ഗ്വാട്ടിമാല മുന്‍ സൈനിക മേധാവിക്ക് 80 വര്‍ഷം തടവ്‌

Posted on: May 12, 2013 12:18 am | Last updated: May 12, 2013 at 12:18 am
SHARE

ഗ്വാട്ടിമാല സിറ്റി: 1980കളില്‍ ഗ്വാട്ടിമാലയിലെ വിമതര്‍ക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട കേസില്‍ 86കാരനായ മുന്‍ സൈനിക മേധാവിക്ക് 80 വര്‍ഷം തടവ്. 19832-83 കാലഘട്ടില്‍ ഇക്‌സില്‍ മായാ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ ക്രൂരമായ സൈനിക നടപടിയുമായി ബന്ധപ്പെട്ട കേസിലാണ് ഗ്വാട്ടിമാലയുടെ സൈനിക മേധാവിയായിരുന്ന എഫ്രിന്‍ റിയോസ് മൊന്റിന് 80 വര്‍ഷത്തെ തടവ് വിധിച്ചത്. മൂന്ന് ജഡ്ജിമാരടങ്ങുന്ന പ്രത്യേക ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കു മേല്‍ കൂട്ടക്കൊല, വംശഹത്യ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
രാജ്യത്തെ ഇടതുപക്ഷ അനുഭാവികളായ വിമതര്‍ക്ക് സഹായമെത്തിക്കുന്നുണ്ടെന്നാരോപിച്ചാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടന്നത്. ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ സൈനിക മേധാവി നിരവധി തവണ ഉത്തരവിട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. 80 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ എഫ്രിന് നല്‍കാനാകില്ലെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി. തനിക്കെതിരായ കുറ്റങ്ങളെല്ലാം നിഷേധിച്ച എഫ്രിന്‍ തന്റെ വയസ്സ് പരിഗണിച്ച് ശിക്ഷയില്‍ ഇളവ് തരണമെന്ന് കോടതയോട് അപേക്ഷിച്ചു. എന്നാല്‍ അപേക്ഷ പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. സൈനിക ആക്രമണത്തില്‍ ഇക്‌സില്‍ മായ വിഭാഗത്തില്‍ പെട്ട 1,771 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും എഫ്രിന്‍ കോടതിയെ അറിയിച്ചു. ഇയാള്‍ക്കൊപ്പം അന്നത്തെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ തലവനായിരുന്ന മൗറികിയോ റോഡ്രിഗ്യൂസിനെ സമാനമായ കേസില്‍ വിചാരണ നടത്തും.
ഗ്വാട്ടിമാലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു സൈനിക മേധാവിക്കെതിരെ വംശഹത്യാ കുറ്റം ചുമത്തുന്നത്. ഇവര്‍ക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിലും വംശഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന്റെ വിചാരണ പിന്നീട് നടക്കും. വംശഹത്യ നടത്തിയതിന് 50 വര്‍ഷവും മനുഷ്യാവകാശ ധ്വംസനം നടത്തിയതിന് 30 വര്‍ഷവുമാണ് റിയോസ് മെന്റിന് നല്‍കിയ ശിക്ഷ.
റിയോസ്‌മെന്റിനെതിരായ വിധി കേള്‍ക്കാന്‍ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയിലെത്തിയിരുന്നു. വിധി കേട്ടപ്പോള്‍ ഇവര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയതായും റിയോസ് മെന്റിനെതിരെ മുദ്രാവാക്യം വിളിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here