മെഡിക്കല്‍ കോളജ് മലപ്പുറത്താകുമ്പോള്‍

Posted on: May 10, 2013 6:00 am | Last updated: May 9, 2013 at 11:28 pm
SHARE

ദാനശീലനും ദയാലുവുമായ കര്‍ണന്‍ തന്റെ കവചകുണ്ഡലം ഇന്ദ്രന് നല്‍കിയ കഥയുണ്ട് മഹാഭാരതത്തില്‍. തന്റെ ശക്തി മുഴുവനും ചോര്‍ന്നു പോകുമെന്നറിഞ്ഞിട്ടും കര്‍ണന്‍ കവചകുണ്ഡലം കൗരവര്‍ക്ക് നല്‍കി. മലപ്പുറത്തുകാരുടെയും കാര്യമിതാണ്. ആരു ചോദിച്ചാലും എന്തും കൊടുക്കും. അങ്ങനെ ഓരോ മലപ്പുറത്തുകാരനും തങ്ങളാലാകുന്നത് നല്‍കിയാണ് മഞ്ചേരിയിലെ ജനറല്‍ ആശുപത്രി ഇന്നത്തെ നിലയില്‍ കെട്ടിപ്പൊക്കിയത്. അതില്‍ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഇന്ന മതക്കാരനെന്നോ ഇല്ല. ഓരോ മലപ്പുറത്തുകാരന്റെയും വിയര്‍പ്പുതുള്ളിയാണ് ഈ കെട്ടിടത്തിന്റെ ഓരോ കല്ലും. കര്‍ണനോട് ചോദിച്ചതു പോലെ മലപ്പുറത്തുകാരുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന ജനറല്‍ ആശുപത്രിയാണ് ചോദിച്ചത്. കവചകുണ്ഡലം നല്‍കിയാല്‍ ശക്തിയത്രയും ചോര്‍ന്നു പോകുമെന്ന് കര്‍ണനറിയാവുന്നത് പോലെ ജനറല്‍ ആശുപത്രി വിട്ടു നല്‍കിയാല്‍ മറ്റു സൗകര്യങ്ങളില്ലെന്നറിഞ്ഞിട്ടും അവര്‍ അതിന് തയ്യാറാകുകയാണ്. കര്‍ണനെ പോലെ മലപ്പുറത്തുകാരും ദയാലുക്കളാണ്. അവരേയും പറഞ്ഞു പറ്റിക്കാന്‍ എളുപ്പമാണ്. അങ്ങനെ മലപ്പുറത്തുകാരും പറ്റിക്കപ്പെട്ടിരിക്കുന്നു, മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍.
മഞ്ചേരിയിലെ ജനറല്‍ ആശുപത്രിക്കുള്ളില്‍ കഴിഞ്ഞ ദിവസം രാത്രി ചില യുവജന സംഘടനകള്‍ മുദ്രാവാക്യം വിളിച്ചു കടന്നു പോയി. അവരിനിയും വന്നേക്കാം മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യവുമായി. ഒരു പ്രദേശത്തോട് ഭരണകൂടം കാണിക്കുന്ന നീതികേടായിരുന്നു ഈ പ്രതിഷേധത്തിന്റെ കാരണം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കൊട്ടിഘോഷിച്ച് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപിച്ച മണിക്കൂറില്‍ തന്നെ തുടങ്ങി സാങ്കേതികവും ഭരണപരവും നയപരവും സാമ്പത്തികവുമൊക്കെയായ തടസ്സങ്ങള്‍. അതെന്നും അങ്ങനെയാണ്. ഇവിടെ എന്തു വരുമ്പോഴും പ്രഖ്യാപിക്കുമ്പോഴും അകമ്പടിയായി ഇതുപോലെ കുറേ ന്യായങ്ങള്‍.
1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല തന്നെ പിറന്നു വീണതും എതിര്‍പ്പുകളുടെ കൂമ്പാരങ്ങള്‍ക്കുള്ളിലേക്കായിരുന്നു. അന്ന് ജില്ലയുടെ പിറവിക്കെതിരെ ഇവിടെ കാല്‍നട ജാഥ പോലും നടന്നിട്ടുണ്ട്. ജില്ല മാത്രമല്ല പിന്നെ ജില്ലയില്‍ എന്തൊക്കെ പിറവി കൊണ്ടോ അതിനു പിന്നിലെല്ലാം വിവാദങ്ങളും മുറ പോലെ എത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, കരിപ്പൂര്‍ വിമാനത്താവളം, അവസാനം അലിഗഢ് മുസ്‌ലിം സര്‍വകലാശാല വരെ ഇത് കണ്ടതാണ്. അതു തന്നെയാണ് മഞ്ചേരിയിലും മെഡിക്കല്‍ കോളജിന്റെ രൂപത്തില്‍ കാണുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കകളാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചത്. സര്‍ക്കാറിന്റെ മെഡിക്കല്‍ കോളജ് പ്രഖ്യാപനത്തില്‍ നിന്ന് പ്രാവര്‍ത്തികമാകണമെങ്കില്‍ തടസ്സങ്ങള്‍ ഏറെ നില നില്‍ക്കുമ്പോഴാണ് പുതിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ വാര്‍ത്തകളായി പുറത്തുവരുന്നത്. അവയൊന്നും സാധാരണക്കാരനെ സംബന്ധിച്ച് സ്വീകാര്യമായവയുമല്ല. ജില്ലാ രൂപവത്കരണം മുതലിങ്ങോട്ട് മലപ്പുറത്തുകാര്‍ കണ്ടത് തന്നെയാണ് മെഡിക്കല്‍ കൊളജ് വിഷയത്തിലും കാണുന്നത്. ഭരിക്കുന്നവര്‍ക്ക് ജില്ലയോട് ഒരു ചിറ്റമ്മ നയം. മറ്റു സ്ഥലങ്ങളിലും മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെയൊന്നുമില്ലാത്ത ആവശ്യങ്ങളും നിബന്ധനകളുമാണ് മലപ്പുറത്തിന്റെ കാര്യത്തിലുള്ളത്. 2011 ല്‍ അധികാരമേറ്റ യു ഡി എഫ് സര്‍ക്കാര്‍ കന്നി ബജറ്റില്‍ തന്നെയാണ് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. അന്ന് മലപ്പുറത്തിന് ആഘോഷരാവായിരുന്നു. പാര്‍ട്ടികളൊക്കെ സര്‍ക്കാറിനെ പുകഴ്ത്തി. ടൗണുകളിലൊക്കെ പ്രകടനം നടന്നു. എന്നാല്‍ ഈ ആഘോഷങ്ങളെയൊക്കെ തടസ്സങ്ങളുടെ നൂലാമാലയില്‍ കെട്ടിയിട്ടു ബന്ധപ്പെട്ടവര്‍. ഇന്ന് ആര്‍ക്കും ഒരു മെഡിക്കല്‍ കോളജ് വരുന്നതിന്റെ സന്തോഷമില്ല മുഖത്ത്. മലപ്പുറത്തിനൊപ്പം കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുമാണ് മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. മലപ്പുറത്തിനായി മഞ്ചേരിയിലാണ് മെഡിക്കല്‍ കൊളജ് തീരുമാനിച്ചത്. പിന്നീട് പാലക്കാട് ജില്ലയില്‍ പട്ടികജാതി വകുപ്പിന്റെ കീഴില്‍ മറ്റൊരു കൊളജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കാസര്‍കോട് ജില്ലയിലെ ബദിയടുക്കയിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലും പാലക്കാടും ഇടുക്കിയിലും മെഡിക്കല്‍ കോളജിനായി ഇതിനകം 30 ഏക്കറോളം സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷനില്‍ നിന്നു മെഡിക്കല്‍ കൊളജിനാവശ്യമായ സ്ഥലം അനുവദിപ്പിച്ചെടുക്കാനും സര്‍ക്കാറിനു കഴിഞ്ഞു. മലപ്പുറത്തിനൊപ്പം പ്രഖ്യാപിച്ച മെഡിക്കല്‍ കോളജുകള്‍ക്കെല്ലാം 30 ഏക്കറോളം സ്ഥലം കണ്ടെത്തി പ്രത്യേക ക്യാമ്പസ് സ്ഥാപിച്ചാണ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. പ്രഖ്യാപിച്ച മറ്റിടങ്ങളിലെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ജില്ലയില്‍ ഇതുണ്ടായില്ല. ജില്ലയോട് കാണിക്കുന്ന ഈ വിവേചനം തന്നെയാണ് ആരോഗ്യ പ്രവര്‍ത്തകരേയും ഇവിടുത്തെ പൊതുജനങ്ങളേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നത്.
ആതുരശുശ്രൂഷാ രംഗത്തുള്ള സൗകര്യങ്ങളുടെ കാര്യത്തിലും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന പ്രഖ്യാപനം ജില്ലയിലെ സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ ആഹ്ലാദത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളിലും സര്‍ക്കാറിന്റെ തീരുമാനങ്ങളിലും കാണുന്നത് ദുരൂഹമായ ഇടപെടലുകളാണ്.
മഞ്ചേരിയില്‍ അനുവദിച്ച മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകണമെങ്കില്‍ ജില്ലയുടെ സ്വപ്‌ന സമുച്ചയങ്ങള്‍ ത്യജിക്കണമെന്നതാണ് അവസ്ഥ. മഞ്ചേരിയില്‍ 300 കിടക്കകളോടു കൂടി ഉദ്ഘാടനത്തിനായി സജ്ജമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ആയിരം പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയും സറന്‍ഡര്‍ ചെയ്യണമെന്ന ദുരൂഹമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാലയങ്ങളില്‍ നിന്നും സ്വരൂപിച്ച നാണയത്തുട്ടുകളും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ബക്കറ്റു പിരിവും ഉദാരമതികള്‍ നല്‍കിയ സംഭാവനകളുമാണ് ഈ കെട്ടിടങ്ങള്‍ക്ക് പിന്നിലുള്ളത്. മലപ്പുറത്തിന്റെ ജനകീയ മാതൃകയുടെ ജീവിക്കുന്ന തെളിവുകള്‍ കൂടിയാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും മഞ്ചേരി ജനറല്‍ ആശുപത്രിയും. സംസ്ഥാനത്തിനും രാജ്യത്തിനും തന്നെ മാതൃകയായി മലപ്പുറം മോഡല്‍ കാഴ്ച വെച്ച ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച ആശുപത്രി സമുച്ചയം മെഡിക്കല്‍ കോളജിനായി വിട്ടുനല്‍കണമെന്നത് ഒരു തരത്തിലും അംഗീകരിക്കാനികില്ലെന്ന നിലപാടിലായിരുന്നു മലപ്പുറത്തുകാര്‍. പക്ഷേ ഈ പ്രതിഷേധങ്ങളൊന്നും ആരും ചെവിക്കൊണ്ടില്ല, മലപ്പുറത്തോട് എന്നും അവര്‍ ചെയ്യാറുള്ളത് വീണ്ടും ചെയ്തു.
കേരളത്തിലെ നിലവിലെ ആശുപത്രികളുടെയും ആരോഗ്യരംഗത്തെ സേവനങ്ങളുടെയും ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് മലപ്പുറത്തിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന കൂടുതല്‍ ബോധ്യപ്പെടുക. ജനസംഖ്യയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും മലപ്പുറത്ത് മറ്റു ജില്ലകളെ അപേക്ഷിച്ച് ആശുപത്രികളും കിടത്തി ചികില്‍സ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളും ഏറെ കുറവാണ്. 41.10 ലക്ഷം ജനങ്ങള്‍ക്കായി ഏഴ് ആശുപത്രികളും 1,302 കിടക്കകളുമാണ് സര്‍ക്കാര്‍ മേഖലയിലായി മലപ്പുറത്തുള്ളത്.
മലപ്പുറത്തോട് നീതിനിഷേധത്തിന്റെ ഉത്തരവുകള്‍ പേപ്പറിലാക്കുന്ന ഭരണീയരുടെ വാസസ്ഥലമായ തിരുവനന്തപുരത്ത് 33.07 ലക്ഷം ജനങ്ങള്‍ക്കായി 18 ആശുപത്രികളും 3752 കിടക്കകളും നിലവിലുണ്ട്. 11.95 ലക്ഷം മാത്രം ജനസംഖ്യയുള്ള പത്തനംതിട്ടയില്‍ പോലും എട്ട് ആശുപത്രികളും 1185 കിടക്കകളും നിലവിലുണ്ട്. ജില്ല, ജനസംഖ്യ, ആശുപത്രികള്‍, സര്‍ക്കാര്‍ ആശുപത്രിയിലെ കിടക്കകള്‍ എന്നീ ക്രമത്തില്‍ മറ്റു ജില്ലകളുടെ കണക്കുകളാണിത്. കൊല്ലം- 26.29 ലക്ഷം- 9- 1434, ആലപ്പുഴ- 21.21 ലക്ഷം-10- 2457, കോട്ടയം- 19.79 ലക്ഷം-12- 1506, ഇടുക്കി- 11.07 ലക്ഷം- 3- 488, എറണാംകുളം- 32.79 ലക്ഷം- 22- 3010, തൃശൂര്‍- 31.10 ലക്ഷം- 16- 2558, പാലക്കാട്- 28.10 ലക്ഷം- 8-1147, കോഴിക്കോട്- 30.89 ലക്ഷം- 8- 2115, വയനാട്- 08.16 ലക്ഷം- 3- 374, കണ്ണൂര്‍- 25.25 ലക്ഷം- 9- 1693, കാസര്‍കോട്- 13.02 ലക്ഷം- 3- 644
ഈ കണക്കുകള്‍ സൂക്ഷ്മമായി നോക്കുന്നവര്‍ക്കും കൂട്ടി നോക്കുന്നവര്‍ക്കും പലതും കാണാനും മനസ്സിലാക്കാനുമാകും. പൊതുജനാരോഗ്യ മേഖലയില്‍ ഇത്രയും കടുത്ത വിവേചനം തുടരുമ്പോഴാണ് മെഡിക്കല്‍ കോളജിന്റെ രൂപത്തിലും അതിന്റെ ആവര്‍ത്തനമുണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here