പനി വാര്‍ഡുകള്‍ തുറക്കും; ലാബ് സൗകര്യം താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും

Posted on: June 9, 2013 8:37 am | Last updated: June 9, 2013 at 8:37 am
SHARE

കല്‍പ്പറ്റ: പകര്‍ച്ചപ്പനിയും മറ്റും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ എം.എല്‍.എമാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. കിടത്തി ചികിത്സാ സൗകര്യം ഉള്ള എല്ലാ ആശുപത്രികളിലും പ്രത്യേക പനിവാര്‍ഡുകള്‍ തുറക്കും.
നിലവില്‍ ജില്ലാ ആശുപത്രിയില്‍ മാത്രമുള്ള ഡെംഗു, എലിപ്പനി സ്ഥിരീകരണ ടെസ്റ്റുകള്‍ നടത്തുന്നതിന് താലൂക്ക് ആശുപത്രികളിലും സൗകര്യമേര്‍പ്പെടുത്തും. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സ്ഥലം മാറ്റം ഉടന്‍ നിറുത്തിവെക്കുന്നതിന് ആവശ്യപ്പെടുമെന്ന് ജില്ലാ പഞ്ചായത്തില്‍ നടന്ന കല്‍പ്പറ്റ നിയോജക മണ്ഡലം യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ അറിയിച്ചു.എസ്റ്റേറ്റ് മേഖലകളിലുള്ള ആശുപത്രികളില്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളിലെ രോഗപ്രതിരോഗ പ്രവര്‍ത്തനങ്ങളില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഉദാസീനത കാണിക്കരുതെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമതയില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.ശുചിത്വ മിഷന്‍, ആരോഗ്യകേരളം, പഞ്ചായത്തുകള്‍ എന്നിവയുടെ ഫണ്ടുകള്‍ കൃത്യമായും സമയബന്ധിതമായും ചെലവഴിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസ്പന്‍സറികള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.കൊതുകിനെതിരെ ആയുര്‍വ്വേദ ധൂമ ചൂര്‍ണ്ണം പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാം.
വാര്‍ഡ് തലത്തില്‍ ജന പങ്കാളിത്തത്തോടെ ഉറവിട നശീകരണവും മാലിന്യ സംസ്‌കരണവും ഊര്‍ജ്ജിതമാക്കണം. സിപ് അപ് മുതലായവ നിരോധിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും കര്‍ശന നടപടിയെടുക്കണം.ഡെപ്യുട്ടി ഡി.എം.ഒ കെ.എസ്. അജയന്‍ ജില്ലയില്‍ പകര്‍ച്ച വ്യാധികളുടെ നിലവിലുള്ള അവസ്ഥ യോഗത്തില്‍ അവതരിപ്പിച്ചു.
കല്‍പ്പറ്റയില്‍ നടന്ന യോഗത്തില്‍ എം.എല്‍.എയെക്കുടാതെ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.ദേവകി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡനന്റ് സലിം മേമന,നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വത്സല,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.മോഹന്‍ദാസ്, വൈത്തിരി ആശുപത്രി സൂപ്രണ്ട് ഡോ.ജോസ് ഡിക്രൂസ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. ശശിധരന്‍,ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജന പ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യോഗത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലത്തില്‍ നല്ല രീതിയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന പഞ്ചായത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ അവാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
നെന്‍മേനി, മീനങ്ങാടി പഞ്ചായത്തുകളില്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് പുതിയ ആംബുലന്‍സുകള്‍ അനുവദിക്കും.ജൂണ്‍ 15ന് എല്ലാ പഞ്ചായത്തുകളിലും പ്രത്യക അവലോകന യോഗങ്ങള്‍ സംഘടിപ്പിക്കണം. എലിപ്പനി നിയന്ത്രണത്തിനായി കൃഷി, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി പ്രത്യേക പ്രൊജക്ടുകള്‍ തയ്യാറാക്കണം.
വരുന്ന മൂന്ന് ഞായറാഴ്ചകളില്‍ ഡ്രൈഡെ ആചരിക്കും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ.വിനയന്‍,പ്രസന്നശശീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം തങ്കമ്മ, ഡി.എം.ഒ.എ.സമീറ, ആയുര്‍വ്വേദ ഡി.എം.ഒ ഡോ.വിനോദ് ബാബു, ഡെ.ഡി.എം.ഒ വി.കെ മിനി, ഡോക്ടര്‍മാരായ ഇ.പി.മോഹനന്‍,പ്രിന്‍സണ്‍,ഡെ.മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി,പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.