Connect with us

International

ബ്രസീലില്‍ പ്രക്ഷോഭം കത്തുന്നു

Published

|

Last Updated

brazilബ്രസീലിയ: പൊതുഗതാഗത സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാത്തതിലും കോണ്‍ഫെഡറേഷന്‍സ്, ലോക കപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവിടുന്നതിലും പ്രതിഷേധിച്ച് ബ്രസീലില്‍ രണ്ടാഴ്ച മുമ്പാരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രൂക്ഷമായി. തലസ്ഥാനമടക്കമുള്ള പ്രധാന നഗരങ്ങള്‍ പ്രക്ഷോഭകരെ കൊണ്ട് സ്തംഭിച്ചു. ബ്രസീലില്‍ രണ്ട് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ പ്രക്ഷോഭമാണിത്.
പ്രക്ഷോഭകരും പോലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. കോണ്‍ഫെഡറേഷന്‍സ് മത്സരങ്ങള്‍ നടക്കാനിരിക്കുന്ന സ്റ്റേഡിയങ്ങള്‍ക്ക് സമീപത്ത് കനത്ത ഏറ്റുമുട്ടല്‍ ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ നഗരമായ സാവോ പോളോയില്‍ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രക്ഷോഭം രൂക്ഷമായതോടെ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് അടിയന്തര കാബിനറ്റ് യോഗം വിളിച്ചു.
രണ്ടാഴ്ച മുമ്പ് തലസ്ഥാന നഗരിയിലും സാവോ പോളോയിലും ആരംഭിച്ച പ്രക്ഷോഭം രാജ്യവ്യാപകമായിട്ടുണ്ട്. നൂറ് നഗരങ്ങളില്‍ കൂറ്റന്‍ സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം പ്രക്ഷോഭത്തിനുണ്ടെന്ന് പ്രക്ഷോഭക നേതൃത്വം അറിയിച്ചു. 12 കോടിയിലധികം ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ ബ്രസീലിയയില്‍ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമാക്കി പ്രകടനം നടത്തിയ പ്രക്ഷോഭകരെ പോലീസ് തടഞ്ഞു. ഇത് കനത്ത ഏറ്റുമുട്ടലിലേക്ക് വഴിമാറാന്‍ കാരണമായി. അക്രമാസക്തരായ പ്രക്ഷോഭകര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങളും കടകളും കത്തിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കുകയും പൊതു ഗതാഗത സര്‍വീസിനുള്ള നിരക്കുകള്‍ ഉള്‍പ്പെടെ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്ത നടപടിയാണ് പ്രക്ഷോഭത്തിന് കാരണമായത്. അടുത്ത വര്‍ഷം ലോക കപ്പ് ഫുട്‌ബോള്‍ നടക്കാനിരിക്കെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത സാധാരണ ജനങ്ങളാണ് പ്രക്ഷോഭത്തില്‍ ഭൂരിഭാഗവും. നല്ലൊരു ശതമാനം വിദ്യാര്‍ഥി സമൂഹവും പ്രക്ഷോഭത്തില്‍ അണി ചേരുന്നുണ്ട്. പൊതു ഗതാഗത സര്‍വീസിന് ചുമത്തിയ അധിക നിരക്കുകള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പുറമെ വ്യവസായത്തിന്റെ മറവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും നടത്തുന്ന അഴിമതി നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉയര്‍ത്തുന്നുണ്ട്.