Connect with us

Malappuram

മദ്യപിച്ച് രോഗികളെ പരിശോധിച്ച ഡോക്ടര്‍ അറസ്റ്റില്‍

Published

|

Last Updated

എടക്കര: ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ മദ്യപിച്ച് രോഗികളെ പരിശോധിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ ആശുപത്രിയില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് എടക്കര പോലീസെത്തി ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററി (സിഎച്ച്‌സി)ലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ഷാനവാസിനെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 10ന് സിഎച്ച് സിയിലെ ഒപിയില്‍ മൂന്ന് രോഗികളെയാണ് ഡോ. ഷാനവാസ് പരിശോധിച്ചത്. രോഗി പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവാതെയാണ് ഡോക്ടര്‍ മരുന്ന് എഴുതിയതെന്ന് പരാതി ഉയര്‍ന്നു. രോഗിയുടെ മുമ്പില്‍ വെച്ച് ഉറക്കം തൂങ്ങി മരുന്ന് കുറിപ്പില്‍ കുത്തിവരയുന്നത് കണ്ടതോടെ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
ഒരു രോഗിക്ക് എഴുതിയ മരുന്ന് കുറിപ്പ് അപാകത കണ്ടെത്തിയതോടെ ഫാര്‍മസിസ്റ്റ് മടക്കി അയക്കുകയും ചെയ്തു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജാബിദ് ആണ് ഈ രോഗിയെ പരിശോധിച്ച് മരുന്ന് നല്‍കിയത്. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ആശുപത്രിയിലേക്ക് ഇരച്ചുകയറി ബഹളം തുടങ്ങി. മദ്യപിച്ച ഡോക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒ പി യില്‍ നിന്ന് ഡോ. ഷാനവാസിനെ മാറ്റി ഡോ. ജാബിദ് ആണ് മറ്റു രോഗികളെ പരിശോധിച്ചത്. നാട്ടുകാര്‍ ബഹളം തുടര്‍ന്നതോടെ എടക്കര പോലീസ് സ്ഥലത്തെത്തി ഡോക്ടറെ കസ്റ്റഡിയിലെടുത്തു.
നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോയി മെഡിക്കല്‍ ഓഫീസറെ കാണിച്ച് പരിശോധന നടത്തി. എന്നാല്‍ രക്തം പരിശോധിക്കാന്‍ ആരോപണ വിധേയനായ ഡോക്ടര്‍ അനുവദിച്ചില്ല. മദ്യപിച്ചെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതോടെ എടക്കര പോലീസ് ഷാനവാസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.