ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

Posted on: May 5, 2013 6:45 am | Last updated: May 5, 2013 at 6:45 am
SHARE

മാനന്തവാടി: ഉപേക്ഷിക്കപ്പെട്ട ഭാര്യമാരുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ആധുനിക സമൂഹത്തെ വലിയ തോതില്‍ ആക്രമിച്ചുകൊണ്ടിരിക്കുന്ന അനാചാരമാണ് സ്ത്രീധനം. നിര്‍ധനരായ കുടുംബങ്ങളിലെ, പ്രത്യേകിച്ച് മുസ്‌ലിം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ഇതിന്റെ ഇരകളാണ്.
പൊതുസൂഹം നിര്‍വ്വചിച്ചിരിക്കുന്ന സൗന്ദര്യമോ സാമ്പത്തികശേഷിയോ ഇല്ലാത്ത പെണ്‍കുട്ടികളാണ് മൈസൂര്‍ കല്യാണം പോലുള്ള വിവാഹങ്ങള്‍ക്ക് ഇരയാവുന്നത്. ഇങ്ങനെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാവുകയാണ്.
ഒന്നോ രണ്ടോമാസത്തെയോ രണ്ടുമക്കളുണ്ടാകുന്നതുവരെയോ ആണ് ഇത്തരം വിവാഹബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. തോട്ടം മേഖലകളായ പൊഴുതന, മേപ്പാടി, മൂപ്പൈനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് സംഭവങ്ങളുണ്ട്. ഇവരുടെയും ഇവരുടെ മക്കളുടെയും ജീവിതം ദുരിതപൂര്‍ണമാണ്. അതുകൊണ്ടുതന്നെ ഇവരുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലയെ കടുവാ സങ്കേതമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. രാജ്യ ശരാശരിയേക്കാളും സംസ്ഥാന ശരാശരിയേക്കാളും കൂടുതലാണ് വയനാട്ടിലെ വനത്തിന്റെ വിസ്തൃതി. ആകെ ഭൂവിസ്തൃതിയുടെ 20ശതമാനം സ്ഥലത്താണ് എട്ടുലക്ഷത്തോളം മനുഷ്യര്‍ ജീവിക്കുന്നത്. വനാതിര്‍ത്തിയില്‍ നിന്നും 10കിലോമീറ്റര്‍ ദൂരം ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കുവുനാണ് നിര്‍ദ്ദേശം ഇത് നടപ്പിലായാല്‍ ജില്ലയിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
ജില്ലയെ ബാധിക്കുന്ന ഗുരതരമായ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എംപിക്കും എംഎല്‍എമാര്‍ക്കും ചുമതലയുണ്ട്. എന്നാല്‍ അവര്‍ ഈപ്രശ്‌നങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണെന്ന് സമ്മേളനം ആരോപിച്ചു.
സമ്മേളനത്തെ കേരന്ദകമ്മറ്റിയംഗം അഡ്വ പി സതീദേവി, അഡ്വ പി സുമതി, കെഎസ്‌കെടിയു സംസ്ഥാനകമ്മറ്റിയംഗം സി കെ ശശീന്ദ്രന്‍,ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി പി ടി ബിജു എന്നിവര്‍ അഭിവാദ്യം ചെയ്തു.
സമ്മേളനത്തിനു സമാപനം കുറുച്ച് നുറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രകടനം നടന്നു. പ്രകടനത്തിനുശേഷം ഗാന്ധിപാര്‍ക്കില്‍ തയ്യാറാക്കിയ ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം കേന്ദ്രകമ്മറ്റിയംഗം അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. പി ആര്‍ നിര്‍മ്മല അധ്യക്ഷയായി. പി സാജിത സംസാരിച്ചു. വി കെ സുലോചന സ്വാഗതം പറഞ്ഞു.