Connect with us

Kozhikode

വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല: മന്ത്രി മുനീര്‍

Published

|

Last Updated

മുളംകുന്നത്തുകാവ്(തൃശൂര്‍): വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മന്ത്രി എം കെ മുനീര്‍. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ സമഗ്ര വികസന ശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷത്തേക്കല്ല, മറിച്ച് ഭാവി തലമുറയെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി പറഞ്ഞു. കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കിലയിലെ അസോ. പ്രൊഫസര്‍മാരായ ഡോ.പീറ്റര്‍ എം രാജ്, ഡോ. സണ്ണി ജോര്‍ജ്, അസി. ഡയറക്ടര്‍ ഡോ. കെ എം സലീം സംസാരിച്ചു. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ മൊയ്തീന്‍ കോയ, കാലിക്കറ്റ് അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബൂബക്കര്‍, കില ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജോസ്‌നമോള്‍, പ്രേമാജോയ്‌സ് സംബന്ധിച്ചു.
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 24 കോര്‍പറേഷന്‍ വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, തിരഞ്ഞെടുക്കപ്പെട്ട 28 റസിഡന്റ്‌സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍, പ്രമുഖ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. കൃഷി, വിദ്യാഭ്യാസം, യുവജനക്ഷേമം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, സാമൂഹികനീതി, അടിസ്ഥാന വികസന സൗകര്യം തുടങ്ങിയ വിഷയങ്ങളെക്കക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചയും തടുര്‍ന്ന് പൊതു ചര്‍ച്ചയുമുണ്ടായി. തുടര്‍ നടപടികള്‍ക്കുള്ള സ്റ്റിയറിംഗ് കമ്മിറ്റിയെയും വര്‍ക്കിംഗ് ഗ്രൂപ്പിനെയും തിരഞ്ഞെടുത്തു.
കില ക്യാമ്പസില്‍ സജ്ജീകരിച്ച് ടെറാക്കോട്ട ശില്‍പ്പങ്ങളുടെ ഗാര്‍ഡനും മന്ത്രി ഉദ്ഘാടനം ചെയ്തു.