യൂത്ത് കോണ്‍. തിരഞ്ഞെടുപ്പ്: ഐക്ക്-7,എക്ക്-5;

Posted on: June 5, 2013 12:20 am | Last updated: June 5, 2013 at 12:20 am
SHARE

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പില്‍ വിശാല ഐ ഗ്രൂപ്പ് കരുത്ത് തെളിയിച്ചു. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ ഏഴെണ്ണം ഐ ഗ്രൂപ്പിന് കൈവശപ്പെടുത്താനായപ്പോള്‍ എ ഗ്രൂപ്പിന് അഞ്ച് മണ്ഡലങ്ങള്‍ മാത്രമാണ് കൈവശപ്പെടുത്തനായത്. തൃത്താല, മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളാണ് ഐക്കൊപ്പം നിന്നത്. 
ഷൊര്‍ണൂര്‍, പട്ടാമ്പി, കോങ്ങാട്, മണ്ണാര്‍ക്കാട്, തരൂര്‍ മണ്ഡലങ്ങള്‍ എയെ തുണച്ചു. പാലക്കാട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്കു നടന്ന വാശിയേറിയ മല്‍സരത്തില്‍ 600ല്‍ താഴെ വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ എം എല്‍ എ കര പറ്റിയത്. ഷൊര്‍ണൂരിലെ ടി എച്ച് ഫിറോസ് ബാബുവാണ് ഐ ഗ്രൂപ്പില്‍നിന്ന് ഷാഫിക്ക് വെല്ലുവിളിയുയര്‍ത്തിയിരുന്നത്. കെ അച്യുതന്‍ എം എല്‍ എ, എ വി ഗോപിനാഥ്, മുന്‍ ഡി സി സി പ്രസിഡണ്ട് വി എസ് വിജയരാഘവന്‍ എന്നിവരുടെ പിന്തുണയോടെയാണ് ഐ ഗ്രൂപ്പിനു വേണ്ടി ഫിറോസ് ബാബു മല്‍സരിച്ചിരുന്നത്.
വി കെ ശ്രീകണ്ഠന്‍ പരസ്യമായും ഡി സി സി പ്രസിഡണ്ട് സി വി ബാലചന്ദ്രന്‍ രഹസ്യമായും ഫിറോസിനെ പിന്തുണച്ചിരുന്നു. രാത്രി വൈകിയും ഷാഫിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ഐ ഗ്രൂപ്പ് റീ കൗണ്ടിംഗ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സന്ദിഗ്ധാവസ്ഥ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പു നടക്കുന്ന ടൗണ്‍ഹാള്‍ അനക്‌സും പരിസരപ്രദേശവും രണ്ടുദിവസമായി കനത്ത പോലീസ് വലയത്തിലാണ്. സംഘര്‍ഷ സാധ്യത പരിഗണിച്ച് ഡിവൈ എസ് പി പി കെ മധുവിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം തന്നെ ഇവിടെ ക്യാമ്പ് ചെയ്തു വരുകയാണ്. പ്രകടനത്തിന് തയാറായി ഇരുവിഭാഗവുമെത്തിയതും പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു.
ആലത്തൂരില്‍ അവസാനഫലം അറിയുമ്പോഴും ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ മല്‍സരിക്കുന്ന നാലാംഗ്രൂപ്പ് സ്ഥാനാര്‍ഥി പാളയം പ്രദീപാണ് മുന്നിട്ടു നില്‍ക്കുന്നത്. ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ടായ ഷാനവാസാണ് എ ഗ്രൂപ്പിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ഥി. ഷാഫി പറമ്പില്‍ സ്വന്തം മണ്ഡലമായ പാലക്കാട്ടും വി കെ ശ്രീകണ്ഠന്‍ സ്വന്തം ശക്തികേന്ദ്രമായ ഷൊര്‍ണൂരിലും തിരിച്ചടി ഏറ്റു വാങ്ങിയതാണ് തെരഞ്ഞെടുപ്പിലെ മറ്റൊരു കൗതുകക്കാഴ്ച. പാലക്കാട് നിയോജകമണ്ഡലത്തില്‍ ഐ ഗ്രൂപ്പിന്റ ബോബന്‍ മാട്ടുമന്തയാണ് വിജയം നേടിയത്. റീകൗണ്ടിംഗിലൂടെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷമാണ് ബോബനു ലഭിച്ചത്.
എ ഗ്രൂപ്പിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന വി കെ ശ്രീകണ്ഠന് ഷൊര്‍ണൂര്‍ ഇവര്‍ക്കു വിട്ടു കൊടുക്കേണ്ടി വന്നു. എ ഗ്രൂപ്പിന്റെ മനോജിനാണ് ഇവിടെ വിജയം.
തിരഞ്ഞെടുപ്പിലെ തമ്മിലടിയും തൊഴുത്തില്‍ക്കുത്തും ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായിരിക്കുന്ന ഡി സി സിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നാണു സൂചന. പതിവില്‍ കവിഞ്ഞ വാശി ഇത്തവണ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു.