സ്‌നോഡെന്‍ ‘ഒളിവില്‍’

Posted on: June 26, 2013 7:49 am | Last updated: June 26, 2013 at 7:49 am
SHARE

everd snodenമോസ്‌കോ: അമേരിക്ക വ്യാപകമായി ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട യു എസ് മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്‌നോഡെന്‍ ഒളിവില്‍. ഹോംഗ്‌കോംഗില്‍ നിന്ന് മോസ്‌കോയിലേക്കും തുടര്‍ന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് തിരിക്കുകയും ചെയ്‌തെന്ന വാര്‍ത്ത തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്‌നോഡെന്‍ ‘അപ്രത്യക്ഷ’നായത്. ഹവാന വഴി ഇക്വഡോറില്‍ അഭയം തേടുമെന്നായിരുന്നു വാര്‍ത്തകള്‍.
സ്‌നോഡെന്‍ റഷ്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറയുന്നത്. ഹോംഗ്‌കോംഗില്‍ നിന്ന് തിങ്കളാഴ്ച മോസ്‌കോയിലെത്തിയെന്ന വാര്‍ത്തയാണ് റഷ്യ നിഷേധിച്ചത്. സ്‌നോഡെന്റെ പേരിലുള്ള പാസ്‌പോര്‍ട്ട് അമേരിക്ക റദ്ദാക്കിയിട്ടുണ്ട്. സ്‌നോഡെന്‍ ഹോംഗ്‌കോംഗ് വിടുന്നത് എളുപ്പമാക്കിയെന്ന യു എസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചൈന അറിയിച്ചു. ചാരവൃത്തിക്കേസ് ചുമത്തിയ സ്‌നോഡെനെ ഹോംഗ്‌കോംഗ് വിടാന്‍ അനുവദിച്ച ചൈനയുടെ നടപടിയെ യു എസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം.
ചാരവൃത്തി ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അമേരിക്ക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സ്‌നോഡെന് അഭയം നല്‍കുമോയെന്ന് വ്യക്തമാക്കാന്‍ ഇക്വഡോര്‍ വിദേശകാര്യ മന്ത്രി റിക്കാര്‍ഡോ പാറ്റിനോ തയ്യാറായില്ല. സ്‌നോഡെനെ കുറിച്ച് രാജ്യത്തിന് യാതൊരു വിവരവുമില്ലെന്നും യാത്രക്ക് ഏത് രേഖകളാണ് ഉപയോഗിക്കുന്നതെന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വദേശികളുടെയും വിദേശികളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സ്‌നോഡെന്‍ പുറത്തുവിട്ടത്. പ്രിസം എന്ന പേരില്‍ കോടതിയുടെ രഹസ്യ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ എസ് എ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയത്. രാജ്യദ്രോഹ കുറ്റം ചെയ്ത സ്‌നോഡനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യു എസ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, എഡ്വേര്‍ഡ് സ്‌നോഡെന്‍ ആരോഗ്യവാനും സുരക്ഷിതനുമാണെന്ന് വിക്കിലീക്‌സ് സ്ഥാപക നേതാവ് ജൂലിയന്‍ അസാന്‍ജെ പറഞ്ഞു. എന്നാല്‍, സ്‌നോഡെന്‍ ഇപ്പോള്‍ എവിടെയാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.