Connect with us

Editorial

ബാലവേലയും അടിമവേലയും

Published

|

Last Updated

ആണ്ടുതോറും മുറതെറ്റാതെ ബാലവേലവിരുദ്ധ ദിനം ആചരിക്കുമ്പോഴും ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നതല്ലാതെ നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ല. ലോകവ്യാപകമായി അടിമവേലക്ക് സമാനമായ വീട്ടുവേലയെടുക്കുന്ന കുട്ടികളുടെ എണ്ണം കോടികള്‍ വരും. യു എന്നിന് കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് പകുതിയിലേറെ കുട്ടിത്തൊഴിലാളികളുടെയും പ്രായം അഞ്ചിനും പതിനാലിനും ഇടയിലാണ്. 2001ലെ കാനേഷുമാരി അനുസരിച്ച് ഇന്ത്യയില്‍ വീട്ടുവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 1.26 കോടിയാണ്. ബാലവേലക്ക് നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് ജീവിതത്തിന്റെ വസന്ത കാലമെന്ന് വിശേഷിപ്പിക്കാവുന്ന ബാല്യം പീഡനങ്ങളുടെ കാലമായി മാറുന്നു. ഇന്ത്യയില്‍ ബാലവേല ഏറെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. കുട്ടിത്തൊഴിലാളികളില്‍ 70 ശതമാനം വരും ഇവരുടെ വിഹിതം. വീട്ടുവേല, പടക്കനിര്‍മാണ വ്യവസായം, നിര്‍മാണ മേഖല, പട്ട് നിര്‍മാണം, രത്‌നക്കല്‍ വ്യവസായം, തുണി മില്ലുകള്‍, കല്‍ക്കരി ഖനികള്‍, മാരക വിഷപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന രാസ വ്യവസായങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ കുട്ടിത്തൊഴിലാളികളുടെ വര്‍ധിതമായ സാന്നിധ്യമുണ്ട്. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ മുലപ്പാലിന്റെ മണം മാറുന്നതിന് മുമ്പ് രക്ഷിതാക്കള്‍ തന്നെ വീട്ടുവേലക്കയക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. നേപ്പാളിലും പാക്കിസ്ഥാനിലും ഇത് സര്‍വസാധാരണമാണെങ്കിലും ഇന്ത്യയും പിറകിലല്ല. പ്രകൃതി ദുരന്തങ്ങള്‍ അനാഥമാക്കുന്ന പതിനായിരക്കണക്കിന് കുട്ടികള്‍ എത്തിപ്പെടുന്നതും വീട്ടുവേലക്കാണ്.
വളരെ പരിതാപകരമായ സാഹചര്യങ്ങളില്‍ കഴിയുന്ന ഇവരില്‍ ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങള്‍ക്കിരയാകുന്നവര്‍ ഏറെയാണ്. വീട്ടുവേല ചെയ്യുന്ന കുട്ടിത്തൊഴിലാളികളെ കുറിച്ച് ഒരിക്കലും കൃത്യമായ എണ്ണം ഉണ്ടാകാറില്ല. മാന്യമായ വേതനം ലഭിക്കാറില്ല. അധ്വാനത്തിന് സമയ പരിധിയില്ല. മതിയായ ഭക്ഷണവും, ആരോഗ്യപരിപാലനവും വൃത്തിയുള്ള പാര്‍പ്പിട സൗകര്യവും ഇവര്‍ക്ക് എന്നും അന്യമാണ്. വിദ്യാഭ്യാസ സാഹചര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ഈ കുട്ടികളില്‍ 71.3 ശതമാനവും പെണ്‍കുട്ടികളാണ്. 2008ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇവരില്‍ ബഹുഭൂരിഭാഗവും അഞ്ചിനും ഏഴിനും ഇടയില്‍ മാത്രം പ്രായമുള്ളവരാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 24 ബാലവേല നിരോധിച്ചുകൊണ്ടുള്ളതാണ്. 2000ത്തിലെ ജുവനൈല്‍ ജസ്റ്റിസ് (പരിചരണവും സംരക്ഷണവും) ആക്ട്, 1986ലെ ചൈല്‍ഡ് ലേബര്‍ അബോളിഷന്‍ ആക്ട്, 1977ലെ അടിമവേല നിരോധന നിയമം, 1948ലെ മിനിമം കൂലി നിയമം തുടങ്ങി ഏറെ നിയമനിര്‍മാണങ്ങള്‍ നാട്ടില്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ബാലവേല നിയന്ത്രിക്കാനോ തൊഴില്‍ രംഗത്തെ ചൂഷണങ്ങള്‍ അവസാനിപ്പിക്കാനോ പര്യാപ്തമായിട്ടില്ല. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ബാലവേല നിരോധത്തിലും അടിമവേല നിരോധത്തിലും ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ജനങ്ങള്‍ക്കിടയിലെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, സാമൂഹിക സാംസ്‌കാരിക സമ്പന്നത എന്നിവയെല്ലാം ഇതിന് സഹായകമായ ഘടകങ്ങളാണ്. എന്നിട്ടും കുട്ടിത്തൊഴിലാളികളെ വീട്ടുവേലക്ക് നിയോഗിക്കുന്നതില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. കുട്ടികള്‍ ശാരീരികമായും മാനസികമായും അപൂര്‍വമായെങ്കിലും ലൈംഗികമായും പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും ഇല്ലാതില്ല.
ഈ അടുത്ത ദിവസങ്ങളില്‍ കേട്ട ഏറ്റവും മികച്ച വാര്‍ത്ത പെരുമ്പാവൂര്‍ അല്ലപ്ര കണ്ടതറ യു പി സ്‌കൂളില്‍ നിന്നുമാണ്. തൊഴില്‍ തേടി ബംഗാളില്‍ നിന്നും കേരളത്തിലെത്തിയ തൊഴിലാളികള്‍ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ കാണിക്കുന്ന താത്പര്യമാണ് ആ വാര്‍ത്തയുടെ കാതല്‍. സ്‌കൂളില്‍ ആകെയുള്ള 50 കുട്ടികളില്‍ 30 പേരും ബംഗാളികള്‍. ഒന്നാം തരത്തില്‍ ചേര്‍ന്ന 9 കുട്ടികളില്‍ 8 പേരും ബംഗാളികള്‍. പഠിക്കുന്നത് മലയാളം തന്നെ! ഭാഷ ഏതായാലും വിദ്യ കൂടിയേ തീരു എന്ന ഇവരുടെ മാതൃക രാജ്യത്തിനാകെ അഭിമാനകരമാണ്.
നിയമങ്ങള്‍കൊണ്ടുമാത്രം നേടിയെടുക്കാവുന്നതല്ല ബാലവേല നിരോധവും അടിമവേല നിരോധവും. ഇതിന് ആദ്യമുണ്ടാകേണ്ടത് മുതിര്‍ന്നവരിലെ ബോധവത്കരണമാണ്. അതിലൂടെ കുട്ടികള്‍ക്ക് നല്‍കേണ്ട സ്‌നേഹം, വാത്സല്യം, വിനോദം, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പൊതു ബോധമുണ്ടാക്കാന്‍ കഴിയും. അതേസമയം ചൂഷണത്തിനെതിരായ നിയമങ്ങള്‍ “ഏട്ടിലെ പശുവിനെ പോലെ”യാകാതെ കര്‍ശനമായും ഫലപ്രദമായും നടപ്പാക്കുകയും വേണം. ബാലവേലയും അടിമവേലയും കൊടുംപാതകമാണെന്ന ബോധം നമ്മില്‍ ഓരോരുത്തരിലും രൂഢമൂലമാകണം. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ തന്നെ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. ദാരിദ്ര്യമാണ് ഇതിനെല്ലാം അടിസ്ഥാന കാരണമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആഗോള സമൂഹത്തിന്റെ ഈ യത്‌നത്തിന് നമുക്ക് എല്ലാ ആശംസകളും നേരാം.

 

Latest