ഗള്‍ഫ് സഞ്ചാരികള്‍ക്കായി കേരളം കാത്തിരിക്കുന്നു

Posted on: June 16, 2013 9:02 pm | Last updated: June 16, 2013 at 9:02 pm
SHARE

ദുബൈ: ഗള്‍ഫില്‍ ചൂട് കനത്തതിനാല്‍ മഴയും കുളിരും തേടിയെത്തുന്ന ഗള്‍ഫ് സഞ്ചാരികള്‍ക്കായി കേരളം കാത്തിരിക്കുന്നു.
സ്‌കൂളുകള്‍ വേനലവധിക്കായി അടക്കുന്നതോടെ ഈ വര്‍ഷം യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍നിന്നും നൂറു കണക്കിനു സ്വദേശികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയാണ് കേരളത്തില്‍ നിന്നും കൂടുതല്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
അവധിക്കാലത്തെ സഞ്ചാരത്തിന് തണുപ്പു പ്രദേശങ്ങളെയാണ് ഗള്‍ഫ് പൗരന്‍മാര്‍ തിരഞ്ഞെടുക്കുന്നത്. താരതമ്യേന ചെലവു കുറഞ്ഞ് പോകാന്‍ കഴിയുന്ന സ്ഥലം എന്ന നിലയില്‍കൂടിയാണ് കേരളം തിരഞ്ഞെടുക്കുന്നത്. മഴയും മഞ്ഞും ആസ്വാദിക്കാമെന്നതും കേരളത്തെ ആകര്‍ഷകമാക്കുന്നു. വേനലില്‍ ഗള്‍ഫിലാകെ കത്തിയുരുകുമ്പോള്‍ മഴ പെയ്തു തണുക്കുന്ന സലാലയിലേക്ക് ജി സി സി രാജ്യങ്ങളില്‍നിന്ന് യഥേഷ്ടം സഞ്ചാരികളെത്താറുണ്ട്. യു എ ഇയില്‍നിന്നൊഴികെയുള്ള അധിക സഞ്ചാരികളും വിമാന മാര്‍ഗമാണ് സലാലയിലെത്തുന്നത്. സലാലയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ കുറവായതിനാല്‍ ഉയര്‍ന്ന നിരക്ക് കൊടുക്കേണ്ടി വരാറുണ്ട്.
ഏതാണ്ട് ഇതേ നിരക്കില്‍ കേരളം സന്ദര്‍ശിക്കാന്‍ കഴിയുന്നത് കൂടുതല്‍ പേരെ അങ്ങോട്ട് തിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിസ നടപടികളില്‍ വരുത്തിയ ലളിതവത്കരണവും സൗകര്യങ്ങളും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.
ഗള്‍ഫിലെ സ്‌കൂളുകള്‍ അടക്കുന്നതോടെ കൂടുതല്‍ പേര്‍ എത്തുമെന്ന് കേരളത്തിലെ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. തണുത്ത അന്തരീക്ഷത്തിനു പുറമെ ആയുര്‍വേദ ചിക്തിസയുള്‍പ്പെടെയുള്ള മെഡിക്കല്‍ ടൂറിസം രംഗവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മണ്‍സൂണ്‍ സീസണ്‍ സമയത്തെത്തുന്ന സഞ്ചാരികള്‍ക്കായി കേരളത്തിലെ ആയുര്‍വേദ ആശുപത്രികളും റിസോര്‍ട്ടുകളും പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.
ഈ വര്‍ഷം രണ്ടു ഘട്ടങ്ങളിലായാണ് ഗള്‍ഫില്‍നിന്നുള്ള സഞ്ചാരികളെ കേരളം പ്രതീക്ഷിക്കുന്നത്. റമസാനു മുമ്പുള്ള ദിവസങ്ങളിലും ശേഷവുമാണ് രണ്ടു ഘട്ടങ്ങള്‍. റമസാനില്‍ പൊതുവേ ഗള്‍ഫ് സഞ്ചാരികള്‍ വിനോദ യാത്രക്ക് പുറപ്പെടാറില്ല. ഈദുല്‍ ഫിത്വറിനു ശേഷം സെപ്തംബര്‍ വരെയാണ് സഞ്ചാരികളെത്തുക. ഈ വര്‍ഷം മികച്ച സീസണായിരിക്കുമെന്നാണ് കേരള ടൂറിസം വകുപ്പ് പ്രതിനിധികള്‍ പറയുന്നുത്. ഗള്‍ഫ് നാടുകളില്‍നിന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പ്രാചരണ പരിപാടികളും നടത്തുന്നുണ്ട്.