ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Posted on: May 13, 2013 10:03 am | Last updated: May 13, 2013 at 10:03 am
SHARE

നിലമ്പൂര്‍: ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ കേസില്‍ പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിമുറ്റം മധുരാപുരി ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് മാലക്കല്ലിലെ കള്ളാര്‍മഠം നാരായണ നമ്പീശനെയാണ് പോത്തുകല്ല് എസ് ഐ കോട്ടോല രാമകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ക്ഷേത്രം ഓഫീസിലെ അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 25 ഗ്രാം സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പാണമ്പറ്റ അച്യുതന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അനേ്വഷണത്തിലാണ് പ്രതി പിടിയിലായത്. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറക്കുകയോ ഓഫീസിന് കേട്പാട് പറ്റുകയോ ചെയ്യാത്ത രീതിയില്‍ വളരെ സൂക്ഷമമായിട്ടായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്. വിരലടയാള വിദഗ്ധരുടെയും ശാസ്ത്രീയ കുറ്റനേ്വഷണ വിഭാഗത്തിന്റെയും സഹായത്തോടെയായിരുന്നു പൊലീസിന്റെ അനേ്വഷണം. പതിനഞ്ച് ദിവസം മാത്രം പൂജാരിയായി നിന്ന ക്ഷേത്രത്തില്‍ നിന്ന് ഏപ്രില്‍ 15ന് മൂന്ന് ദിവസത്തെ അവധിക്ക് വീട്ടില്‍ പോയ ഇയാള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് നാരായണ നമ്പീശനെ പ്രതി സ്ഥാനത്ത് സംശയിച്ചത്. പൊലീസിന്റെ സഹായത്തോടെ പൂജാരിയെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്താന്‍ ഭാരവാഹികള്‍ ശ്രമിച്ചെങ്കിലും അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിന്റെ സഹായത്തോടെ നടത്തിയ അനേ്വഷണത്തിലാണ് പോത്തുകല്ല് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മോഷണം നടത്തിയ ആഭരണങ്ങള്‍ കാഞ്ഞങ്ങാട് ടൗണിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തുകയും വിറ്റുകിട്ടിയ പണം മദ്യപിക്കാനും ഭാര്യക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനുമാണ് ഉപയോഗിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
2003 ല്‍ കണ്ണൂര്‍ പൂവ്വത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം നടത്തിയതിന് മട്ടന്നൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ ഒന്നര വര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷവിധിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 1983 ല്‍ വയനാട് മേപ്പാടി പൊലീസ് സ്റ്റേഷനിലും കാസര്‍കോട് കുമ്പള സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2010-13 കാലയളവില്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് വടവന്നൂര്‍ ശിവക്ഷേത്രത്തിലും പൂജാരിയായി നിന്ന പ്രതി സമാനമായ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐക്ക് പുറമെ സ്‌പെഷല്‍ സ്‌ക്വാഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം അസൈനാര്‍, സി പി ഒ ഡേവിഡ്‌സണ്‍, വനിതാ സി പി ഒ ഗീത എന്നിവരാണ് അനേ്വഷണ സംഘത്തിലുണ്ടായിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.