പിവിഎം പുത്തൂരിന്റെ വിയോഗം ദുഃഖമായി

Posted on: May 27, 2013 6:30 am | Last updated: May 27, 2013 at 6:30 am
SHARE

ഷാര്‍ജ: 25 വര്‍ഷത്തോളം പ്രവാസ ജീവിതം നയിക്കുകയും ഷാര്‍ജയിലെ സുന്നി പ്രാസ്ഥാനിക പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത പാനൂര്‍ പുത്തൂര്‍ സ്വദേശി പി വി മുഹമ്മദ് എന്ന പി വി എം പുത്തൂരിന്റെ നിര്യാണം സഹപ്രവര്‍ത്തകരിലും പ്രസ്ഥാന ബന്ധുക്കളിലും ദുഃഖമായി. ഷാര്‍ജ എസ്‌വൈഎസ് കമ്മിറ്റിയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. സംഘടനാ ആസ്ഥാനമായ സുന്നി സെന്റര്‍ തുറക്കുന്നതിലും ഷാര്‍ജയിലെ ദീനീ പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
രോഗബാധിതനായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്. ഷാര്‍ജയിലെ ഗോള്‍ഡ് സൂഖിലായിരുന്നു ദീര്‍ഘകാലം ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ചെറിയ ബിസിനസ് സംരംഭത്തിലേര്‍പ്പെട്ടു.
ഇടപഴകുന്നവരോടെല്ലാം സൗമ്യമായും പുഞ്ചിരിയോടെയുമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ചെറുപ്പക്കാര്‍ക്ക് പിതൃതുല്യമായ സ്‌നേഹം കൈമാറി. സമൂഹിക-ദീനി പ്രവര്‍ത്തന രംഗത്തേക്ക് ധാരാളം പേരെ കൊണ്ടുവരാനും അദ്ദേഹത്തിനായി. സംഘടനയുടെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതോടൊപ്പം താഴെക്കിടയിലിറങ്ങി സേവനം ചെയ്യാനും അദ്ദേഹം സന്നദ്ധനായിരുന്നു. സിറാജ് അടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ ലഭിക്കാന്‍ ആദ്യകാലങ്ങളില്‍ ബന്ധപ്പെട്ടിരുന്നത് അദ്ദേഹവുമായിട്ടായിരുന്നു.
പിവിഎം പുത്തൂരിന്റെ നിര്യാണത്തില്‍ ഐസിഎഫ്. യുഎഇ നാഷനല്‍ കമ്മിറ്റി, ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി, രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. ഇന്ന് രാത്രി 11ന് സോനാപൂര്‍ മസ്‌റൂഇ ക്യാമ്പ് മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടക്കും. വിവരങ്ങള്‍ക്ക്: 055-7070190.