Connect with us

Kerala

കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം, കുങ്കുമപ്പൂ, വിദേശനിര്‍മിത സിഗരറ്റ് എന്നിവ കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 56 ലക്ഷത്തോളം വിലവരുന്ന ഓരോ കിലോ വരുന്ന രണ്ട് സ്വര്‍ണ കട്ടികള്‍, 1,76,000 രൂപ വില വരുന്ന 110 കാര്‍ട്ടന്‍ ഇന്തോനേഷ്യന്‍ സിഗരറ്റ്, 14 ലക്ഷം വിലവരുന്ന 14 കിലോ കുങ്കുമപ്പൂവ് എന്നിവയാണ് വിവിധ വിമാനങ്ങളിലായി കൊച്ചിയില്‍ എത്തിയ യാത്രക്കാരില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.
ഇന്നലെ വെളുപ്പിന് 3. 20ന് ദുബൈയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇ കെ 530 എമിറൈറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന യാത്രക്കാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഫൈസലിന്റെ കൈവശമുണ്ടായിരുന്ന പെട്ടിയിലെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു 15 പാക്കറ്റ് കുങ്കുമപ്പൂ.
രാവിലെ 9. 20ന് എത്തിയ ഇ കെ 520 എമിറൈറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന കാസര്‍കോട് സ്വദേശി അബുദുല്‍ റഹ്മാന്റെ കൈവശമുണ്ടായിരുന്ന ബാഗേജ് തുണികള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് 110 കാര്‍ട്ടന്‍ ഇന്ത്യേനേഷ്യന്‍ സിഗരറ്റ് കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി അബുദുന്നാസറിന്റെ പാന്റ്‌സിന്റെ ഇന്നര്‍ പോക്കറ്റില്‍ നിന്നാണ് ഓരോ കിലോ വീതമുള്ള രണ്ട് സ്വര്‍ണകട്ടികള്‍ കണ്ടെത്തിയത്.
ഇറാനിയന്‍ കുങ്കുമപൊടിയാണ് പിടിയിലായ ആള്‍ കൊണ്ടുവന്നത്. ലോകത്ത് ഏറ്റവും ഡിമാന്‍ഡുള്ള കുങ്കുമപൊടിയാണ് ഇറാനിലേത്. ഇത് ഇന്ത്യയില്‍ കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. കേരളത്തില്‍ എത്തുന്ന ഇവ മംഗലാപുരം വഴി മുംബൈയില്‍ എത്തിച്ചാണ് വില്‍പ്പന. കസ്റ്റംസ് ചീഫ് കമ്മീഷണര്‍ സി മാധവന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എസ് അനില്‍കുമാര്‍, സജ്ജയ്കുമാര്‍, അമിത് ശര്‍മ, കെ എസ് ബിജുമോന്‍, കെ എം അബ്ദുസ്സമദ്, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.