Connect with us

Palakkad

എടപ്പലം- മൂര്‍ക്കനാട് പാലം നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

പട്ടാമ്പി: എടപ്പലം- മൂര്‍ക്കനാട് പാലം നിര്‍മാണം പൂര്‍ത്തിയായി. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്ടെ വിദ്യാര്‍ഥികള്‍ ഇക്കുറി എടപ്പലത്തെ സ്‌കൂളിലെത്തിയത് പുതിയപാലം കടന്ന്. മൂര്‍ക്കനാട് പഞ്ചായത്തിലെ കുട്ടികളേറെയും ഉപരിപഠനത്തിന് എടപ്പലത്തെ പി ടി എം വൈ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണെത്തുന്നത്. തൂതപ്പുഴയുടെ എടപ്പലം കടവില്‍ തോണി കടന്നാണ് കഴിഞ്ഞ വര്‍ഷം വരെയും അവര്‍ സ്‌കൂളിലെത്തിയത്.
സ്‌കൂള്‍ മാനേജ്‌മെന്റ് ലേലം ചെയ്ത് രണ്ട് കടത്ത് തോണികളാണ് കടവില്‍ ഇറക്കിയിരുന്നത്. പുഴ നിറഞ്ഞ് നില്‍ക്കുമ്പോള്‍ കടവിലെ തോണിയാത്ര അപകടകരമായിരിക്കും. കുട്ടികള്‍ സ്‌കൂളില്‍ പോയി വീട്ടിലേക്ക് തിരിച്ചെത്തും വരെ രക്ഷിതാക്കള്‍ക്ക് നെഞ്ചിടിപ്പിന്റ കാത്തിരിപ്പായിരിക്കും. കഴിഞ്ഞ 19 വര്‍ഷത്തെ തോണിയാത്രക്കാണ് പുതിയപാലം വന്നതോടെ അറുതിയായത്.
നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്താണ് 10 കോടി രൂപ ചെലവില്‍ എടപ്പലം കടവില്‍ പുതിയ പാലം പണിതത്. പണി പൂര്‍ത്തിയായ പാലം ഔദ്യോഗികമായി ഉദഘാടനം ചെയ്തിട്ടില്ലെങ്കിലും നടക്കാനുള്ള സൗകര്യമൊരുക്കിയ—തിനാല്‍ ഇരുകരകളിലുമുള്ളവര്‍ക്ക് ആശ്വാസമായി. പുതിയ പാലം കടന്ന് സ്‌കൂളിലെത്തിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചു.
പുതിയ പാലം വന്നതോടെ മൂര്‍ക്കനാട്ട് നിന്നും കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടി സ്‌കൂൡലെത്തിയതായി— അധികൃതര്‍ പറഞ്ഞു. 2010 ആഗസ്ത് 15ന് അന്നത്തെ മന്ത്രിമാരായ തോമസ് ഐസക്ക്, പാലോളി മുഹമ്മദ്കുട്ടി എന്നിവരാണ് പാലത്തിന് തറക്കല്ലിട്ടത്. 11തൂണുകളും, 10സ്പാനുകളുമുള്ള പാലത്തിന് 220 മീറ്റര്‍ നീളവും, പത്തര മീറ്റര്‍ വീതിയുമുണ്ട്.
ആര്‍ ബി ഡി സിക്കായിരുന്നു നിര്‍മാണച്ചുമതല. എറണാകുളം കിളിയനാല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി രണ്ട് വര്‍ഷം കൊണ്ടാണ് പാലംപണി പൂര്‍ത്തിയാക്കിയത്. ഇരുകരയിലുമുള്ള അപ്രോച്ച് റോഡില്‍ മെറ്റലിംഗും, ടാറിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്. മഴ മാറുന്ന മുറക്ക് പണിയെല്ലാം പൂര്‍ത്തിയാക്കി പാലം ഉടന്‍ നാട്ടുകാര്‍ക്ക് തുറന്ന് കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അറിയിച്ചു.