നൂറ് ദിവസത്തിനുള്ളില്‍ പാക്കിസ്ഥാന്റെ പ്രതിച്ഛായ മാറ്റും: നവാസ് ശരീഫ്

Posted on: May 22, 2013 6:00 am | Last updated: May 22, 2013 at 8:23 am
SHARE

nawaz shareefലാഹോര്‍: അധികാരത്തിലേറി നൂറ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മാറ്റുമെന്ന് പാക്കിസ്ഥാന്‍ നിയുക്ത പ്രധാനമന്ത്രി നവാസ് ശരീഫ്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എല്ലാ മേഖലകളിലെയും വെല്ലുവിളികളെ നേരിടുമെന്നും പി എം എല്‍ (എന്‍) നേതാവ് കൂടിയായ നവാസ് വ്യക്തമാക്കി.

ലാഹോറില്‍ മാധ്യമ പ്രവര്‍ത്തകരോട്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ട മേഖലകളില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കും. രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളായ തീവ്രവാദം, ഊര്‍ജ പ്രതിസന്ധി തുടങ്ങിയവ നേരിടുകയായിരിക്കും പ്രഥമ ഉദ്യമം. മുന്‍ സര്‍ക്കാറിന്റെ കാലത്തുണ്ടായ വന്‍ കടബാധ്യത തീര്‍ക്കാന്‍ സര്‍ക്കാറിന്റെ ചെലവ് മുപ്പത് ശതമാനം ചുരുക്കും.’ നവാസ് പറഞ്ഞു.
തീവ്രവാദ ആക്രമണം ശക്തമായ വടക്കന്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കലാകും നവാസിന് ഏറ്റവും ഭാരമേറിയ ദൗത്യം. താലിബാന്‍ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗ്. അതേസമയം, താലിബാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകണമെന്നും സമാധാന ചര്‍ച്ചകളുമായി സഹകരിക്കണമെന്നും നവാസ് ശരീഫ് ആവശ്യപ്പെട്ടതായി താലിബാന്‍ നേതാക്കളും ഗോത്ര മേധാവികളും അറിയിച്ചു. ഖൈബര്‍ പക്തുന്‍ഖ്വായിലെ നേതാക്കളുമായാണ് നവാസ് ബന്ധപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here