ട് കോടിയോളം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. 20 പേര്‍ ഇതുവരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥ തട്ടിപ്പ് ഇതിന്റെ പല മടങ്ങ് വരുമെന്നാണ് സൂചന. കൂടുതല്‍ പേര്‍ പരാതിയുമായി പോലീസിനെ സമീപിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ പ്രമുഖ സ്വര്‍ണപ്പലിശ സ്ഥാപനങ്ങളടക്കം വിസ്‌മോറില്‍ വന്‍ തുക നിക്ഷേപിച്ചതായാണ് അറിയുന്നത്. ചെന്നൈയിലും ഹൈദരാബാദിലും മറ്റും സ്ഥാപനങ്ങള്‍ നടത്തി ഇവര്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. ഇവര്‍ നടത്തിയ വമ്പന്‍ ഹവാല ഇടപാടുകളും പോലീസിന്റെ പരിശോധനയിലാണ്.
2011 ജൂണ്‍ മുതലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. വിദേശ കറന്‍സി വ്യാപാരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ പലിശ വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നും പണം തട്ടിയെടുത്തത്. എസ് .എസ് .എല്‍ .സി വിദ്യാഭ്യാസം മാത്രമുള്ള പ്രതികള്‍ ഷെയര്‍ ട്രേഡിംഗ് രംഗത്ത് നടത്തിയ ചെറിയ നിക്ഷേപങ്ങളിലൂടെ നേടിയ പരിചയത്തിലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് വന്‍ തുക പലിശയിനത്തില്‍ നല്‍കിയതോടെയാണ് കൂടുതല്‍ പേര്‍ നിക്ഷേപത്തിലേക്ക് ആകൃഷ്ടരായത്.
പണം അഞ്ചും പത്തും ലക്ഷങ്ങളായി, ദുബൈ അജ്മാന്‍ ഫ്രീ സോണിലുള്ള വിസ്‌മോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ അതേ പേരില്‍ വിസ്‌മോര്‍ ട്രേഡിംഗ് എഫ്.ഇസഡ്.സി എന്ന മറ്റൊരു സ്ഥാപനത്തിന്റെ പേരില്‍ ഇവര്‍ വിദേശ കറന്‍സി വ്യാപാരത്തില്‍ ഏര്‍പ്പെടുകയായിരുന്നു. നിക്ഷേപകരില്‍ നിന്ന് വാങ്ങുന്ന പണത്തിന് അപ്പോള്‍ തന്നെ എഗ്രിമെന്റിനൊപ്പം കൊടുക്കുന്ന തുകക്കുള്ള ചെക്കും ഇവര്‍ ഒപ്പിട്ട് നല്‍കിയാണ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തത്. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച കോടികള്‍ അനധികൃത പണമിടപാട് സ്ഥാപനങ്ങള്‍ വഴി അമേരിക്കന്‍ ഡോളറിലേക്ക് മാറ്റം ചെയ്തും വിദേശ കറന്‍സി വ്യാപാരത്തില്‍ യൂറോയുമായി നേരിട്ടുള്ള ഓണ്‍ ലൈന്‍ കറന്‍സി വ്യാപാരത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു പതിവ്. ആലുവ, കൊടുങ്ങല്ലുര്‍, ചേര്‍ത്തല, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും തട്ടിപ്പിന് ഇരയായത്. പ്രതികളുടെ ഒഫീസുകളുലും വീടുകളിലും ഒരേ സമയം റെയ്ഡ് നടത്തി പോലീസ് നിരവധി രേഖകള്‍ പിടിച്ചെടുത്തു. സമാന സ്വഭാവമുള്ള തട്ടിപ്പിന് വേണ്ടി പ്രതികള്‍ ചെന്നൈയിലും ഹൈദരാബാദിലും മറ്റും സ്ഥാപനങ്ങള്‍ നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.