തീരത്തണയാത്ത ലോഞ്ച് യാത്രക്കാര്‍

Posted on: June 18, 2013 1:05 pm | Last updated: June 18, 2013 at 1:17 pm
SHARE

LAUNCH-YATHRA

”കരകാണാക്കടലലമേലേ…. മോഹപ്പൂങ്കുരുവി പറന്നേ….
അറബിപ്പൊന്‍ നാണ്യം പോലെ… ആകാശത്തമ്പിളി വന്നേ….
ഇളം തെന്നലീണം പാടി വാ…….”

man-desert-Hamed_Saberഈ പാട്ടും പാടി ജീവിതത്തിന്റെ മരുപ്പച്ച തേടി ഉരുവില്‍ കയറി അറേബ്യന്‍ മണലാരണ്യത്തിലേക്ക് പോകുന്ന രണ്ട്‌പേരെ ഓര്‍മയുണ്ടോ?. ഗള്‍ഫ് എത്തിയെന്ന ധാരണയാല്‍ കടലില്‍ ചാടി നീന്തി മദ്രാസ് തീരത്ത് എത്തിയ ദാസനേയും വിജയനേയും. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘നാടോടിക്കാറ്റ്’ സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു ആ ദാസനും വിജയനുമെങ്കില്‍ ആ സിനിമ പുറത്തിറങ്ങുന്നതിനു വളരെ മുമ്പ് ഇത്തരത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ലോഞ്ചില്‍ കയറി സ്വപ്‌നങ്ങളുടെ മരുഭൂമിയിലേക്ക് പുറപ്പെട്ടവര്‍ നിരവധിയാണ്. അവരില്‍ പലരും ഖോര്‍ഫുക്കാന്‍ കടല്‍തീരത്ത് കരപറ്റി. എന്നാല്‍ മറ്റ് ചിലര്‍ യാത്രക്കിടയില്‍ വിശപ്പും ദാഹവും സഹിക്കാനാകാതെ കടല്‍പരപ്പില്‍ മരിച്ച് വീണു.

എഴുപതുകളിലോ അതിനു മുമ്പോ ലോഞ്ച് എന്ന ചരക്ക് കപ്പലില്‍ കയറിയായിരുന്നു മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ തുടക്കം. സ്വപ്‌നങ്ങള്‍ കതിരിടുമ്പോഴെല്ലാം ഗള്‍ഫ് മലയാളിയെ മോഹിപ്പിച്ചു കൊണ്ടിരുന്നു. ഈ കുടിയേറ്റ കാലത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും വിദേശങ്ങളിലായി ചരക്കുമായി പോയിരുന്ന ലോഞ്ച് കയറി ജീവിതം കരുപിടിപ്പിക്കാന്‍ പുറപ്പെട്ടവരില്‍ പലരും തിരിച്ചെത്തിയതേയില്ല.

കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ പ്രതീക്ഷകളുടെ ഭാണ്ഡവും പേറി അവര്‍ നാട്ടില്‍ നിന്ന് ആദ്യം ബോംബെയിലേക്കായിരുന്നു യാത്ര തിരിച്ചിരുന്നത്. പലപ്പോഴും വര്‍ഷങ്ങളോളം മുംബൈയിലെ തെരുവുകളിലോ ഹോട്ടലുകളിലോ ജോലി ചെയ്ത് മണലാരണ്യത്തിലെത്താനുള്ള പണം കണ്ടെത്തുകയാണ് ചെയ്തിരുന്നത്. യാത്രക്ക് തയ്യാറായി കഴിഞ്ഞാല്‍ വല്ലപ്പോഴും കടല്‍വഴി ചരക്കുകളുമായി എത്തുന്ന ലോഞ്ച് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പായിരിക്കും. ഏജന്‍സികള്‍ എത്തിക്കുന്ന വിജനമായ കടല്‍തീരങ്ങളില്‍ ലോഞ്ചിനെയും കാത്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. കരയില്‍ നിന്ന് മാറി നിര്‍ത്തിയിടുന്ന ലോഞ്ചില്‍ കയറിപ്പറ്റണമെങ്കില്‍ ചെറിയ തോണികളിലോ, നീന്തിയോ പോകണമായിരുന്നു.

വെളിച്ചം കടക്കാത്ത ലോഞ്ചിന്റെ അടിത്തട്ടില്‍ പകലും രാത്രിയും തിരിച്ചറിയാതെ ആഴ്ചകള്‍ നീളുന്ന യാത്ര. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പെ പനിയും കടല്‍ച്ചൊരുക്കവും അനുഭവപ്പെട്ട് തളര്‍ന്നിരിക്കും ഏറെ പേരും.ഇതിനിടയില്‍ മരിച്ച് പോയാല്‍ കടലിലേക്ക് വലിച്ചെറിയും. ഇത്തരത്തില്‍ ദുരിതങ്ങള്‍ താണ്ടി മലപ്പുറം ജില്ലക്കാരായ അനേകമാളുകള്‍ ലോഞ്ച് കയറിയിട്ടുണ്ട്. പലരും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ഇനിയും ഒട്ടേറെ പേരെ കുറിച്ച് കുടുംബങ്ങള്‍ക്ക് അറിവില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നു പോലും അറിയാതെ പ്രിയപ്പെട്ടവര്‍ കാത്തിരിപ്പ് തുടരുകയാണ്. ചിലര്‍ പാകിസ്ഥാന്‍ ജയിലുകളിലുണ്ടെന്നാണ് കുടുംബങ്ങളുടെ പ്രതീക്ഷ. 1977 ജൂണ്‍ 7ന് തിരൂരങ്ങാടി, കൊടിഞ്ഞി, മൂന്നിയൂര്‍, കുണ്ടൂര്‍, കൊടക്കല്ല്, വടക്കേ മമ്പുറം എന്നിവിടങ്ങളില്‍ നിന്നായി ലോഞ്ചില്‍ പുറപ്പെട്ട 35 പേരെ കുറിച്ച് ഇപ്പോഴും ബന്ധുക്കള്‍ക്ക് ഒരു വിവരവുമില്ല. 62 പേരാണ് ദുബൈയിലേക്ക് യാത്രക്ക് ഒരുങ്ങിയിരുന്നത്. ഇവരില്‍ 35 പേരെ യാത്രക്ക് മുമ്പ് മുംബൈ പോലീസ് പിടികൂടിയതിനാല്‍ ബാക്കിയുള്ള 35 പേരാണ് യാത്ര തിരിച്ചത്.

ഇവരില്‍ ചിലരെ പിന്നീട് കാണാതാവുകയായിരുന്നു. ഇവരെ ബലൂചിസ്ഥാനിലുള്ള ക്വറ്റ ജയിലില്‍ കണ്ടതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെ കുടുംബങ്ങള്‍ ഇപ്പോഴും ഇവരുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരുകയാണ്. ഇതിനായുള്ള നിയമ നടപടികള്‍ കുടുംബങ്ങളും പ്രവാസി വകുപ്പും ആരംഭിച്ചത് ഇവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്നുമുണ്ട്.

(നാളെ: നടുക്കുന്ന ഓര്‍മകളുമായി ചന്തു)