വിദ്യയുടെ വഴിയില്‍ ഒത്തൊരുമിച്ച്

  Posted on: June 3, 2013 1:24 am | Last updated: June 3, 2013 at 1:25 am
  SHARE

  p k abdu rabbമധ്യവേനല്‍ അവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു. 50 ലക്ഷത്തോളം കുട്ടികളാണ് ആഹ്ലാദാതിരേകത്തോടും ആകാംക്ഷയോടും കൂടി വിദ്യാലയങ്ങളിലെത്തുന്നത്. ഇവരില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ആദ്യമായാണ് അക്ഷര ഗോപുരങ്ങളില്‍ എത്തുന്നത്. ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഈ വിദ്യാലയ വര്‍ഷം സന്തോഷത്തിന്റെയും ഉത്കര്‍ഷത്തിന്റെതുമായിരിക്കട്ടെ.

  സംസ്ഥാനത്തെ വിദ്യാര്‍ഥി സമൂഹത്തിന്റെ വിദ്യാതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ ആവശ്യമായ സകല സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം ഒരു വിദ്യാഭ്യാസ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ പുരോഗതി ചരിത്രപരവും വൈജ്ഞാനികമായി സംസ്ഥാനത്തെ ലോകോത്തരമാക്കാന്‍ പര്യാപ്തവുമായിരുന്നു. നമ്മുടെ പുതിയ തലമുറ അറിവിന്റെയും തൊഴിലിന്റെയും കാര്യത്തില്‍ മികച്ചു നില്‍ക്കണം എന്ന നിര്‍ബന്ധത്തെ അടിസ്ഥാനമാക്കിയാണ് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതും സ്ഥാപനങ്ങള്‍ നിര്‍മിച്ചതും. അത് ഫലപ്രദമായി വരുന്നു എന്ന് ബോധ്യമുണ്ട്. മലയാളം നിര്‍ബന്ധിത ഭാഷയാക്കിയതും തൊഴില്‍ ലഭിക്കാന്‍ ആ ഭാഷ പഠിച്ചേ തീരു എന്നു വന്നതും ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതും അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കാന്‍ മലയാള സര്‍വകലാശാലയെ ചുമതലപ്പെടുത്തിയതും ഇക്കാര്യത്തിലുണ്ടായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസവും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും ഉറപ്പ് വരുത്തുന്നതിന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ സമഗ്ര വിദ്യാഭ്യാസ പരിപാടിയും നടപ്പിലാക്കി വരുന്നു. വിജയം എന്നത് ഒരു മുദ്രാവാക്യമായി വിദ്യാര്‍ഥികള്‍ നെഞ്ചേറ്റാന്‍ പര്യാപ്തമായ അവബോധവും ലഭ്യമാക്കിയിട്ടുണ്ട്. ലക്ഷ്യം നിര്‍ണയിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നാം നടത്തിവരുന്നത്. ഓരോ പള്ളിക്കൂടവും സ്വയം പ്രകാശിക്കുന്ന ഗോപുരങ്ങളാകണം. നന്മയിലധിഷ്ഠിതമായ പരിഷ്‌കാരത്തിന്റെ വഴിയും നിലപാടുകളും നിര്‍ണയിക്കുന്ന ഇടങ്ങളാകണം വിദ്യാലയങ്ങള്‍. അറിവിന്റെ ആധികാരിക കരുത്തുമായി വേണം അധ്യാപകര്‍ ക്ലാസ് മുറികളില്‍ പ്രവേശിക്കാന്‍. പുതിയ തലമുറയുടെ വിജ്ഞാനദാഹത്തെ പരിഹരിക്കാനാവശ്യമായ എല്ലാ സന്നാഹങ്ങളും അവര്‍ക്കുണ്ടാകണം. അവര്‍ സ്‌നേഹമുള്ളവരും സുമനസ്സുള്ളവരുമാകണം. സൗമനസ്യവും സൗഹൃദവും അവര്‍ക്കുണ്ടാകണം. അധ്യാപകര്‍ രക്ഷാകര്‍ത്താക്കളാണ്. രക്ഷാകര്‍ത്താവ് അധ്യാപകനുമാണ്. കാലവും കാഴ്ചപ്പാടും മാറിയത് അവര്‍ അറിയണം. മാറ്റം ഉള്‍ക്കൊള്ളണം. ധര്‍മിക മൂല്യങ്ങളെ ഊട്ടിയുറപ്പിക്കാന്‍ അവര്‍ തയ്യാറാകണം. വിദ്യാര്‍ഥികളുടെ ഹൃദയസ്പന്ദനം സ്വന്തം ഹൃദയസ്പന്ദനം പോലെ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോള്‍ വിദ്യാലയങ്ങള്‍ പ്രകാശ ഗോപുരങ്ങളായി പരിവര്‍ത്തിക്കപ്പെടും.

  സര്‍ക്കാര്‍ ദരിദ്ര വിഭാഗങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ അനുഭാവം ഓരോ കുട്ടിക്കും അനുഭവപ്പെടണം. ഒരു കുട്ടിയും തള്ളപ്പെടരുത്. ഓരോ കുട്ടിയും പ്രതിഭാശാലികളായി തീരാന്‍ വെമ്പല്‍ കൊള്ളുന്ന മുകുളങ്ങളാണെന്ന തിരിച്ചറിവ് വേണം. അതിനനുസരിച്ച് വളര്‍ച്ചക്കാവശ്യമായതെല്ലാം വിദ്യാലയത്തില്‍ നിന്ന് ലഭിക്കണം. സമര്‍പ്പണം ഏറെ ആവശ്യമായ സേവനമാണ് അധ്യാപകനില്‍ നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ സഫലമായാല്‍ എല്ലാമായി. പ്രകൃതിസ്‌നേഹം മുതല്‍ സര്‍വ കാര്യങ്ങളിലേയും സ്വയം പര്യാപ്തത വരെ അതിലടങ്ങിയിരിക്കുന്നു.

  അധ്യാപക – വിദ്യാര്‍ഥി – രക്ഷകര്‍തൃ ബന്ധം നിരന്തരമായി നിലനില്‍ക്കണം. ക്ലാസ് മുറിക്ക് കരുത്ത് പകരുന്നത് ഈ ബന്ധത്തിന്റെ ആഴം ആയിരിക്കും. കുട്ടികളുടെ ധാര്‍മിക നിലവാരം ഉറപ്പ് വരുത്താനും ഈ ചാര്‍ച്ചക്ക് കഴിയണം. ആര്‍ഭാടങ്ങളുടെയും അനാവശ്യങ്ങളുടെയും പിറകെ പോകുന്നവരാകരുത് നാം. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള വകതിരിവും ഉണ്ടാകണം. ദൃശ്യധാരാളിത്തം അപകടമാണെന്ന് തിരിച്ചറിയണം. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും നിയന്ത്രിക്കണം. കുട്ടികളോടൊത്ത് കുടുതല്‍ സമയം ചെലവഴിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണം. കുടുംബ ബന്ധങ്ങള്‍ വിശുദ്ധിയോടെ നിലനിര്‍ത്തണം.
  ഓരോ വിദ്യാലയവും സമൂഹത്തിന് സദ്‌സംഭാവനകള്‍ നല്‍കുന്ന കേന്ദ്രമാകണം. ശാസ്ത്ര സാങ്കേതികതയും കായിക മുന്നേറ്റവും സാഹിത്യ സംഭാവനകളുമെല്ലാം ഇണങ്ങുന്ന ലോകത്തിന്റെ കൊച്ചുപതിപ്പാകണം അക്ഷരഗോപുരങ്ങള്‍. മികച്ച ലോകനിര്‍മാണത്തിന് ഉതകും വിധം നമ്മുടെ കുരുന്നുകളെ, ആരോഗ്യത്തോടെ പോഷിപ്പിക്കുന്നതിന് അവക്ക് കഴിയണം. പഠനം പരിവര്‍ത്തനത്തിനുള്ള ഉപാധിയാണ്. എഴുത്തിലും വായനയിലും നിരീക്ഷണത്തിലും അധിഷ്ഠിതമായ ആയുധങ്ങളാണ് പരിവര്‍ത്തനത്തിനാധാരം. ലോകോത്തരമായ ഈ കാഴ്ചപ്പാടോടെയാകണം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്.

  പെണ്‍കുട്ടികളെ പരിഗണിക്കുന്ന വിഷയത്തില്‍ അതീവ ജാഗ്രത കാണിക്കണം. സമൂഹം അവര്‍ക്ക് പരിരക്ഷയും പരിഗണനയും നല്‍കത്തക്കവിധം പള്ളിക്കൂടം വഴികാട്ടണം. സ്ത്രീശാക്തീകരണം സമൂഹ ശാക്തീകരണമാകണം. കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും സ്ത്രീയുടെ മാനസികവും ശാരീരികവുമായ കരുത്തിനെ ആസ്പദമാക്കിയാണ് നിലകൊള്ളുന്നത്. അതിനാല്‍ അവരുടെ ആത്മവിശ്വാസത്തിന് ഉടവ് തട്ടുന്നതൊന്നും ഉണ്ടാകാതെ സൂക്ഷിക്കാന്‍ വിദ്യാലയ അധികൃതര്‍ ബാധ്യസ്ഥരാണ്.

  വിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിദ്യാലയാധികൃതര്‍ ഉപയോഗപ്പെടുത്തണം. വിദ്യാഭ്യാസ അവകാശ നിയമത്തെ കുറിച്ച് നന്നായി മനസ്സിലാക്കണം. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് വിപുലമായ അധികാരമാണ് നല്‍കിയിട്ടുള്ളത്. പി ടി എ, മാതൃസംഗമങ്ങള്‍, ക്ലാസ് പി ടി എ എന്നിവ വിളിച്ചു ചേര്‍ക്കുന്നതും കമ്മിറ്റിയുടെ ചുമതലയില്‍പ്പെടും. ദുര്‍ബല വിഭാഗങ്ങള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഈ കമ്മിറ്റികളില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. രണ്ട് മാസത്തിലൊരിക്കലെങ്കിലും മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേരണം.

  ഇക്കുറി പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും വിദ്യാലയ പരിപാലന സമിതിക്കുള്ള കൈപ്പുസ്തകമായ ‘പരിരക്ഷയുടെ പാഠങ്ങള്‍’ പ്രകാശനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് അതില്‍ വിശദമായ പരാമര്‍ശമുണ്ട്. വിദ്യാലയങ്ങള്‍ മികവുറ്റതാക്കാന്‍ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമം ആവശ്യമാണ്. ഇത് നമ്മെയും തലമുറയേയും പുരോഗതിയിലേക്ക് നയിക്കാനാണ്. ഏവര്‍ക്കും മികച്ച വിദ്യാലയ വര്‍ഷവും, ഉന്നത വിജയവും ആശംസിക്കുന്നു.