പ്ലസ് വണ്‍: ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Posted on: June 16, 2013 9:52 am | Last updated: June 16, 2013 at 9:52 am
SHARE

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 17, 18, 19 തീയതികളിലായി നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട് ചെയ്ത സ്‌കൂളില്‍ ഈ മാസം 19ന് അഞ്ച് മണിക്ക് മുമ്പ് പ്രവേശം നേടണം.
അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.
താത്കാലിക പ്രവേശം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്‌മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കാം. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
ഈ വര്‍ഷം ഏക ജാലകരീതിയിലൂടെ പ്ലസ് വണ്‍ പ്രവേശനത്തിന് 4,92,923 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരില്‍ 1,88,475 വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ആകെ ലഭ്യമായ 3,35,400 സീറ്റുകളില്‍ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളിലായുള്ള 2,18,349 മെറിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നടത്തുന്നത്.
ബാക്കിയുള്ള സീറ്റുകള്‍ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, അണ്‍-എയിഡഡ് മേഖലകളിലാണ്. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ ക്ഷണിക്കും. സേ പരീക്ഷ പാസായവരെയും സി ബി എസ് ഇ സ്‌കൂള്‍തല പരീക്ഷ വിജയിച്ചവരെയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുന്നത്. ഇത്തവണ പ്ലസ്‌വണ്‍ പ്രവേശത്തിന് അപേക്ഷിച്ച വിഭിന്ന ശേഷി വിഭാഗത്തിലുള്ള എല്ലാ അപേക്ഷകര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമുള്ള സ്‌കൂളുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്.
സ്‌കൂള്‍ അഡ്മിഷന്‍ യൂസറില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ട ഒന്നാം അലോട്ട്‌മെന്റ് ഈ മാസം 19ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ പ്രവേശം 20ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം.