പ്രധാനമന്ത്രിയുടെ കാശ്മീര്‍ സന്ദര്‍ശനം നാളെ മുതല്‍

Posted on: June 24, 2013 12:37 am | Last updated: June 24, 2013 at 12:37 am
SHARE

manmohanശ്രീനഗര്‍: ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നാളെയെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചത് സുരക്ഷ സംബന്ധിച്ച ആശങ്കകളുയര്‍ത്തിയിട്ടുണ്ട്. രണ്ട് ദിവസമാണ് പ്രധാനമന്ത്രി സംസ്ഥാനത്തുണ്ടാകുക.
പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസും സി ആര്‍ പി എഫും ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുമുണ്ട്. പ്രധാനമായും മോട്ടോര്‍ സൈക്കിളുകളിലാണ് പരിശോധന. ശ്രീനഗറില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളലെ ദൃശ്യങ്ങള്‍ പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്. ദാല്‍ തടാകത്തിനടുത്തുള്ള ഷേറേ കാശ്മീര്‍ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിംഗ് പങ്കെടുക്കുന്ന പ്രധാന ചടങ്ങ് നടക്കുക. ഇവിടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ ്(എസ് പി ജി) അംഗങ്ങളെത്തി പരിശോധന നടത്തി.
ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലെ ബാനിഹാള്‍ പട്ടണം മന്‍മോഹന്‍ സിംഗ് സന്ദര്‍ശിക്കും. ഖാസികുണ്ഡ് – ബാനിഹാള്‍ റെയില്‍ ലൈന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ റൂട്ടില്‍ 11 കിലോമീറ്റര്‍ തുരങ്കമാണ്.