Connect with us

Gulf

തൊഴിലാളികളുടെ ക്ഷാമം: നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്

Published

|

Last Updated

അജ്മാന്‍: തൊഴിലാളികളുടെ ക്ഷാമം കാരണം കെട്ടിട നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ് കുറഞ്ഞതും ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ നിര്‍ത്തലാക്കിയതും തൊഴിലാളി ക്ഷാമം രൂക്ഷമാക്കി.
യു എ ഇയുടെ പലഭാഗങ്ങളിലും തൊഴിലാളി ക്ഷാമം കാരണം നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിരവധി വന്‍കിട കെട്ടിട നിര്‍മാണ കമ്പനികളും തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. കല്‍പ്പണി, സിമന്റ് തേപ്പ്, വയറിംഗ്, ഇലക്ട്രിക്കല്‍ മേഖല തുടങ്ങിയ വിഭാഗങ്ങളിലാണ് തൊഴിലാളി ക്ഷാമം രൂക്ഷം. നിര്‍മാണ മേഖലയിലെ തുച്ഛമായ ശമ്പളമാണ് പലരെയും പിന്നോട്ട് വലിച്ചതിനു കാരണമെന്നറിയുന്നു.
1,500 മുതല്‍ 2,000 ദിര്‍ഹം വരെയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ശമ്പള നിരക്ക്. ഇതിലും കൂടുതല്‍ ശമ്പളം ഇന്ത്യയില്‍ തന്നെ നിര്‍മാണ മേഖലയില്‍ ലഭിക്കുന്നതിനാല്‍ പലരും കടല്‍ കടക്കാന്‍ തയാറാകുന്നില്ല. നിലവില്‍ ലഭിക്കുന്ന ശമ്പളത്തില്‍ ചെലവ് കഴിച്ചാല്‍ മിച്ചം ഒന്നും ഉണ്ടാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
എഞ്ചിനീയറിംഗ് മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കിലും ലേബര്‍ മേഖലയിലാണ് പ്രതിസന്ധി. ജോലി വിട്ട് പോകുമോ എന്ന ഭയത്തില്‍ നിര്‍മാണ കമ്പനികള്‍ തൊഴിലാളികളില്‍ വിസക്ക് വന്‍ സംഖ്യ ഈടാക്കുന്നതും ഇവരെ പിന്നോട്ടുവലിക്കുന്നു.
അതേസമയം എല്ലാ ആനുകൂല്യങ്ങളും നല്‍കാമെന്ന് ചില കമ്പനികള്‍ ഉറപ്പു നല്‍കിയിട്ടും മലയാളി തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ വിസ റദ്ദാക്കിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് വിലക്കുള്ളത്. ഒമാന്‍, ഖത്തര്‍, ബഹ്‌റിന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ബംഗാള്‍ വിസക്ക് നിയന്ത്രണവുമുണ്ട്. തൊഴിലാളി ക്ഷാമം കാരണം വടക്കന്‍ എമിറേറ്റുകളില്‍ നിരവധി നിര്‍മാണ കമ്പനികള്‍ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി