Connect with us

Gulf

ഉമ്മന്‍ചാണ്ടിക്ക് തെറ്റ് പറ്റാം: മന്ത്രി കുഞ്ഞാലിക്കുട്ടി

Published

|

Last Updated

ദുബൈ: സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് തെറ്റ് പറ്റാമെന്നും മനഃപൂര്‍വം ഒരു തെറ്റിന് കൂട്ടുനില്‍ക്കുന്ന ആളല്ല മുഖ്യ മന്ത്രിയെന്നും ഐ ടി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയുമായി വര്‍ഷങ്ങളായി സഹവസിക്കുന്ന ആളാണ് ഞാന്‍, അദ്ദേഹം ഒരിക്കലും അറിഞ്ഞുകൊണ്ട് ഒരു തെറ്റ് ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം(ഐ എം എഫ്) സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടില്‍ സംഭവിക്കുന്ന കേവല വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ തലയില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയെപ്പോലെ ജനകീയനും സദുദ്ദേശിയുമായ മറ്റൊരാളെ കേരളത്തിന് മുഖ്യമന്ത്രിയായി കിട്ടുമോയെന്നും മുസ്‌ലിം ലീഗ് നേതാവ് കൂടിയായ മന്ത്രി ചോദിച്ചു. ആര് കണാന്‍ വന്നാലും ഇരിക്കാന്‍ പറയുകയും തുറന്ന മനസ്സോടെ ഇടപെടുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി അധികം വൈകാതെ കേരളം മുഴുവന്‍ സഹതാപ തരംഗം ആഞ്ഞടിക്കുമെന്നതില്‍ സംശയമില്ല. സരിത വിവാദം ഉമ്മന്‍ ചാണ്ടിയെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അത് വിജയിക്കില്ല. ആരെങ്കിലും ആരെയെങ്കിലും വിളിച്ചെന്ന് കരുതി അതിനെല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. സംസ്ഥാനം പ്രളയത്തില്‍ മുങ്ങവേ സരിത പ്രശ്‌നം ചര്‍ച്ചക്കും കോലാഹലത്തിനും എടുത്തിട്ടത് ശരിയല്ല. വല്ലതും ഉണ്ടെങ്കില്‍ തരക്കേടില്ല, ഇത് നിയമസഭയുടെയും നേതാക്കളുടെയും സമയം കളയാന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ. ജനങ്ങളുടെ ശ്രദ്ധ രാജ്യതാല്‍പര്യങ്ങളിലേക്കാണ് കൊണ്ടുവരേണ്ട തെന്നും മന്ത്രിസഭയിലെ രണ്ടാമനായ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ വിവാദങ്ങള്‍ ഭാവിയെ കൊല്ലാന്‍ പാടില്ല. അടുത്ത തലമുറക്ക് ആവശ്യമായ ഭൗതിക സൗകര്യം ഏര്‍പ്പെടുത്തികൊടുക്കുകയാണ് നാം ചെയ്യേണ്ടത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി. നാല്‍പത് വയസിന് താഴെ പ്രായമുള്ള പുതു തലമുറയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കേരളത്തില്‍ നടക്കുന്ന വിവാദങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല.
ഭാവിയെക്കുറിച്ച് യാഥാര്‍ഥ്യബോധത്തോടെ സ്വപ്‌നം കാണുന്ന ഒരു പുതു തലമുറയാണ് നമുക്ക് ചുറ്റും രൂപപ്പെടുന്നത്. സാധാരണക്കാരെപ്പോലെ അവരെയും വിവാദങ്ങള്‍ സൃഷ്ടിച്ച് വിഡ്ഡികളാക്കാമെന്ന് പ്രതിപക്ഷം ധരിക്കരുത്.
എന്‍ എസ് എസുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ വന്ന എഡിറ്റോറിയലില്‍ മുസ്‌ലിം ലീഗ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു. അത് വെറുമൊരു ആക്ഷേപഹാസ്യമായിരുന്നു. കേസുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യമാണ്. മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവരെ ബഹുമാനിച്ച ചരിത്രമാണ് പാര്‍ട്ടിയുടേത്.
പരിസ്ഥിത സംരക്ഷിച്ചുകൊണ്ടുള്ള വ്യവസായങ്ങള്‍ക്കേ കേരളത്തില്‍ ഭാവിയുള്ളൂ. അത് മുന്നില്‍ കണ്ടാണ് പ്രകൃതിക്ക് കോട്ടം വരാത്ത നോളജ് സിറ്റിപോലുള്ള പദ്ധതികളുമായി യു ഡി എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
കുവൈത്തില്‍ കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവിടെ വേണ്ടത്ര ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. സഊദിയില്‍ ഇടപെട്ട പോലെയുള്ള ഒരു ഇടപെടല്‍ സാധ്യമാക്കാന്‍ ശ്രദ്ധചെലുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐ എം എഫ് പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് നന്ദി പറഞ്ഞു.

Latest