വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പ്രാദേശിക വൈവിധ്യങ്ങളെ മുഖവിലക്കെടുക്കണം

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 10:49 pm
SHARE

കെല്ലൂര്‍: പുതിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ പല നിര്‍ദേശങ്ങളും വയനാട് പേലുള്ള പിന്നാക്ക പ്രദേശങ്ങളേയും സമൂഹങ്ങളേയും ദോഷകരമായി ബാധിക്കുമെന്നും വിശദമായ ചര്‍ച്ചകളോ പഠനങ്ങളോ കൂടാതെ നടപ്പില്‍ വരുത്തരുതെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചര്‍ എജ്യുക്കേഷന്‍ സെന്റര്‍ ഡയരക്ടര്‍ എം പി അനില്‍ അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് ഈസ്റ്റ് കെല്ലൂര്‍ യൂനിറ്റ് കമ്മിറ്റി കെല്ലൂര്‍ ഗവ.സ്‌കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ ശില്‍പശാല ഡയരക്ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. പ്രാദേശികവും സാമൂഹികവും ചരിത്രപരവുമായ വൈവിധ്യങ്ങളെ മുഖവിലക്കെടുത്ത് വേണം വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍. അല്ലാത്ത പക്ഷം പിന്നാക്കാവസ്ഥ നിലനിര്‍ത്താനേ പരിഷ്‌ക്കാരങ്ങള്‍ സഹായിക്കുകയുള്ളൂ. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറക്കുന്നതും സ്‌കൂളിനെ ഒരു യൂണിറ്റായി കണക്കാക്കി അധ്യാപക തസ്തികകള്‍ നിര്‍ണയിക്കുന്നതും ജില്ലയിലെ പല സ്‌കൂളുകളുകളും അടച്ചു പൂട്ടാനുള്ള സാഹചര്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി എച്ച് മുഹമ്മദ്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. പി പി യാസിര്‍ അറഫാത്ത് നൂറാനി(ഡിസൈന്‍ ഡീറ്റൈല്‍ കൊച്ചി), എം കെ ശബീര്‍(മര്‍കസ് അക്കാഡമി മുബൈ), എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സി മുഹമ്മദ് റുമൈസ് സ്വാഗതവും, എം പി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു. വെള്ളമുണ്ട, പനമരം,എടവക പഞ്ചായത്തുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.